സെബി തലപ്പത്ത് പുതിയ നിയമനം: ഇനിമുതല്‍ ധനകാര്യ സെക്രട്ടറി തുഹിൻ കാന്ത പാണ്ഡെ ചെയർപേഴ്സണ്‍
ഡല്‍ഹി: ധനകാര്യ സെക്രട്ടറി തുഹിൻ കാന്ത പാണ്ഡെയെ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) അടുത്ത ചെയർപേഴ്‌സണായി നിയമിച്ച് കേന്ദ്ര സർക്കാർ. മൂന്ന് വർഷത്തെ കാലാവധിയിലേക്കാണ് നിയമനം. ഫെബ്രുവരി 28 ന് സെബി ചെയർപേഴ്‌സൺ കാലാവാധി അവസാനിക്കുന്ന മാധബി പുരി ബുച്ചിന്റെ പിൻഗാമിയായിട്ടാണ് പാണ്ഡെ സെബിയിലേക്ക് എത്തുന്നത്.
ടിവി സോമനാഥിന് കാബിനറ്റ് സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിച്ചതിനുശേഷം 2024 സെപ്റ്റംബറിലാണ് തുഹിൻ കാന്ത പാണ്ഡെ ഇന്ത്യയുടെ ധനകാര്യ സെക്രട്ടറിയായി ചുമതലയേറ്റത്. തന്റെ കരിയറിലുടനീളം നിരവധി പ്രധാന ചുമതലകള്‍ വഹിച്ചിട്ടുള്ള വ്യക്തി കൂടിയാണ് തുഹിൻ കാന്ത പാണ്ഡെ. പബ്ലിക് എന്റർപ്രൈസസ് വകുപ്പ് (DPE), ഇൻവെസ്റ്റ്മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് വകുപ്പ് (DIPAM) എന്നിവയാണ് അദ്ദേഹം ചുമതല വഹിച്ച പ്രധാന പദവികള്‍.

എയർ ഇന്ത്യയുടെ നാഴികക്കല്ലായ വിൽപ്പനയ്ക്കും എൽ ഐ സിയുടെ പബ്ലിക് ലിസ്റ്റിംഗിനും മേൽനോട്ടം വഹിച്ചതിലൂടെയും അദ്ദേഹം ശ്രദ്ധേയനായിരുന്നു. അതേസമയം, 2017 ഏപ്രിൽ മുതൽ 2022 മാർച്ച് വരെ സെബിയിൽ മുഴുവൻ സമയ അംഗമായി (WTM) സേവനമനുഷ്ഠിച്ച ശേഷം, 2022 മാർച്ച് 2 നാണ് മാധബി പുരി ബുച്ച് സെബി ചെയർപേഴ്‌സണായി ചുമതലയേല്‍ക്കുന്നത്.
അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ഓഫ്‌ഷോർ ഫണ്ടുകളിൽ നടത്തിയ നിക്ഷേപങ്ങളെക്കുറിച്ച് ഷോർട്ട് സെല്ലറായ ഹിൻഡൻബർഗ് റിസർച്ചിൽ നിന്നുള്ള ആരോപണമായിരുന്നു മാധബി പുരി ബുച്ച് തന്റെ പ്രവർത്തന കാലയളവില്‍ നേരിടേണ്ടി വന്ന പ്രധാന വെല്ലുവിളി. ഇതുമായി ബന്ധപ്പെട്ട പരാതിയില്‍ മാധബി പുരി ബുച്ചിനോട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ലോക്പാല്‍ നോട്ടീസ് അയച്ചിരുന്നു. അദാനി ഗ്രൂപ്പിലേക്കു വിദേശത്തുനിന്നു പണം എത്തിക്കുന്ന മൗറീഷ്യസിലെയും ബർമുഡയിലെയും നിഴല്‍ കമ്പനികളില്‍ മാധബിക്കും ഭർത്താവിനും നിക്ഷേപമുണ്ടെന്നായിരുന്നു യുഎസ് ഷോർട്ട്സെല്ലർമാരായ ഹിൻഡൻബർഗിന്റെ റിപ്പോർട്ട്.
ഹിന്‍ഡന്‍ബർഗ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ മഹുവ മെയ്ത്ര ഉള്‍പ്പെടേയുള്ളവർ പരാതി നല്‍കിയിരുന്നു. ലോക്പാല്‍ ചെയർപേഴ്സണ്‍ ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കറും അഞ്ച് അംഗങ്ങളും അടങ്ങിയ ബെഞ്ച് പരാതികള്‍ പരിശോധിക്കുകയും മാധബി ബുച്ചിന് നോട്ടീസ് നല്‍കുകയും ചെയ്തു. നാലാഴ്ച്ചക്കുള്ളില്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ലോക്പാല്‍ മാധബി ബുച്ചിന് നോട്ടീസ് നല്‍കിയത്. സമയപരിധിക്കുള്ളില്‍ തന്നെ സെബി മേധാവി മറുപടി നല്‍കിയെങ്കിലും നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെടുകയായിരുന്നു.












Click it and Unblock the Notifications