കേന്ദ്രമന്ത്രി വി മുരളീധരന് കൊറോണയില്ല; പരിശോധനാ ഫലം നെഗറ്റീവ്, ആശങ്ക ഒഴിഞ്ഞു
ദില്ലി: സംശയം ദൂരീകരിക്കാന്‍ സ്വയം നിരീക്ഷണത്തില്‍ കഴിഞ്ഞ കേന്ദ്രമന്ത്രി വി മുരളീധരന് കൊറോണ വൈറസ് രോഗമില്ല. സാംപിള്‍ പരിശോധിച്ചെങ്കിലും ഫലം നെഗറ്റീവാണ്. ഇതോടെ ആശങ്ക ഒഴിഞ്ഞു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായിട്ടാണ് മുരളീധരന്‍ പാര്‍ലമെന്റ് നടപടികളിലും മറ്റു യോഗങ്ങളിലും പങ്കെടുക്കാതെ സ്വയം നിരീക്ഷണത്തില്‍ കഴിഞ്ഞത്.

കൊറോണ രോഗം സ്ഥിരീകരിച്ച ഡോക്ടര്‍ എത്തിയ ആശുപത്രിയില്‍ മന്ത്രി സന്ദര്‍ശിക്കുകയും ഡോക്ടര്‍മാരുമായി സംവദിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ആശങ്ക പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ മന്ത്രി സ്വയം നിരീക്ഷണ വിധേയനാകാന്‍ തീരുമാനിച്ചത്. ദില്ലിയിലെ മന്ത്രിയുടെ വസതിയിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
ശ്രീചിത്ര ആശുപത്രിയില്‍ വിദേശത്ത് നിന്ന് തിരിച്ചെത്തിയ ഒരു ഡോക്ടര്‍ക്ക് കൊറോണ രോഗം സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹം മൂന്ന് ദിവസം ആശുപത്രിയില്‍ ജോലി ചെയ്തിട്ടുണ്ട്. ആശുപത്രിയിലെ മറ്റു ഡോക്ടര്‍മാരും ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. കഴിഞ്ഞ ശനിയാഴ്ച തിരുവനന്തപുരം ശ്രീചിത്രയില്‍ നടന്ന അവലോകന യോഗത്തില്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ പങ്കെടുക്കുകയുണ്ടായി.
കൊറോണ രോഗം ബാധിച്ച ഡോക്ടറുമായി സഹവസിച്ച ഡോക്ടര്‍മാര്‍ മന്ത്രിയുടെ യോഗത്തില്‍ പങ്കെടുത്തിരുന്നുവെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തിലാണ് മന്ത്രി മുന്‍കരുതലെന്നോണം സ്വയം നിരീക്ഷണത്തിലിരിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ മന്ത്രിയുടെ സന്ദര്‍ശന വേളയില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ശ്രീചിത്ര ഇന്‍സ്റ്റിറ്റൂട്ട് അറിയിച്ചു.
അതേസമയം, ശ്രീചിത്രയിലെ ചില ഡോക്ടര്‍മാരും ജീവനക്കാരും നിരീക്ഷണത്തിലാണ്. സ്‌പെയിനില്‍ നിന്നെത്തിയ ഡോക്ടറുമായി ഇടപഴകിയെന്ന് കരുതുന്നവരാണ് നിരീക്ഷണത്തിലുള്ളത്. ഏഴുപതോളം പേരാണ് നിരീക്ഷണത്തിലുള്ളത്. അടിയന്തര ശസ്ത്രക്രിയകളല്ലാതെ മറ്റെല്ലാ ചികില്‍സകളും ശ്രീചിത്രയില്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.
അതേസമയം, മന്ത്രി മുരളീധരന്‍ കൊറോണ രോഗ ബാധിതനായ ഡോക്ടറുമായി ശ്രീചിത്രയില്‍ വച്ച് സംസാരിച്ചിട്ടില്ല. എങ്കിലും മുന്‍കരുതലെന്ന രീതിയില്‍ പൊതുഇടങ്ങളില്‍ നിന്ന് മാറി നില്‍ക്കാന്‍ മന്ത്രി തീരുമാനിക്കുകയായിരുന്നു. ദില്ലിയിലെ ഔദ്യോഗിക വസതിയിലാണ് വി മുരളീധരന്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. പാര്‍ലമെന്റ് നടപടകളിലും മറ്റു യോഗങ്ങളിലും അദ്ദേഹം കുറച്ചുദിവസത്തേക്ക് പങ്കെടുക്കില്ലെന്നാണ് നേരത്തെ അറിയിച്ചത്. മുരളീധരന് പിന്നാലെ ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിവി രാജേഷും സ്വയം നിരീക്ഷണത്തിലിരിക്കാന്‍ തീരുമാനിച്ചിരുന്നു.












Click it and Unblock the Notifications