അഭയം നൽകാനാവില്ലെന്ന് യുകെ; ഇനി എങ്ങോട്ട്? ഷെയ്ഖ് ഹസീന പ്രതിസന്ധിയിൽ
അഭയം നല്‍കാനാവില്ലെന്ന് യുകെ അറിയിച്ചതോടെ മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പ്രതിസന്ധിയിൽ. ഹസീനയെ അഭയാര്‍ത്ഥിയായി പരിഗണിക്കാന്‍ നിലവിലെ നിയമം അനുദവിക്കുന്നില്ലെന്ന് യുകെ അറിയിച്ചത്. ഇതോടെ യു എ ഇ, ബെലാറസ്, ഖത്തർ, സൗദി അറേബ്യ, ഫിൻലാൻഡ് എന്നീ രാജ്യങ്ങളിൽ രാഷ്ട്രീയ അഭയം തേടാനുള്ള സാധ്യതകൾ ഷെയ്ഖ് ഹസീന പരിശോധിക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
രാജിവെച്ചതിന് പിന്നാലെ ഇന്ത്യയിലേക്കായിരുന്നു ഹസീന എത്തിയത്. തുടർന്ന് യുകെയിലേക്ക് പോകാനായിരുന്നു നീക്കം. എന്നാൽ അഭയത്തിനോ താത്കാലിക ആശ്രയത്തിനോ വേണ്ടി ബ്രിട്ടനിലേക്ക് വരാന്‍ ഒരാള്‍ക്ക് അനുമതി കൊടുക്കാൻ വ്യവസ്ഥ ഇല്ലെന്ന് അധികൃതർ അറിയിക്കുകയായിരുന്നു. അന്താരാഷ്‌ട്ര സംരക്ഷണം ആവശ്യമുള്ളവർ ആദ്യം എത്തിച്ചേരുന്ന സുരക്ഷിത രാജ്യത്ത് അഭയം തേടണം. അതാണ് ഏറ്റവും സുരക്ഷിത മാർഗം എന്നാണ് യുകെ അറിയിച്ചത്.യുകെയിലേക്കുള്ള സാധാരണ വിസയ്ക്കും അവർ അപേക്ഷിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ യുകെ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ബംഗ്ലാദേശിൻ്റെ ഇരട്ട പൗരത്വ നിയമങ്ങൾ പ്രകാരം ഷെയ്ഖ് ഹസീനയ്ക്ക് യുകെ പാസ്‌പോർട്ട് ഉണ്ട്. മകൾ തുലിപ് സിദ്ദിഖ് ഹാംപ്‌സ്റ്റെഡിലെയും ഹൈഗേറ്റിലെയും (നോർത്ത് ലണ്ടൻ) സിറ്റിംഗ് ലേബർ മെമ്പറും (എംപി) ട്രഷറിയുടെയും സിറ്റി മന്ത്രിയുടെയും സാമ്പത്തിക സെക്രട്ടറിയുമാണ്.
അതേസമയം മറ്റ് രാജ്യങ്ങൾ അഭയം നൽകുന്നില്ലെങ്കിൽ ഇന്ത്യയിൽ തന്നെ അവർ തുടരുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സഹോദരിക്കൊപ്പം ഷെയ്ഖ് ഹസീന ബംഗ്ലാദേശ് വിട്ടത്. തുടർന്ന് അവർ ഡൽഹിയിൽ വിമാനം ഇറങ്ങി. ഹസീന ഇന്ത്യയിൽ എത്തിയതായി ഇന്ന് സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. രാജിവയ്ക്കാൻ തീരുമാനിച്ചതിനു പിന്നാലെ പെട്ടെന്നാണ് അവർ ഇന്ത്യയിലേക്ക് വരാൻ അനുമതി തേടിയതെന്നും വിമാനത്തിന് അതിർത്തി കടക്കാൻ ബംഗ്ലദേശ് അധികൃതരിൽ നിന്നും അപേക്ഷ ലഭിച്ചുവെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇന്ന് രാജ്യസഭയിൽ വിശദീകരിച്ചിരുന്നു.
അതിനിടെ ബംഗ്ലാദേശിലെ ആക്രമണങ്ങളിൽ ഇന്ത്യൻ സർക്കാർ ഇന്ന് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ബംഗ്ലാദേശിലെ സ്ഥിതി വഷളായാൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ബംഗ്ലാദേശുമായുള്ള അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിൽ സുരക്ഷ വർധിപ്പിച്ചതായും ജാഗ്രത തുടരുകയാണെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അറിയിച്ചു. ബംഗ്ലാദേശ് സൈന്യവുമായി സർക്കാർ ബന്ധപ്പെടുന്നുണ്ട്. ഇന്ത്യൻ സൈന്യത്തിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും രാജ്യത്തിൻ്റെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications