പാചക വാതക വില നിയന്ത്രിക്കാന്‍ കേന്ദ്ര ഇടപെടല്‍; എണ്ണക്കമ്പനികള്‍ക്ക് 22000 കോടി രൂപ ഗ്രാന്റ്
ന്യൂദല്‍ഹി: പാചക വാതക വില നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍. എല്‍ പി ജി പാചക വാതകത്തില്‍ എണ്ണ വിപണന കമ്പനികള്‍ക്ക് 22,000 കോടി രൂപയുടെ ഒറ്റത്തവണ നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.
ഗാര്‍ഹിക പാചകവാതക വില്‍പ്പനയിലെ നഷ്ടം നികത്താന്‍ മൂന്നു പൊതുമേഖലാ എണ്ണ വിപണന കമ്പനികള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ഒറ്റത്തവണ ഗ്രാന്റായി 22,000 കോടി രൂപ നല്‍കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തെ നഷ്ടം നികത്താനാണ് ഗ്രാന്റ് അനുവദിച്ചിരിക്കുന്നത്.

എല്‍ പി ജി വിലയില്‍ ചെലവിന് അനുസൃതമായി മാറ്റം വരുത്താത്തതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇടപെടല്‍. 22,000 കോടി രൂപ അടങ്കല്‍ ഉള്ള ഒ എം സികള്‍ക്കുള്ള ഒറ്റത്തവണ നഷ്ടപരിഹാരം ഗ്രാന്റുകള്‍ക്കായുള്ള അനുബന്ധ ആവശ്യങ്ങളില്‍ പ്രതിഫലിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. 2020 ജൂണിനും 2022 ജൂണിനും ഇടയില്‍ എല്‍പിജിയുടെ അന്താരാഷ്ട്ര വില 300 ശതമാനം ഉയര്‍ന്നിരുന്നു.

എന്നാല്‍ ആഭ്യന്തര എല്‍ പി ജി വിലയില്‍ 72 ശതമാനം വര്‍ധനയുണ്ടായിട്ടും വര്‍ധനവിന്റെ ഭാരം പൂര്‍ണമായും ഉപഭോക്താക്കളെ ബാധിച്ചില്ല എന്ന് മന്ത്രി അനുരാഗ് താക്കൂര്‍ അഭിപ്രായപ്പെട്ടു. ഇക്കാലയളവില്‍ എണ്ണക്കമ്പനികള്‍ക്ക് കാര്യമായ നഷ്ടമുണ്ടായെന്നും അതിനാല്‍ മൂന്ന് ഒ എം സികള്‍ക്ക് സര്‍ക്കാര്‍ ഒറ്റത്തവണ ഗ്രാന്റ് നല്‍കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബി പി സി എല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എച്ച് പി സി എല്‍) എന്നീ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഒഎംസികള്‍ക്കാണ് ഗ്രാന്റ് അനുവദിച്ചിരിക്കുന്നത്. വാണിജ്യ എല്‍ പി ജി സിലിണ്ടറുകളുടെ നിരക്ക് ഈ മാസം ആദ്യം പരിഷ്‌കരിച്ചിരുന്നു.

എന്നാല്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള എല്‍ പി ജി സിലിണ്ടറിന്റെ നിരക്ക് 1,053 രൂപയില്‍ മാറ്റമില്ലാതെ തുടര്‍ന്നു. ജൂലൈ ആറിന് 50 രൂപ വര്‍ദ്ധിപ്പിച്ചതിന് ശേഷം ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള എല്‍ പി ജി സിലിണ്ടറിന്റെ നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്.

അതേസമയം റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എച്ച്പിസിഎല്‍) എന്നിവ ആദ്യമായി തുടര്‍ച്ചയായ രണ്ടാം പാദത്തിലും നഷ്ടം രേഖപ്പെടുത്തിയേക്കാനാണ് സാധ്യത. മൂന്ന് സ്ഥാപനങ്ങളും ഈ മാസം അവസാനമോ നവംബര്‍ ആദ്യമോ രണ്ടാം പാദ വരുമാനം പ്രഖ്യാപിക്കും.












Click it and Unblock the Notifications