'അവകാശവാദവും യാഥാർത്ഥ്യവും'; ബജറ്റിൽ കേന്ദ്രസർക്കാരിനെ ട്രോളി കോൺഗ്രസ്
ആദായനികുതിയിലെ പരിഷ്ക്കാരങ്ങൾ ഉൾപ്പടെ ഒട്ടനവധി പ്രഖ്യാപനങ്ങളാണ് രണ്ടാം നരേന്ദ്ര മോദി സർക്കാരിന്‍റെ അവസാന സമ്പൂർണ ബജറ്റിൽ ഇടംപിടിച്ചത്

ദില്ലി; ബജറ്റിൽ കേന്ദ്ര സർക്കാരിനെ അളവറ്റ് പരിഹസിച്ച് കോൺഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗ ചെയ്യുന്ന ചിത്രങ്ങൾ ഉൾപ്പെടുത്തിയുള്ള മീം പങ്കുവെച്ചാണ് കോൺഗ്രസിന്റെ പരിഹാസം. 'അവകാശവാദവും യാഥാർത്ഥ്യവും' എന്ന കുറിപ്പോടെ ഔദ്യോഗിക ട്വിറ്റർ പേജിലാണ് മീം പങ്കിട്ടിരിക്കുന്നത്.
അതേസമയം ആദായനികുതിയിലെ പരിഷ്ക്കാരങ്ങൾ ഉൾപ്പടെ ഒട്ടനവധി ശ്രദ്ധേയമായ പ്രഖ്യാപനങ്ങളാണ് രണ്ടാം നരേന്ദ്ര മോദി സർക്കാരിന്‍റെ അവസാന സമ്പൂർണ ബജറ്റിൽ ഇടംപിടിച്ചത്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രഖ്യാപനങ്ങളാണ് ഏറെയും. ഇതിൽ മധ്യവർഗക്കാർക്ക് ഏറെ ആശ്വാസമേകുന്നതാണ് ആദായ നികുതി പരിഷ്കാരം. ആദായ നികുതി പരിധി 5 ലക്ഷത്തിൽ നിന്നും ഏഴ് ലക്ഷമായാണ് ബജറ്റിൽ ഉയർത്തിയത്. എന്നാൽ പുതിയ ആദായ നികുതി സ്കീമിന് മാത്രമാണ് ഇത് ബാധകമാകുക. പുതിയ വ്യവസ്ഥ പ്രകാരം മൂന്ന് ലക്ഷം മുതൽ ആറ് ലക്ഷം രൂപ വരെ അഞ്ച് ശതമാണ് നികുതി. ആറ് ലക്ഷം മുതല്‍ 9 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 10 ശതമാനം നികുതി നൽകണം. ഒമ്പത് മുതല്‍ 12 ലക്ഷം വരെ 15 ശതമാനവും 12 ലക്ഷം മുതല്‍ 15 ലക്ഷം വരെ 20 ശതമാനം 15 ലക്ഷത്തിന് മുകളില്‍ 30 ശതമാനവുമായിരിക്കും നികുതി. ആദായ നികുതി റിട്ടേൺ നടപടികളുടെ ദിവസവും 16 ആയി കുറച്ചിട്ടുണ്ട്.
അതേസമയം ആദായ നികുതിയിലെ പരിഷ്കാരത്തെ മുൻ ധനമന്ത്രി കൂടിയായ പി ചിദംബരം സ്വാഗതം ചെയ്തു. നികുതി വെട്ടിക്കുറക്കാനുള്ള നടപടികൾ എന്നും സ്വാഗതാർഹമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'ഞാൻ കുറഞ്ഞ നികുതി വ്യവസ്ഥയിൽ വിശ്വസിക്കുന്ന ആളാണ്. അതിനാൽ, ഏത് നികുതിയിളവുകളും സ്വാഗതം ചെയ്യുന്നു, കാരണം ജനങ്ങളുടെ കൈകളിലേക്ക് കൂടുതൽ പണം നൽകുന്നത് സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ്', ചിദംബരം പറഞ്ഞു.
എന്നാൽ ഏഴ് ലക്ഷം വരെ ആദായ നികുതി ഇളവ് പ്രഖ്യാപിച്ചത് തുച്ഛമായിപോയെന്നാണ് കോൺഗ്രസ് എം പി ഗൗരവ് ഗൊഗോയി പ്രതികരിച്ചത്. പണപ്പെരുപ്പവും വിലക്കയറ്റവും കണക്കിലെടുക്കുമ്പോൾ ഇടത്തരക്കാരെ സംബന്ധിച്ച് ഈ നികുതിയിളവ് യാതൊരു മാറ്റങ്ങളും ഉണ്ടാക്കാൻ പോകുന്നില്ല', ഗൗരവ് പറഞ്ഞു. ബജറ്റ് വൻകിട വ്യവസായികൾക്ക് മാത്രമേ പ്രയോജനപ്പെടുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications