പ്രകാശ് രാജ് രാജ്യസഭയിലേക്ക്? രണ്ടും കല്‍പ്പിച്ച് കെസിആര്‍... ഡല്‍ഹിയില്‍ കെജ്രിവാളുമായി ചര്‍ച്ച
ന്യൂഡല്‍ഹി: ബിജെപി വിരുദ്ധ സഖ്യം രൂപീകരിക്കാനുള്ള ശ്രമത്തിലാണ് തെലങ്കാന മുഖ്യമന്ത്രിയും തെലങ്കാന രാഷ്ട്രസമിതി അധ്യക്ഷനുമായ കെ ചന്ദ്രശേഖര റാവു (കെസിആര്‍). ശിവസേന, എന്‍സിപി നേതാക്കളുമായി ചര്‍ച്ച നടത്തിയ അദ്ദേഹം ജെഡിഎസ്, ടിഎംസി നേതാക്കളുമായി വൈകാതെ ചര്‍ച്ച നടത്താനിരിക്കുകയാണ്. അതിനിടെയാണ് അപ്രതീക്ഷിതമായി ഡല്‍ഹിയിലെത്തിയിരിക്കുന്നത്.
Recommended Video
എഎപി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ ഉള്‍പ്പെടെയുള്ള ബിജെപി ഇതര നേതാക്കളെ കാണുകയാണ് ലക്ഷ്യം. അതേസമയം, നടന്‍ പ്രകാശ് രാജിനെ രാജ്യസഭയിലേക്ക് നാമ നിര്‍ദേശം ചെയ്യാന്‍ ടിആര്‍എസിന് പദ്ധതിയുണ്ട് എന്നാണ് വിവരം. കഴിഞ്ഞ ദിവസം രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി കെസിആര്‍ ചര്‍ച്ച നടത്തിയിരുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

അടുത്ത വര്‍ഷം ഡിസംബറിലാണ് തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. കെസിആര്‍ മൂന്നാം തവണയും ജയിച്ച് അധികാരത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി. എന്നാല്‍ തെലങ്കാനയില്‍ ബിജെപി അതിവേഗം വളരുന്നത് ടിആര്‍എസിന് ആശങ്കയുണ്ടാക്കുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് കെസിആര്‍ ബിജെപി വിരുദ്ധ സഖ്യത്തിന് കോപ്പുകൂട്ടുന്നത്.

2024ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തണമെന്നാണ് കെസിആര്‍ പറയുന്നത്. രാജ്യം തകര്‍ച്ചയുടെ വക്കിലാണെന്നും നിലവിലെ സാഹചര്യത്തില്‍ വിദ്വേഷം വളരുകയാണെന്നും വിദേശ നിക്ഷേപകര്‍ രാജ്യത്തേക്ക് ആകര്‍ഷിക്കില്ലെന്നും കെസിആര്‍ പറയുന്നു. ഐക്യം നിലനില്‍ക്കുന്ന രാജ്യത്തിന് മാത്രമേ വികസനം സാധ്യമാകൂ എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, ജെഡിഎസ് നേതാവ് എച്ച്ഡി ദേവഗൗഡ എന്നിവരുമായി കെസിആര്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. ദേവഗൗഡയുമായി ഫോണിലായിരുന്നു ചര്‍ച്ച. ഇനി നേരിട്ടുള്ള ചര്‍ച്ചയ്ക്ക് ബെംഗളൂരുവില്‍ എത്തുമെന്നും കെസിആര്‍ അറിയിച്ചിട്ടുണ്ട്. അതിനിടെയാണ് ഡല്‍ഹി യാത്ര.

കെജ്രിവാള്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ കാണുന്നതിനാണ് കെസിആര്‍ ഡല്‍ഹിയില്‍ പോയിരിക്കുന്നത്. തിങ്കളാഴ്ച രാത്രി പ്രത്യേക വിമാനത്തിലാണ് കെസിആര്‍ ഡല്‍ഹിയിലെത്തിയത്. കൂടെ തെലങ്കാനയിലെ മന്ത്രിമാരും ടിആര്‍എസിലെ പ്രമുഖ നേതാക്കളുമുണ്ട്. ബിജെപിയല്ലാത്ത മറ്റു പല പാര്‍ട്ടികളുടെയും നേതാക്കളുമായി സംഘം കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.

കെസിആറിന്റെ സമാനമായ നീക്കം ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും നടത്തുന്നുണ്ട്. ഉദ്ധവ് താക്കറെ, സ്റ്റാലിന്‍, പവാര്‍ എന്നിവരുമായി മമത ചര്‍ച്ച നടത്തിയിരുന്നു. കെസിആര്‍ വൈകാതെ കൊല്‍ക്കത്തയിലെത്തി മമതയെ കാണുമെന്നാണ് വിവരം. ഇരുവരും ഐക്യത്തോടെ നീങ്ങിയാല്‍ ബിജെപിക്ക് തിരിച്ചടിയാകും. അതേസമയം, മറ്റു മൂന്ന് നേതാക്കളെ കൂടി ഈ പാളയത്തിലെത്തിക്കാന്‍ നീക്കം നടക്കുന്നുണ്ട്.
മൂന്ന് മാസത്തിന് ശേഷം നടി അഞ്ജലി നായര്‍ വിവാഹ വാര്‍ത്ത പരസ്യമാക്കി; അറിയാം വിശേഷങ്ങള്‍

ബിജെപിക്കൊപ്പം നില്‍ക്കുന്ന ജെഡിയു നേതാവ് നിതീഷ് കുമാര്‍, പല ഘട്ടങ്ങളിലും ബിജെപിക്ക് സഹായം ചെയ്തിട്ടുള്ള ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് എന്നിവരെ കൂടെ പ്രതിപക്ഷ മുന്നണിയില്‍ എത്തിക്കാനായാല്‍ കെസിആര്‍ ലക്ഷ്യത്തിലേക്ക് അടുക്കും. മാത്രമല്ല, കോണ്‍ഗ്രസ് ഈ സഖ്യത്തില്‍ ചേരുമോ എന്നതും പ്രധാന ചോദ്യമാണ്.

അതേസമയം, നടന്‍ പ്രകാശ് രാജിനെ കൂടെ നിര്‍ത്താന്‍ കെസിആര്‍ ശ്രമിക്കുന്നുണ്ട്. കെസിആറിന്റെ അടുത്തിടെ നടന്ന നിര്‍ണായക ചര്‍ച്ചകളില്‍ പ്രകാശ് രാജിന്റെ സാന്നിധ്യം ചര്‍ച്ചയായിരുന്നു. നരേന്ദ്ര മോദിയെ നിശിതമായി വിമര്‍ശിക്കുന്ന വ്യക്തിയാണ് പ്രകാശ് രാജ്. അദ്ദേഹത്തെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യാനും ദേശീയ മുഖമാക്കാനും കെസിആറിന് പദ്ധതിയുണ്ടെന്നാണ് വിവരം. ഇതുസംബന്ധിച്ച് ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.












Click it and Unblock the Notifications