ഇന്ത്യ കൂടുതല്‍ കടമെടുക്കേണ്ടി വരും; ആസ്തി വില്‍പ്പന വേണ്ടത്ര പണമെത്തിക്കില്ല
ന്യൂഡല്‍ഹി: ബജറ്റ് നിര്‍ദേശങ്ങള്‍ പൂര്‍ണമായ തോതില്‍ നടപ്പാക്കണമെങ്കില്‍ ഇന്ത്യ വന്‍തോതില്‍ കടമെടുക്കേണ്ടി വരും. അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് 6.4 ശതമാനം കമ്മി ബജറ്റാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ബജറ്റിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കണമെങ്കില്‍ 14.95 ലക്ഷം കോടി രൂപ കടമെടുക്കേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. 13 ലക്ഷം കോടി കടമെടുക്കേണ്ടി വരുമെന്നായിരുന്നു നേരത്തെയുള്ള പ്രവചനങ്ങള്‍. എന്നാല്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റഴിക്കലിലൂടെ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്ന പണം ലഭ്യമാകണമെങ്കില്‍ സമയം പിടിക്കും. ഈ സാഹചര്യത്തില്‍ ബജറ്റ് നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ കൂടുതല്‍ പണം കണ്ടെത്തേണ്ടി വരും.
അമിതമായ കടമെടുക്കല്‍ രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയെ ബാധിക്കുമെന്ന ആശങ്കയുമുണ്ട്. കൊവിഡ് സാഹചര്യത്തിലാണ് കൂടുതല്‍ പണം വിപണിയില്‍ എത്തുന്നതിന് ചെലവ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വളര്‍ച്ചയ്ക്ക് മുന്‍തൂക്കം നല്‍കുന്ന ബജറ്റാണ് നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചത്. എന്നാല്‍ ഇതിന് വേണ്ടിയുള്ള പണം എവിടെ നിന്ന് ലഭിക്കുമെന്നതാണ് ആശങ്ക. കടപത്രങ്ങളുടെ വില്‍പ്പനയിലൂടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെ ആസ്തി വിറ്റഴിക്കലിലൂടെയും മറ്റുമാണ് പണം കണ്ടെത്താന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നത്.

അടിസ്ഥാന സൗകര്യ മേഖലയില്‍ കൂടുതല്‍ ചെലവഴിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തൊഴില്‍ മേഖലയെ ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷ. അടിസ്ഥാന സൗകര്യ മേഖലയില്‍ ചെലവഴിക്കുന്നതിനുള്ള പണം കണ്ടെത്താന്‍ ഹരിത ബോണ്ടുകള്‍ വിപണിയിലിറക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. 5ജി നെറ്റ് വര്‍ക്ക് കാര്യക്ഷമമാക്കുന്നതിന് സ്‌പെക്ട്രം ലേലം അടുത്ത സാമ്പത്തിക വര്‍ഷം നടക്കും. ഇത് പൊതുഖജനാവിലേക്ക് വലിയ തോതില്‍ പണമെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നടപ്പുവര്‍ഷം ആസ്തി വില്‍പ്പനയിലൂടെ 1.75 ലക്ഷം കോടി രൂപ കണ്ടെത്താനാകുമെന്നായിരുന്നു കരുതിയത്. എന്നാല്‍ ഈ ടാര്‍ജറ്റ് 780 ബില്യണ്‍ രൂപയായി കുറച്ചിരിക്കുകയാണിപ്പോള്‍. ആസ്തി വില്‍പ്പനയിലൂടെ അടുത്ത വര്‍ഷം ലക്ഷ്യമിടുന്നത് 650 ബില്യണ്‍ രൂപയാണ്. വളം സബ്‌സിഡിയായി 1.05 ലക്ഷം കോടി രൂപയും എണ്ണ സബ്‌സിഡിയായി 58 ബില്യണ്‍ രൂപയും ഭക്ഷ്യ സബ്‌സിഡിയായി 2.07 ലക്ഷം കോടി രൂപയുമാണ് ചെലവഴിക്കുക. ആര്‍ബിഐയില്‍ നിന്നും മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുമായി 739 ബില്യണ്‍ രൂപയുമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. അതേസമയം, ആദായ നികുതി സ്ലാബില്‍ ഇത്തവണ മാറ്റം വരുത്തിയിട്ടില്ല. പാവപ്പെട്ടവര്‍ക്ക് വീട് ലഭ്യമാക്കുന്നതുള്‍പ്പെടെയുള്ള പദ്ധതികളും ഭൂമി വാങ്ങുന്നതിന് രാജ്യം മൊത്തം ഒറ്റ രജിസ്‌ട്രേഷന്‍ എന്ന പദ്ധതിയും ബജറ്റ് നിര്‍ദേശിക്കുന്നു.












Click it and Unblock the Notifications