ത്രിപുരയില്‍ സിപിഎമ്മിന് സിറ്റിങ് സീറ്റ് നഷ്ടമായി: കെട്ടിവെച്ച കാശുമില്ല, രണ്ടിടത്തും ബിജെപി വിജയം
അഗർത്തല: ത്രിപുരയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന് രണ്ട് മണ്ഡലങ്ങളിലും വിജയം പിടിച്ച് ബി ജെ പി. ധന്പൂർ, ബോക്സാനഗർ എന്നീ രണ്ട് മണ്ഡലങ്ങളിലായിരുന്നു ഉപതിരഞ്ഞെടുപ്പ്. രണ്ട് മണ്ഡലങ്ങളിലും മികച്ച ഭൂരിപക്ഷത്തില്‍ തന്നെ ബി ജെപി സ്ഥാനാർത്ഥികള്‍ വിജയിച്ചു. ധൻപൂർ ബിജെപിയുടേയും ബോക്സാ നഗർ സിപിഎമ്മിന്റെയും സിറ്റിങ് സീറ്റുകളായിരുന്നു. മുന്‍ മുഖ്യമന്ത്രി മണിക് സാഹയുടെ നേതൃത്വത്തില്‍ രണ്ട് മണ്ഡലങ്ങളിലും സി പി എം കനത്ത പ്രചരണം കാഴ്ചവെച്ചെങ്കിലും വോട്ടില്‍ അത് പ്രതിഫലിച്ചില്ലെന്നാണ് ഫലം വ്യക്തമാക്കുന്നത്.
സിറ്റിംഗ് സിപിഎം എംഎൽഎ ഷംസുല്‍ ഹഖിന്റെ നിര്യാണത്തെ തുടർന്നാണ് ബോക്സാനഗറിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ന്യൂനപക്ഷ സ്വാധീന മേഖലയായ ബോക്സാനഗറില്‍ ബി ജെ പി സ്ഥാനാർത്ഥിയായ തഫജ്ജൽ ഹുസൈൻ 30237 ഭൂരിപക്ഷത്തിലാണ് മണ്ഡലം സി പി എമ്മില്‍ നിന്നും പിടിച്ചെടുത്തത്. ബി ജെ പിക്ക് 34146 വോട്ടുകള്‍ നേടാന്‍ സാധിച്ചപ്പോള്‍ സി പി എം സ്ഥാനാർത്ഥി മിസന്‍ ഹുസൈന് 3909 വോട്ടുകള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്.

സിറ്റിങ് സീറ്റായ ധന്‍പൂരില്‍ 18871 വോട്ടിനാണ് ബി ജെ പി വിജയം. രണ്ടാമത് എത്തിയ സി പി എമ്മിന് ലഭിച്ചത് 11146 വോട്ട് മാത്രം. കേന്ദ്ര മന്ത്രി പ്രതിമ ഭൗമിക്ക് നിയമസഭാ അംഗത്വം രാജിവെച്ചതിനെ തുടര്‍ന്നാണ് ത്രിപുരയിലെ ധൻപ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. പ്രതിമ ഭൗമിക്കിനെതിരെ മത്സരിച്ച കൗശിക് ചന്ദയാണ് ഉപതെരഞ്ഞെടുപ്പിലും സി പി എം സ്ഥാനാർത്ഥി.
രണ്ട് സീറ്റിലും ബി ജെ പി പരാജയം നേരിട്ടിരുന്നെങ്കിലും നിയമസഭയില്‍ പാർട്ടിക്ക് കേവല ഭൂരിപക്ഷം നഷ്ടമാകുന്ന സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ ഒരു സീറ്റ് അധികം പിടിച്ച് ബി ജെ പി നില മെച്ചപ്പെടുത്തി. ഉപതെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട് നടന്നു എന്ന് ആരോപിച്ച് സിപിഎം വോട്ടെണ്ണൽ ബഹിഷ്കരിച്ചിരുന്നു.ധൻപുർ, ബോക്‌സാനഗർ നിയമസഭാ മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ബിജെപി സർക്കാരിന്റെ മേൽനോട്ടത്തിൽ വ്യാപകമായ കൃത്രിമത്വമാണ് നടന്നതെന്നായിരുന്നു സി പി എം ആരോപണം.
അസാധാരണമായ ഭീകരാന്തരീക്ഷമാണ് അവിടെ സൃഷ്ടിക്കപ്പെട്ടത്. സിപിഐ എം പോളിംഗ് ഏജന്റുമാരെ ആക്രമിക്കുകയും അവരുടെ ചുമതലകൾ നിർവഹിക്കുന്നതിൽ നിന്ന് തടയുകയും ചെയ്തു. ബോക്സാനഗറിൽ 16ഉം ധൻപൂരിൽ 19ഉം പോളിങ് ഏജന്റുമാർക്ക് മാത്രമാണ് പോളിങ് ബൂത്തുകളിൽ പ്രവേശിക്കാൻ സാധിച്ചത്. എന്നാൽ ഇവരെയും ഭീതി പരത്തിയും ബലം പ്രയോഗിച്ചും പുറത്താക്കിയെന്നും സി പി എം പിബി വ്യക്തമാക്കി.
ധൻപുരിലെയും ബോക്‌സാനഗറിലെയും ഉപതെരഞ്ഞെടുപ്പ് തികഞ്ഞ പ്രഹസനമാക്കപെട്ടിരിക്കുകയാണ്. വോട്ടെടുപ്പ് റദ്ദാക്കി, ശക്തമായ സുരക്ഷ സന്നാഹത്തിൽ റീ പോളിങ് നടത്താൻ തെരഞ്ഞെടുപ്പ് കമീഷൻ തയ്യാറാകണം. സ്വതന്ത്രവും നിഷ്‌പക്ഷവുമായ വോട്ടെടുപ്പ് അട്ടിമറിച്ച് നഗ്‌നമായ നിയമലംഘനത്തിന് കൂട്ടുനിന്ന എല്ലാ ഉദ്യോഗസ്ഥരെയും റീ പോളിങ് ചുമതലകളിൽ നിന്ന് ഒഴിവാക്കണം. ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന് ഉത്തരവാദികളായ എല്ലാവരെയും ഉടൻ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും സി പി എം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications