ബിജെപിയെ കുരുക്കിലാക്കാനുറച്ച് ഉദ്ധവ് സർക്കാർ; ലോയയുടെ മരണം വീണ്ടും അന്വേഷിക്കും?
മുംബൈ: എൻഡിഎ സഖ്യത്തിൽ നിന്ന് പുറത്ത് കടന്നതിന് ശേഷമാണ് എൻസിപിയുമായി ചേർന്ന് ശിവസേന മഹാരാഷ്ട്രയിൽ സർക്കാർ ഉണ്ടാക്കിയത്. ബിജെപിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ ശിവസേന പ്രകടിപ്പിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. എന്നാൽ എൻഡിഎ സഖ്യത്തിൽ നിന്ന് ശിവസേന പുറത്തു പോയത് മഹാരാഷ്ട്രയിൽ ബിജെപിക്ക് വൻ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. മറ്റ് സംസ്ഥാനങ്ങളിലേത് പോലെ മഹാരാഷ്ട്രയിൽ 'കുതിര കച്ചവടത്തിന്' ബിജെപിക്ക് കഴിഞ്ഞതുമില്ല.
ശിവസേന സഖ്യത്തിൽ നിന്ന് പുറത്ത് വന്നതോടെ ബിജെപിക്ക് സ്വസ്ഥതയില്ല. സൊഹ്റാബുദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ വാദം കേട്ട ജസ്റ്റിസ് ലോയയുടെ മരണം സംബന്ധിച്ചു പുനരന്വേഷണം നടത്താനുള്ള തയ്യാറെടുപ്പിലാണ് മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷാ ആരോപണവിധേയനായ കേസായിരുന്നു സൊഹ്റാബുദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസ്.

ശരദ് പവാറിനും യോജിപ്പ്
പുനരന്വേഷണത്തിൽ എൻസിപി അധ്യക്ഷൻ ശരദ് പവാറും അതിനോടു യോജിച്ചെന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങും പുനരന്വേഷണ ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. ജസ്റ്റിസ് ലോയ കേസ് പുനരന്വേഷിക്കണമെന്നും സത്യം പുറത്തുകൊണ്ടുവരണമെന്നും 2018ൽ നിലപാട് എടുത്തയാളാണ് ഉദ്ധവ് താക്കറെ.

ഗസ്റ്റ് ഹൗസിൽ മരിച്ച നിലയിൽ
സൊഹ്റാബുദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ വാദം കേൾക്കുന്ന മുംബൈ സിബിഐ പ്രത്യേക കോടതി ജഡ്ജിയായിരിക്കെ, 2014 ഡിസംബർ ഒന്നിനാണ് നാഗ്പൂർ സിവിൽ ലെയ്നിനടുത്തുള്ള ഗെസ്റ്റ് ഹൗസിൽ ജസ്റ്റിസ് ലോയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സഹജഡ്ജി സ്വപ്ന ജോഷിയുടെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനാണു നാഗ്‌പുരിലെത്തിയത്. മരണത്തിൽ അസ്വാഭാവികതയൊന്നും കണ്ടെത്താനായില്ലെന്നായിരുന്നു കോടതി വിധി.

പുനരന്വേഷണത്തിന് ആവശ്യമുയർന്നു
ജസ്റ്റിസ് ലോയയുടെ മരണത്തിന് പിന്നാലെ വ്യാജ ഏറ്റുമുട്ടൽ കേസിൽ പിന്നീട് അമിത് ഷായെ കുറ്റവിമുക്തനാക്കുകയും ചെയ്യുകയായിരുന്നു. മരണകാരണം ഹൃദയാഘാതമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പല സംശയങ്ങളും തങ്ങൾക്കുണ്ടെന്ന കുടുംബാംഗങ്ങളുടെ വെളിപ്പെടുത്തലിന് പിന്നാലെ പുനരന്വേഷണത്തിന് വിവിധ കോണുകലിൽ നിന്ന് ആവശ്യമുയർന്നിരുന്നു. ഇതു സംബന്ധിച്ച ബോംബെ ലോയേഴ്സ് അസോസിയേഷന്റെ അപേക്ഷ സുപ്രീം കോടതി തള്ളുകയും ചെയ്യുകയായിരുന്നു.

ബിജെപിക്ക് തലവേദനയാകും
ജസ്റ്റിസ് ലോയയുടെ മരണത്തിൽ പുനരന്വേഷണം വന്ന് കഴിഞ്ഞാൽ അതിൽ സൊഹ്റാബുദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ പരാമർശവും ഉണ്ടാകും. അങ്ങിനെയെങ്കിൽ ഇത് വിരൽ ചൂണ്ടുക കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ അമിത് ഷായിലേക്കായിരിക്കും. സുപ്രീംകോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസായിരുന്നു ദീപക് മിശ്രക്കെതിരെ പരസ്യമായി ആരോപണമുന്നയിക്കാന്‍ കാരണങ്ങളിലൊന്ന് ഈ കേസായിരുന്നു.