തിരഞ്ഞെടുപ്പ് കമ്മീഷനില്‍ രണ്ട് ഒഴിവുകള്‍: കേന്ദ്ര സർക്കാറിന് ഇഷ്ടക്കാരെ നിയമിക്കാം, പ്രതിപക്ഷത്തിന് ആശങ്ക
ഡല്‍ഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർ സ്ഥാനത്ത് നിന്നുമുള്ള അരുണ്‍ ഗോയലിന്റെ അപ്രതീക്ഷിത രാജിയിലൂടെ തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് രണ്ട് ഒഴിവുകളാണ് വന്നിരിക്കുന്നത്. ഫെബ്രുവരിയിൽ അനുപ് പാണ്ഡെ കൂടി രാജിവെച്ച സാഹചര്യത്തില്‍ മൂന്നംഗ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഇന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷ്ണന്‍ രാജീവ് കുമാർ മാത്രമാണ് ശേഷിക്കുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ആഴ്‌ചകൾ ബാക്കിനിൽക്കെയാണ് അരുണ്‍ ഗോയല്‍ രാജിവെക്കുന്നത്. എന്ത് കാരണം കൊണ്ടാണ് അദ്ദേഹം രാജിവെച്ചത് എന്നത് സംബന്ധിച്ച് ഇതുവരെ ഒരു സ്ഥിരീകരണവും ഉണ്ടായിട്ടില്ല. കമ്മീഷനിലുള്ളില്‍ നിരവധി വിഷയങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നുവെന്ന സൂചനയുണ്ട്. അതേസമയം തന്നെ വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് അരുണ്‍ ഗോയല്‍ രാജിവച്ചതെന്നാണ് ചില ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ പറയുന്നത്. രാജിയില്‍ നിന്ന് പിന്മാറണണെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചുവെങ്കിലും അരുണ്‍ ഗോയല്‍ രാജി സമര്‍പ്പിക്കുകയായിരുന്നു. രാജി രാഷ്ട്രപതി അംഗീകരിക്കുകയും ചെയ്തു.

പഞ്ചാബ് കേഡറിലെ 1985 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ഗോയൽ 2022 നവംബറിലാണ് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിയമിതനാകുന്നത്. 61 കാരനായ ഗോയലിന് 2027 വരെ കാലാവധിയുണ്ടായിരുന്നു, അടുത്ത വർഷം രാജീവ് കുമാർ വിരമിക്കുന്നതോടെ ചീഫ് ഇലക്ഷൻ കമ്മീഷണറായി നിയമിതനാകേണ്ട വ്യക്തി കൂടിയായിരുന്നു അദ്ദേഹം.
രണ്ട് ഒഴിവുകള്‍ വന്നതോടെ തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്നതിനുള്ള നടപടികൾ സർക്കാർ ഉടന്‍ ആരംഭിച്ചേക്കും. രണ്ട് ഒഴിവിലേക്കും കേന്ദ്ര സർക്കാറിന് താല്‍പര്യമുള്ള വ്യക്തികളെ നിയമിക്കാം എന്നതാണ് പ്രത്യേകത. ഇതുസംബന്ധിച്ച നിയമം കഴിഞ്ഞ ശീതകാല സമ്മേളനത്തില്‍ സർക്കാർ പാസാക്കിയിരുന്നു. പ്രധാനമന്ത്രിയും അദ്ദേഹം നിർദേശിക്കുന്ന മന്ത്രിയും ലോക്‌സഭയിലെ പ്രതിപക്ഷനേതാവ് അല്ലെങ്കിൽ പ്രതിപക്ഷത്തെ വലിയ പാർട്ടിയുടെ നേതാവ് ചേർന്നാണ് നിലവിലെ നിയമപ്രകാരം പുതിയ കമ്മീഷ്ണർമാരെ തിരഞ്ഞെടുക്കേണ്ടത്.
പുതിയ നിയമത്തിന്റെ ബലത്തില്‍ തങ്ങളുടെ വിശ്വസ്തരായ ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് നിയമിക്കാന്‍ കേന്ദ്ര സർക്കാറിന് സാധിക്കും. തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനത്തിന് സ്വതന്ത്രസംവിധാനം വേണമെന്നാവശ്യപ്പെടുന്ന ഹർജികൾ പരിഗണിക്കവേ അരുൺ ഗോയലിന്റെ നിയമനത്തില്‍ സർക്കാറിനെതിരെ രൂക്ഷ വിമർശനമാണ് സുപ്രീംകോടതി ഉയർത്തിയത്.
പ്രധാനമന്ത്രി, ലോക്‌സഭയിലെ പ്രതിപക്ഷനേതാവ് അല്ലെങ്കിൽ പ്രതിപക്ഷത്തെ വലിയ പാർട്ടിയുടെ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങിയ താത്‌കാലികസമിതിയാകണം തിരഞ്ഞെടുപ്പ് കമ്മീഷ്ണർമാരെ നിയമിക്കേണ്ടതെന്നായിരുന്നു കോടതിയുടെ നിർദേശം. ഇതില്‍ നിന്നും ചീഫ് ജസ്റ്റിനെ ഒഴിവാക്കി പ്രധാനമന്ത്രി നിർദേശിക്കുന്ന ഒരു മന്ത്രിയെയും ഉൾപ്പെടുത്തി സമിതി നിർണയിച്ച് കേന്ദ്രസർക്കാർ നിയമം കൊണ്ടുവരുകയായിരുന്നു.
അതേസമയം, തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെയുള്ള രാജിയില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് കോണ്‍ഗ്രസ് ഉള്‍പ്പെടേയുള്ള പ്രതിപക്ഷ പാർട്ടികള്‍ മുന്നോട്ട് വന്നു. പൊതുതിരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള തിരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി ആശങ്കയുണ്ടാക്കുന്നതാണെന്നായിരുന്നു എ ഐ സി സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ പ്രതികരണം. ഭരണഘടനാസ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനം സുതാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
അതോടൊപ്പം തന്നെ അടുത്ത ഞായറാഴ്ചയ്ക്ക് മുന്‍പ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. ഈ മാസം 12ന് നിശ്ചയിച്ചിരിക്കുന്ന അരുണ്‍ ഗോയലിന്റെ കശ്മീര്‍ സന്ദര്‍ശനവും നടക്കും. ഇതിന് ശേഷമായിരിക്കും പ്രഖ്യാപനം. തെരഞ്ഞെടുപ്പ് കമ്മിഷണര്‍ അരുണ്‍ ഗോയലിന്റെ രാജി തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ ബാധിക്കില്ലെന്നും കമ്മീഷന്‍ അറിയിച്ചു.












Click it and Unblock the Notifications