മുത്തലാക്ക് ഭരണഘടനാ വിരുദ്ധമെന്ന് അലഹാബാദ് ഹൈക്കോടതി;വ്യക്തിനിയമ ബോര്‍ഡുകള്‍ ഭരണഘടനയ്ക്ക് മുകളിലല്ല
മുത്തലാക്ക് സ്ത്രീകളോടുള്ള അവകാശ ലംഘനമാണെന്നും വ്യക്തിനിയമ ബോര്‍ഡുകള്‍ ഭരണഘടനയ്ക്ക് മുകളിലല്ല എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ദില്ലി: മുത്തലാക്കിനെതിരെ സുപ്രീംകോടതിയില്‍ വാദം നടന്നു കൊണ്ടിരിക്കേ മുത്തലാക്ക് ഭരണഘടനാ വിരുദ്ധമാണെന്ന് അലഹബാദ് ഹൈക്കോടതി. ഇത് ഭരണഘടനാനുസൃതമായ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവിലുണ്ട്.
മുത്തലാക്ക് സ്ത്രീകളോടുള്ള അവകാശ ലംഘനമാണെന്നും വ്യക്തിനിയമ ബോര്‍ഡുകള്‍ ഭരണഘടനയ്ക്ക് മുകളിലല്ല എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഭരണഘടനയ്ക്ക് അനുസരിച്ച് മാത്രമേ വ്യക്തിനിയമ ബോര്‍ഡുകള്‍ പ്രവര്‍ത്തിക്കാവൂ എന്നും ഹൈക്കോടതി പറഞ്ഞു. മുത്തലാക്കിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് അലഹാബാദ് ഹൈക്കോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

മൂന്നു തവണ തലാക്ക് ചൊല്ലിയാല്‍ ഭാര്യയെ മൊഴി ചൊല്ലാം
മൂന്നു തവണ തലാക്ക് ചൊല്ലിയാല്‍ ഭാര്യയെ മൊഴി ചൊല്ലാമെന്നാണ് ഇസ്ലാമില്‍ മുത്തലാക്ക് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇസ്ലാം മതത്തിലെ പ്രധാനപ്പെട്ട ഒന്നല്ല മുത്തലാക്ക് എന്നാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ മുസ്ലീം വ്യക്തിനിയമ ബോര്‍ഡിന്റെ നിലപാടുകള്‍ മുത്തലാക്കിനെ അനുകൂലിക്കുന്നവയായിരുന്നു.

ഉത്തരവിട്ടത് ജസ്റ്റിസ് സുനീത് കുമാര്‍
ഭര്‍ത്താവ് മൊഴി ചൊല്ലിയതിനെ തുടര്‍ന്ന് മുസ്ലീം സ്ത്രീ സമര്‍പ്പിച്ച ഹര്‍ജിയിലാണ് അലഹാബാദ് ഹൈക്കോടതി മുത്തലാക്കിനെതിരെ ഉത്തരവ് പുറപ്പെടുവിച്ചത്. ജസ്റ്റിസ് സുനീത് കുമാറാണ് ഹര്‍ജി പരിഗണിച്ചതും മുത്തലാക്ക് ഭരണഘടനാ വിരുദ്ധമെന്ന ഉത്തരവിട്ടതും.

അപ്പീല്‍ സമര്‍പ്പിക്കും
അലഹാബാദ് ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ പോകുമെന്ന് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് അംഗം മൗലാന ഖാലിദ് റഷീദ് മഹാലി പറഞ്ഞു. ഉത്തരവിനെ കുറിച്ച് മുസ്ലീം വ്യക്തിനിയമ ബോര്‍ഡിന്റെ ലീഗല്‍ കമ്മിറ്റി പഠിക്കുമെന്നും അദ്ദേഹം അറിയിച്ചു.

മുത്തലാക്ക് നിര്‍ത്തലാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍
മുത്തലാക്കിനെതിരെ വിവിധ മുസ്ലീം വനിതാ സംഘടനകളടക്കം സമര്‍പ്പിച്ച ഒന്നിലധികം ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. മുത്തലാക്ക് നിര്‍ത്തലാക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചിരുന്നത്. എന്നാല്‍ മുത്തലാക്കിനെ അനുകൂലിക്കുന്ന നിലപാടാണ് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് സുപ്രീംകോടതിയില്‍ സ്വീകരിച്ചിരുന്നത്.












Click it and Unblock the Notifications