'ഗാന്ധി ഘാതകനെങ്കിലും ഗോഡ്‌സെ ഇന്ത്യയുടെ സല്‍പുത്രന്‍', വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകനായ നഥുറാം വിനായക് ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച് കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ഗിരിരാജ് സിംഗ്. ഗോഡ്‌സെ ഗാന്ധി ഘാതകനാണെങ്കിലും അദ്ദേഹം ഇന്ത്യയുടെ സല്‍പുത്രനാണ് എന്നാണ് ഗിരിരാജ് സിംഗ് വിശേഷിപ്പിച്ചത്. ഛത്തീസ്ഗഡിലെ ബസ്തര്‍ മേഖലയിലെ ദന്തേവാഡയില്‍ നടത്തിയ പ്രസംഗത്തിനിടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'ഗോഡ്‌സെ ഗാന്ധിയുടെ ഘാതകനാണെങ്കിലും അദ്ദേഹം ജനിച്ചത് ഇന്ത്യയിലാണ്. ഔറംഗസേബിനെയും ബാബറിനെയും പോലെ ഒരു അധിനിവേശക്കാരനായിരുന്നില്ല ഗോഡ്‌സെ. ബാബറിന്റെ മകന്‍ എന്ന് വിളിക്കപ്പെടുന്നതില്‍ സന്തോഷം തോന്നുന്നവര്‍ക്ക് ഭാരതമാതാവിന്റെ പുത്രനാകാന്‍ കഴിയില്ല', എന്നായിരുന്നു ഗിരിരാജ് സിംഗ് പറഞ്ഞത്. അതേസമയം ഗിരിരാജ് സിംഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരനായ ഗോഡ്‌സെയെ മഹത്വവത്കരിച്ച ഗിരിരാജ് സിംഗ് രാഷ്ട്രപിതാവിനെ അപമാനിച്ചെന്ന് ഛത്തീസ്ഗഡ് കോണ്‍ഗ്രസ് വക്താവ് സുശീല്‍ ആനന്ദ് ശുക്ല പറഞ്ഞു. ബിജെപിയുടെ ചെറുതും വലുതുമായ നേതാക്കള്‍ കിട്ടുന്ന അവസരങ്ങളിലെല്ലാം ഗോഡ്സെയെ പുകഴ്ത്തുകയാണ് എന്നും ആനന്ദ് ശുക്ല പറഞ്ഞു. ഗിരിരാജ് സിംഗ് ഇന്ത്യയിലെ ജനങ്ങളെയാകെ അപമാനിച്ചിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
ഗിരിരാജ് സിംഗിന്റെ പ്രസ്താവനയെ പ്രധാനമന്ത്രി നരേന്ദ്ര മോദി എങ്ങനെയാണ് കാണുന്നത് എന്നും അദ്ദേഹം ചോദിച്ചു. ബിജെപിയുടെ ഗോഡ്സെ അനുകൂല മുഖം ഒരിക്കല്‍ കൂടി മറനീക്കി വെളിപ്പെട്ടിരിക്കുകയാണ് എന്നും ആനന്ദ് ശുക്ല പറഞ്ഞു. ഔറംഗസീബിനെയും ടിപ്പു സുല്‍ത്താനെയും മഹത്വവല്‍ക്കരിക്കുന്ന ചില സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്കെതിരെ മഹാരാഷ്ട്രയില്‍ ഹിന്ദുത്വ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ഇതിന് പിന്നാലെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസിയും തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ പോരടിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ആയിരുന്നു ഗിരിരാജ് സിംഗിന്റെ വിവാദ പ്രസ്താവന. അതിനിടെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ സംസ്ഥാനത്ത് മതപരിവര്‍ത്തനം പ്രോത്സാഹിപ്പിക്കുകയാണെന്ന് പറഞ്ഞും ഗിരിരാജ് സിംഗ് രംഗത്തെത്തി. ഇക്കാര്യത്തില്‍ കര്‍ശനമായ നിയമം നടപ്പാക്കണം.
തന്റെ സര്‍ക്കാര്‍ സമാനമായ നിയമം കൊണ്ടുവരുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു എന്നും ഗിരിരാജ് സിംഗ് പറഞ്ഞു. ഭൂപേഷ് ബാഗേല്‍ സര്‍ക്കാര്‍ ഭീകരത പടര്‍ത്തുകയും മതപരിവര്‍ത്തനത്തിന് ആളുകളെ നിര്‍ബന്ധിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ ഗിരിരാജ് സിംഗ് സംസ്ഥാനത്തിന്റെ ഫെഡറല്‍ ഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ് എന്നായിരുന്നു ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ പ്രതികരണം.












Click it and Unblock the Notifications