രണ്ട് ദിവസം ബാങ്ക് പണിമുടക്ക്; ശമ്പളം വൈകും, എടിഎം സേവനങ്ങളും തടസപ്പെടും...
ജീവനക്കാരുടെ പണിമുടക്കിനെ തുടർന്ന് ഇന്നും നാളെയും രാജ്യത്തെ ബാങ്കിങ് മേഖല നിശ്ചലമാവും.
ദില്ലി: രാജ്യത്തെ പൊതുമേഖല ബാങ്ക് ജീവനക്കാരുടെ 48 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു. ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടാണ് ബാങ്ക് ജീവനക്കാർ രണ്ട് ദിവസം പണിമുടക്കുന്നത്. ജീവനക്കാരുടെ പണിമുടക്കിനെ തുടർന്ന് ഇന്നും നാളെയും രാജ്യത്തെ ബാങ്കിങ് മേഖല നിശ്ചലമാവും.
മാസാന്ത്യമായതിനാൽ ബാങ്ക് മുഖേനയുള്ള ശമ്പള വിതരണത്തെ പണിമുടക്ക് സാരമായി ബാധിക്കും. മെയ് 30, 31 ദിവസങ്ങളിൽ ശമ്പളം ക്രെഡിറ്റാവില്ലെന്ന് മിക്ക സ്ഥാപനങ്ങളും ജീവനക്കാരെ അറിയിച്ചിട്ടുണ്ട്. പണിമുടക്കിനെ തുടർന്ന് രാജ്യത്തെ എടിഎം സേവനങ്ങളും തടസപ്പെടും. രണ്ട് ദിവസവും എടിഎമ്മുകളിൽ പണം നിറയ്ക്കാത്തതിനാൽ എടിഎമ്മുകൾ കാലിയാവാൻ സാദ്ധ്യതയുണ്ട്. എടിഎം സുരക്ഷാ ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.

ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് രാജ്യത്തെ പത്ത് ലക്ഷത്തോളം ബാങ്ക് ജീവനക്കാർ രണ്ട് ദിവസത്തെ പണിമുടക്കിൽ പങ്കെടുക്കുമെന്ന് യൂണിയൻ നേതാക്കൾ അറിയിച്ചു. ഇന്ത്യൻ ബാങ്ക് അസോസിയേഷൻ നേരത്തെ രണ്ട് ശതമാനം ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചിരുന്നെങ്കിലും ബാങ്ക് ജീവനക്കാർ ഇത് അംഗീകരിച്ചില്ല. കാലാനുസൃതമായുള്ള വർദ്ധനവ് വേണമെന്നാണ് ജീവനക്കാരുടെ ആവശ്യം. എന്നാൽ സാമ്പത്തികനില മോശമായതും, നഷ്ടം വർദ്ധിച്ചതും കാരണം ഇതിൽ കൂടുതൽ നടപ്പാക്കാനാകില്ലെന്നായിരുന്നു ബാങ്കുകളുടെ നിലപാട്.












Click it and Unblock the Notifications