ത്രിപുര കലാപ റിപ്പോര്‍ട്ടിങ്; വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് ജാമ്യം, കേസ് റദ്ദാക്കാന്‍ സുപ്രീംകോടതിയിലേക്ക്
അഗര്‍ത്തല: ത്രിപുരയില്‍ വര്‍ഗീയ കലാപം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ അറസ്റ്റിലായ രണ്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് ജാമ്യം. ത്രിപുര കോടതിയാണ് മാധ്യമപ്രവര്‍ത്തകരുടെ ഹര്‍ജി പരിഗണിച്ച് ജാമ്യം നല്‍കിയത്. വര്‍ഗീയ സംഘര്‍ഷം സംബന്ധിച്ച് അപകീര്‍ത്തിപരമായ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതാണ് ഇവര്‍ക്കെതിരെ കേസെടുക്കാന്‍ ഒരു കാരണം. ത്രിപുര പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയും വിട്ടയക്കുകയും ചെയ്തിരുന്നു. ശേഷം ഇവര്‍ അതിര്‍ത്തി കടന്ന ഉടനെ അസം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അസം-ത്രിപുര അതിര്‍ത്തിയിലെ കരിംഗഞ്ചിലുള്ള നീലം ബസാറില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. ഇരു സംസ്ഥാനങ്ങളുടെയും പോലീസുകാര്‍ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ത്രിപുരയില്‍ ഇരുവര്‍ക്കുമെതിരെ വിഎച്ച്പി പ്രവര്‍ത്തകന്റെ പരാതിയില്‍ കേസെടുത്തിരുന്നു.
ത്രിപുരയിലെ ഗോമതി ജില്ലയിലുള്ള സിജെഎം കോടതിയാണ് ജാമ്യ ഹര്‍ജി പരിഗണിച്ചത്. പോലീസ് നടപടിയെ ശക്തമായി അപലപിച്ച എഡിറ്റേഴ്‌സ് ഗില്‍ഡ്, മാധ്യമപ്രവര്‍ത്തകര്‍ക്ക് സുഗമമായ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടി അഭിഭാഷകന്‍ പിജുഷ് ബിശ്വാസ് ആണ് കോടതിയില്‍ ഹാജരായത്. വിദ്വേഷം പരത്തി എന്നതിന് യാതൊരു തെളിവുമില്ലെന്ന് അദ്ദേഹം വാദിച്ചു. അടിസ്ഥാന രഹിതമായ ആരോപണമാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. കേസ് റദ്ദാക്കാന്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിശ്വഹിന്ദു പരിഷത്തിനെയും ത്രിപുര സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്തുന്ന വിധം വാര്‍ത്ത നല്‍കി എന്ന പരാതിയിലാണ് കേസ്. ഉനാക്കോട്ടി ജില്ലയിലെ ഫാട്ടിക്രോയ് പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 21കാരിയായ സമൃദ്ധി സകുനിയ, 25കാരിയായ സ്വര ഝാ എന്നിവര്‍ക്കെതിരെയാണ് പരാതി. ഡല്‍ഹി കേന്ദ്രമായുള്ള വാര്‍ത്താ വെബ്‌സൈറ്റായ എച്ച്ഡബ്ല്യു ന്യൂസിന്റെ റിപ്പോര്‍ട്ടര്‍മാരാണിവര്‍. ഗോമതി ജില്ലയില്‍ കലാപത്തിനിടെ തകര്‍ത്ത പള്ളി സംബന്ധിച്ച വാര്‍ത്ത വെള്ളിയാഴ്ച സകുനിയയും ഝായും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മൂര്‍ച്ഛയേറിയ നോട്ടം!! കുറുപ്പിലെ നായികയുടെ സാരി ലുക്ക് അടിപൊളി... ഏറ്റെടുത്ത് ആരാധകര്‍
വിഎച്ച്പി നേതാവായ കഞ്ചന്‍ ദാസ് ആണ് പരാതിക്കാരന്‍. ഫാട്ടിക്രോയിയിലെ മുസ്ലിം വീടുകള്‍ മാധ്യമപ്രവര്‍ത്തകര്‍ ശനിയാഴ്ച സന്ദര്‍ശിച്ചിരുന്നു. ഈ വേളയില്‍ ത്രിപുര സര്‍ക്കാരനെയും ഹിന്ദു സമൂഹത്തെയും അപമാനിക്കുംവിധം സംസാരിച്ചു എന്നാണ് പരാതിക്കാരന്റെ ആരോപണം. ഉനാകോട്ടിയിലെ പോള്‍ ബസാറിലുള്ള പള്ളി ആക്രമിച്ച സംഭവത്തില്‍ വിഎച്ച്പി, ബജ്‌റംഗ്ദള്‍ എന്നീ സംഘടനകളെ തെറ്റായി ചിത്രീകരിച്ചു. ത്രിപുരയിലെ സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രമിച്ചുവെന്നും പരാതിയില്‍ പറയുന്നു. ത്രിപുര കലാപ മേഖല സന്ദര്‍ശിച്ച അഭിഭാഷകരുടെ വസ്തുതാന്വേഷണ സംഘത്തിനെതിരെ യുഎപിഎ പ്രകാരം കേസെടുത്തത് നേരത്തെ വിവാദമായിരുന്നു.












Click it and Unblock the Notifications