ഹരിയാന സംഘര്‍ഷത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു; പ്രദേശത്ത് നിരോധനാജ്ഞ, ഇന്റര്‍നെറ്റ് വിച്ഛേദിച്ചു
ഗുരുഗ്രാം; ഹരിയാനയില്‍ വി എച്ച് പിയുടെ നേതൃത്വത്തില്‍ നടത്തിയ ഘോഷയാത്രയ്ക്കിടെയുണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ രണ്ട് ഹോം ഗാര്‍ഡുകള്‍ വെടിയേറ്റ് കൊല്ലപ്പെടുകയും ഏഴ് പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു.
ബ്രിജ് മണ്ഡല് ജലാഭിഷേക് യാത്ര ഗുരുഗ്രാം-ആള്‍വാര്‍ ദേശീയ പാതയില്‍ എത്തിയപ്പോള്‍ ഒരു സംഘം യുവാക്കള്‍ തടയുകയും ഘോഷയാത്രയ്ക്ക് നേരെ കല്ലേറിയുകയുമായിരുന്നു. സമീപത്തെ കാറുകള്‍ക്കും ആക്രമികള്‍ തീയിട്ടിട്ടുണ്ട്.
ആക്രമണം ആരംഭിച്ചതിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി ലാത്തി വീശി. പ്രദേശത്ത് ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചിട്ടുണ്ട്. ആളുകള്‍ക്ക് കൂട്ടം കൂടുന്നത് ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വൈകുന്നേരത്തോടെ രണ്ട് സമുദായാംഗങ്ങള്‍ പ്രശ്നപരിഹാരത്തിനായി തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. 2500ഓളം പേര്‍ പങ്കെടുത്ത ഘോഷയാത്രയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്.

ഇവരെ ആക്രമണത്തിന് പിന്നാലെ നൂല്‍ഹര്‍ മഹാദേവ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബജറംഗ്ദള്‍ പ്രവര്‍ത്തകന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ആക്ഷേപകരമായ വീഡിയോയാണ് ആക്രമണത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ മോനു മനേസറും കൂട്ടാളികളും യാത്ര തടയുമെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിപ്പിച്ചിരുന്നു.
ആക്രമണ സംഭവങ്ങള്‍ക്ക് പിന്നാലെ പ്രതികരണവുമായി മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ രംഗത്തെത്തി. ദൗര്‍ഭാഗ്യകരമായ സംഭവമാണ് ഇന്ന് അരങ്ങേറിയതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് സമാധാനം നിലനിര്‍ത്താന്‍ ഞാന്‍ എല്ലാ ജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു. കുറ്റവാളികളെ ഒരു കാരണവശാലും വെറുതെ വിടില്ല, അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കഴിഞ്ഞ ദിവസം നടന്ന സമാദാന ചര്‍ച്ചകളെ കുറിച്ച് പൊലീസ് വിശദീകരിച്ചിട്ടുണ്ട്. 'നൂഹില്‍ ഇരു സമുദായങ്ങളും തമ്മില്‍ ഒരു കൂടിക്കാഴ്ച ഉണ്ടായിരുന്നു, അതില്‍ പ്രാദേശിക ഭരണകൂടത്തിനൊപ്പം നിരവധി രാഷ്ട്രീയ സാമൂഹിക നേതാക്കളും പങ്കെടുത്തു. നാളെ രാവിലെ 11 മണിക്ക് ഇരു സമുദായങ്ങളുടെയും യോഗം വീണ്ടും ചേരും. അതേസമയം, ഭിവാനി എസ് പി നരേന്ദ്ര ബിജാര്‍ണിയയ്ക്ക് ജില്ലയുടെ അധിക ചുമതല നല്‍കിയിട്ടുണ്ട്. '- പൊലീസ് അറിയിച്ചു. അതേസമയം, ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 2500 ഓളം പേര്‍ പങ്കെടുത്ത ജാഥയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്.












Click it and Unblock the Notifications