ഇന്ധന വില വര്‍ധിച്ചേക്കും; ലിറ്ററിന് 2 രൂപ എക്‌സൈസ് ഡ്യൂട്ടി കൂട്ടി... കുട വില കൂടും, മൊബൈലിന് കുറയും
ന്യൂഡല്‍ഹി: ബ്ലെന്‍ഡ് ചെയ്യാത്ത ഇന്ധനങ്ങള്‍ക്ക് എക്‌സൈസ് നികുതി വര്‍ധിപ്പിക്കാന്‍ ബജറ്റില്‍ നിര്‍ദേശം. ബ്ലെന്‍ഡഡ് ഇന്ധനങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. പരിസ്ഥിതിക്ക് വലിയ തോതില്‍ കോട്ടമുണ്ടാക്കാത്തതാണ് ബ്ലെന്‍ഡഡ് ഇന്ധനം. ഇതിന്റെ ഉപയോഗം വര്‍ധിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അല്ലാത്തവയ്ക്കാണ് ലിറ്ററിന് രണ്ടു രൂപ നികുതി കൂട്ടിയിരിക്കുന്നത്. ഈ വര്‍ഷം ഒക്ടോബര്‍ ഒന്ന് മുതലാണ് വര്‍ധനവ് പ്രാബല്യത്തില്‍ വരിക. എഥനോള്‍ ചേര്‍ത്ത ഇന്ധനമാണ് ബ്ലെന്‍ഡ് ചെയ്തത്. പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ഇത്തരം ഇന്ധനത്തിന്റെ ഉപയോഗം കൂട്ടാനാണ് തീരുമാനം. ബ്ലെന്‍ഡ് ചെയ്യാത്ത ഇന്ധനം ക്രൂഡ് ഇറക്കുമതിയുടെ ചെലവ് കൂട്ടാന്‍ കാരണമാണ്.

അതേസമയം, മൊബൈല്‍ ഫോണ്‍, വജ്രാഭരണങ്ങള്‍ എന്നിവയുടെ വില കുറയും. ഡയമണ്ടുകലുടെ നികുകി 5 ശതമാനമാക്കി കുറയ്ക്കും. ഇമിറ്റേഷന്‍ ആഭരണങ്ങളുടെ കസ്റ്റം നികുതിയും കുറയ്ക്കും. സോഡിയം സൈനേഡിന്റെ നികുതി വര്‍ധിപ്പിച്ചു. കുടകളുടെ നികുതിയില്‍ 20 ശതമാനം വര്‍ധന വരുത്തിയതിനാല്‍ കുടയ്ക്ക് വില കൂടും.
ആദായ നികുതി ഘടനയില്‍ കാര്യമായ മാറ്റം ബജറ്റില്‍ നിര്‍ദേശിച്ചിട്ടില്ല. തെറ്റുകള്‍ തിരുത്തി നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് രണ്ട് വര്‍ഷത്തെ സമയം അനുവദിക്കും. അധിക നികുതി നല്‍കി മാറ്റങ്ങളോടെ റിട്ടേണ്‍ ഫയല്‍ ചെയ്യാം. ആദായ നികുതി നിരക്കില്‍ മാറ്റമില്ലെങ്കിലും ഡിജിറ്റല്‍ ആസ്തികളില്‍ നിന്നുള്ള വരുമാനത്തിന് 30 ശതമാനം നികുതി ചുമത്താനാണ് തീരുമാനം. വിര്‍ച്വല്‍ ആസ്തിക്ക് ഒരു ശതമാനം ടിഡിഎസും ഏര്‍പ്പെടുത്തി. സഹകരണ സര്‍ച്ചാര്‍ജ് 12 ശതമാനത്തില്‍ നിന്ന് 7 ശതമാനമായി കുറച്ചു. ഇ-പാസ്‌പോര്‍ട്ട് വരുന്ന സാമ്പത്തിക വര്‍ഷം നടപ്പാക്കും. ചിപ്പ് ഘടിപ്പിച്ച് പുത്തന്‍ സാങ്കേതിക വിദ്യ ഉള്‍ക്കൊള്ളിച്ചുള്ളതാകും ഇ-പാസ്‌പോര്‍ട്ട്.
ഡിജിറ്റല്‍ കറന്‍സി പ്രഖ്യാപിച്ചു. വരുന്ന സാമ്പത്തിക വര്‍ഷം ആര്‍ബിഐ ഡിജിറ്റല്‍ കറന്‍സി വിതരണം ആരംഭിക്കും. ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാകും ഡിജിറ്റല്‍ കറന്‍സി ഇറക്കുക. സര്‍ക്കാരിന്റെ മൂലധന ചെലവ് വര്‍ധിപ്പിച്ചു. 34 ശതമാനം വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. 7.5 ലക്ഷം കോടി രൂപയായിട്ടാണ് ഉയര്‍ത്തിയത്. ചെറുകിട സംരംഭങ്ങള്‍ക്ക് നല്‍കുന്ന അടിയന്തര വായ്പാ പദ്ധതിയുടെ കാലാവധി അടുത്ത വര്‍ഷം മാര്‍ച്ച് വരെയാണ് നീട്ടി.
ഭൂമി രജിസ്‌ട്രേഷന് വേണ്ടി ഒരു രാജ്യം ഒരു രജിസ്‌ട്രേഷന്‍ എന്ന പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. 2022ലെ ജിഎസ്ടി വരുമാനം 1.40 ലക്ഷം കോടി രൂപയാണ്. ജിഎസ്ടി നടപ്പാക്കിയ ശേഷം ഇത്രയും ഉയര്‍ന്ന വരുമാനം ആദ്യമാണ്. കാര്‍ഷിക മേഖലയില്‍ 2.37 ലക്ഷം കോടി രൂപയുടെ വിളകള്‍ സമാഹരിക്കാന്‍ തീരുമാനിച്ചു. രാസവള രഹിത കൃഷി പ്രോല്‍സാഹിപ്പിക്കും. ജല ജീവന്‍ പദ്ധതിക്ക് 60000 കോടി രൂപ വകയിരുത്തി. കര്‍ഷകരെ സഹായിക്കാന്‍ കിസാന്‍ ഡ്രോണുകള്‍ ഉപയോഗിക്കും.


Click it and Unblock the Notifications