അമിത് ഷായുടെ 'വക്കീല്‍' സുപ്രീം കോടതി ജഡ്ജി?
ദില്ലി: ഗുജറാത്തിലെ വിവാദമായ വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ ബി ജെ പി നേതാവ് അമിത് ഷായ്ക്ക് വേണ്ടി ഹാജരായ അഡ്വ. ഉദയ് ലളിതിനെ സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്താന്‍ ശിപാര്‍ശ. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആര്‍ എം ലോധയുടെ നേതൃത്വത്തിലുള്ള കൊളിജിയത്തിന്റേതാണ് ശിപാര്‍ശ. 2005 ലെ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായ്ക്ക് വേണ്ടി ഹാജരായത് മുതിര്‍ന്ന അഭിഭാഷകരായ ഉദയ് ലളിത് ആണ്.
ഈ കേസുകളില്‍ അമിത് ഷായെ വെറുതെ വിട്ടിരുന്നു. 2005 ല്‍ ഗുജറാത്ത് പോലീസ് വ്യാജ ഏറ്റുമുട്ടലില്‍ സൊറാബുദ്ദീന്‍ ഷെയ്ഖിനെ കൊലപ്പെടുത്തി എന്നാണ് കേസ്. കേസിലെ പ്രധാന സാക്ഷിയായ തുള്‍സിറാം പ്രജാപതിയും പിന്നീട് കൊല്ലപ്പെട്ടു. 2010 ലാണ് അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന അമിത് ഷായ്ക്ക് ഇതില്‍ പങ്കുള്ളതായി ആരോപണമുയര്‍ന്നത്. 2010 ജൂലൈ 25 ന് ഈ കേസില്‍ അമിത് ഷായെ അറസ്റ്റ് ചെയ്തു.

രാഷ്ട്രീയ പ്രേരിതമാണ് ഈ കേസുകള്‍ എന്ന് പിന്നീട് തെളിഞ്ഞു. അമിത് ഷായ്ക്ക് വേണ്ടി ഉദയ് ലളിത് ആണ് ഈ കേസുകളില്‍ ഹാജരായത്. അമിത് ഷായെ കഴിഞ്ഞ ദിവസം ബി ജെ പി പ്രസിഡണ്ടായി തിരഞ്ഞെടുത്തിരുന്നു. നരേന്ദ്ര മോദിയുടെ അടുത്ത ആളായാണ് അമിത് ഷാ അറിയപ്പെടുന്നത്. അമിത് ഷാ, കേന്ദ്രം ഭരിക്കുന്ന ബി ജെ പിയുടെ തലവനായി തിരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഷായെ പ്രധാനപ്പെട്ട കേസുകളില്‍ രക്ഷിച്ച വക്കീല്‍ സുപ്രീം കോടതിയില്‍ എത്തുന്നത്.
അഡ്വക്കേറ്റ് ഗോപാല്‍ സുബ്രഹ്മണ്യത്തെ ജഡ്ജിയാക്കാനുള്ള ശിപാര്‍ശ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് കൊളീജിയം പുതിയ പേരുകള്‍ ശിപാര്‍ശ ചെയ്തത്. മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രഫുല്‍ ചന്ദ്രചന്ദ്, ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭയ് മനോഹര്‍ സപ്രെ, ജാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആര്‍ ഭാനുമതി എന്നിവരെയും സുപ്രീം കോടതി ജഡ്ജിമാരായി ഉയര്‍ത്താന്‍ ശിപാര്‍ശയുണ്ട്.












Click it and Unblock the Notifications