എംജെ അക്ബര്‍ കേന്ദ്രമന്ത്രി പദവി രാജിവച്ചു; മീ ടൂ വെളിപ്പെടുത്തലില്‍ വീണ ആദ്യ പ്രമുഖന്‍
ദില്ലി: ലൈംഗികാരോപണം നേരിട്ട കേന്ദ്ര മന്ത്രി എംജെ അക്ബര്‍ രാജിവച്ചു. ഒട്ടേറെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ എംജെ അക്ബറിനെതിരെ മീ ടൂ കാമ്പയിനിന്റെ ഭാഗമായി വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ആദ്യം ആരോപണം നിഷേധിച്ച അക്ബര്‍, വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരിക്കെയാണ് രാജി പ്രഖ്യാപനം. കേന്ദ്ര വിദേശകാര്യ സഹമന്ത്രിയാണ് അക്ബര്‍.

മുമ്പ് പത്രാധിപരായിരുന്നു എജെ അക്ബര്‍. അന്നത്തെ സഹപ്രവര്‍ത്തകരാണ് അദ്ദേഹത്തിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. ആരോപണം അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ആദ്യം ആരോപണം ഉന്നയിച്ച മാധ്യമപ്രവര്‍ത്തക പ്രിയ രമണിക്കെതിരെ അക്ബര്‍ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.
ആരോപണം അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം രാജി പ്രഖ്യാപിച്ചപ്പോഴും ആവര്‍ത്തിച്ചു. നിയമപരമായ പോരാട്ടം തുടരുമെന്നും അറിയിച്ചു. രാജ്യത്തെ സേവിക്കാന്‍ അവസരം തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനോടും കടപ്പെട്ടിരിക്കുന്നുവെന്നും അക്ബര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ആരോപണം നേരിടുന്ന വേളയില്‍ പദവിയില്‍ തുടരുന്നതിനെതിരെ ആര്‍എസ്എസിലെയും ബിജെപിയിലെയും ഒരു വിഭാഗം അക്ബറിനെതിരെ രംഗത്തുവന്നുരുന്നു. ഇവരുടെ സമ്മര്‍ദ്ദമാണിപ്പോള്‍ രാജിയിലേക്ക് നയിച്ചത്. ആര്‍എസ്എസ് ജോയിന്റ് സെക്രട്ടറി ദത്താത്രേയ ഹൊസബലെ മന്ത്രി രാജിവയ്ക്കണമെന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. ഇക്കാര്യം ആവശ്യപ്പെടുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് അദ്ദേഹം ഷെയര്‍ ചെയ്തു.
രാഷ്ട്രീയ നേതാക്കള്‍ക്ക് ധാര്‍മികത വേണമെന്നാണ് ആര്‍എസ്എസിന്റെ മിക്ക നേതാക്കളും നിലപാടെടുത്തത്. ഹവാല കേസില്‍ ആരോപണം നേരിട്ട കാരണത്താലാണ് മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനിക്ക് ലോക്‌സഭാ സീറ്റില്‍ ടിക്കറ്റ് നിഷേധിച്ചത് എന്ന കാര്യവും ഈ വാദക്കാര്‍ ഓര്‍മിപ്പിച്ചിരുന്നു.












Click it and Unblock the Notifications