ഡല്‍ഹിയില്‍ രണ്ട് സ്ത്രീകള്‍ വെടിയേറ്റ് കൊല്ലപ്പെട്ടു: അക്രമികള്‍ക്കായി തിരച്ചില്‍
ഡൽഹി: ഡല്‍ഹിയില്‍ രണ്ട് സ്ത്രീകള്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ആർകെ പുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ അംബേദ്കർ ബസ്തി മേഖലയിൽ ഞായറാഴ്ച പുലർച്ചെയോടാണ് അക്രമം നടന്നത്. പിങ്കി (30), ജ്യോതി (29) എന്നിവരാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. ഇരുവരും സഹോദരിമാരാണെന്നാണ് സൂചന. ഇവരുടെ മൃതദേഹം എസ്‌ജെ ആശുപത്രിയിലേക്ക് മാറ്റി. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് വെടിവെയ്പുണ്ടായതെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
'അജ്ഞാതരായ ആക്രമികള്‍ വെടിയേറ്റ് മരിച്ചവരുടെ സഹോദരനെ ലക്ഷ്യമിട്ടായിരുന്നു വന്നത്. പ്രാഥമിക നിഗമനത്തില്‍ ഇത് പണമിടപാട് പ്രശ്നമാണെന്ന് തോന്നുന്നു'- കെആർ പുരം പൊലീസ് ഡിസിപി മനോജ് സി പറഞ്ഞു. പുലർച്ചെ 4.30 ഓടെയാണ് ആക്രമണം നടന്നത്. അക്രമികള്‍ തന്റെ സഹോദരിമാരെ വെടിവെച്ചുവെന്ന് പറഞ്ഞ് സഹോദരന്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിക്കുകയായിരുന്നു. ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ സഫ്ദർജംഗ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം തന്നെ മരണം സംഭവിച്ചിരുന്നുവെന്നും ഡിസിപി പറഞ്ഞു.

സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രതികളെ ഉടന്‍ കണ്ടെത്തുമെന്നും പൊലീസ് കൂട്ടിച്ചേർത്തു. അതേസമയം സംഭവത്തില്‍ കേന്ദ്ര സർക്കാറിനെതിരെ വിമർശനം ഉന്നയിച്ച ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അറിയിച്ചു. രാജ്യതലസ്ഥാനത്ത് ക്രമസമാധാനം നടപ്പിലാക്കുന്നതില്‍ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ പരാജയമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
'ഡൽഹിയിലെ ജനങ്ങൾക്ക് അരക്ഷിതാവസ്ഥ അനുഭവപ്പെടാൻ തുടങ്ങിയിരിക്കുന്നു. ഡൽഹിയിലെ ക്രമസമാധാനം കൈകാര്യം ചെയ്യേണ്ടവർ ക്രമസമാധാനപാലനത്തിനുപകരം ഡൽഹി സർക്കാരിനെ മുഴുവൻ പിടിച്ചെടുക്കാൻ ഗൂഢാലോചന നടത്തുകയാണ്. ഇന്ന് ഡൽഹിയിലെ ക്രമസമാധാനം ലെഫ്റ്റനന്റ് ഗവർണ്ണർക്ക് പകരം എഎപി സർക്കാരിന്റെ കീഴിലായിരുന്നെങ്കിൽ ഡൽഹി ഏറ്റവും സുരക്ഷിതമായേനെ," കെജ്രിവാള്‍ ട്വിറ്ററില്‍ കുറിച്ചു.












Click it and Unblock the Notifications