രണ്ടു കോടി ജനങ്ങള്‍ക്ക് ജോലി നഷ്ടമായി; നാലു മാസത്തിനിടെ സംഭവിച്ചത്, ഞെട്ടിക്കുന്ന കണക്കുമായി രാഹുല്‍
ദില്ലി: നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കൊറോണ വൈറസ് രോഗം വ്യാപിച്ചു തുടങ്ങിയ കഴിഞ്ഞ നാല് മാസത്തിനിടെ രണ്ടു കോടി ജനങ്ങള്‍ക്ക് ജോലി നഷ്ടമായി എന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. തൊഴിലില്ലായ്മ രൂക്ഷമായിരിക്കൊണ്ടിരിക്കുന്ന കാര്യം ഏറെ കാലം സര്‍ക്കാരിന് മറച്ചുവെക്കാന്‍ സാധിക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
രണ്ടു കോടി ജനങ്ങള്‍ക്കാണ് ജോലി നഷ്ടമായത്. രണ്ടു കോടി കുടുംബങ്ങളുടെ ഭാവി ഇരുട്ടിലായിരിക്കുന്നു. തൊഴിലില്ലായ്മ രൂക്ഷമാകുകയാണ്. ഫേസ്ബുക്കിലെ വ്യാജ വാര്‍ത്തകള്‍ ഉപയോഗിച്ച് ഇക്കാര്യം മറച്ചുവയ്ക്കാന്‍ സാധിക്കില്ലെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. തൊഴിലില്ലായ്മ രൂക്ഷമായി എന്ന് സൂചിപ്പിക്കുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ ആധാരമാക്കിയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
ഏപ്രില്‍ മുതല്‍ രണ്ടു കോടി പേര്‍ക്കാണ് ജോലി നഷ്ടമായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ ചട്ട പ്രകാരം നടപടിയെടുക്കുന്നതിന് ഇന്ത്യയിലെ ഫേസ്ബുക്ക് മേധാവി തയ്യാറായില്ലെന്ന വാള്‍സ്ട്രീറ്റ് ജേണല്‍ കഴിഞ്ഞദിവസം പുറത്തുവിട്ട റിപ്പോര്‍ട്ട് ഏറെ വിവാദമായിരുന്നു. ബിജെപിക്ക് വേണ്ടി ഫേസ്ബുക്ക് അവരുടെ ചട്ടങ്ങള്‍ വരെ മാറ്റിയെന്നാണ് റിപ്പോര്‍ട്ടിലെ ഉള്ളടക്കം.
ഇക്കാര്യം കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ഏറ്റെടുത്തതിന് പിന്നാലെയാണ് തൊഴിലില്ലായ്മ രൂക്ഷമാകുന്നുവെന്ന വിവരം പുറത്തുവരുന്നത്. ഈ പശ്ചാത്തലത്തിലാണ് ഫേസ്ബുക്ക് വിഷയം കൂടി സൂചിപ്പിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ഫേസ്ബുക്ക് വിഷയത്തിലും രാഹുല്‍ ഗാന്ധി ബിജെപിക്കെതിരെ രംഗത്തുവന്നിരുന്നു. രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദും രംഗത്തുവന്നു. ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുന്നതിനിടെയാണ് തൊഴിലില്ലായ്മാ വിഷയത്തിലെ രാഹുലിന്റെ ട്വീറ്റ്.
ഇസ്രയേലില്‍ നിന്ന് യുഎഇയിലേക്ക് വിമാനം; സൗദിക്ക് മുകളിലൂടെ... റിയാദും ഐക്യപ്പെടണമെന്ന് യുഎസ്
ഖത്തര്‍ എയര്‍വേയ്സ് കേരളത്തിലേക്ക് സര്‍വീസ് നടത്തുന്നു, തിരിച്ചും; നിബന്ധനകള്‍ ഇങ്ങനെ...