സൗദി അറേബ്യയിലെയും കുവൈത്തിലെയും താവളം അമേരിക്ക മാറ്റിയേക്കും; ആലോചന ഇങ്ങനെ
ഇറാന്റെ ആക്രമണത്തില്‍ അമേരിക്കക്ക് കനത്ത നഷ്ടമുണ്ടായി എന്ന് റിപ്പോര്‍ട്ടുകള്‍. ഗള്‍ഫ് മേഖലയിലെ ചില സൈനിക താവളങ്ങള്‍ അമേരിക്ക മാറ്റാന്‍ ആലോചിക്കുന്നു. ഇറാന് വേഗത്തില്‍ ആക്രമിക്കാന്‍ പറ്റാത്ത പ്രദേശത്തേക്ക് സൈനിക താവളം മാറ്റിയേക്കും. ഭൂമിക്കടയില്‍ താവളം നിര്‍മിക്കുന്നതും ആലോചനയിലാണ് എന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനെ ആക്രമിച്ചതോടെയാണ് യുദ്ധം തുടങ്ങിയത്. ഇറാന്‍ അപ്രതീക്ഷിതമായ തിരിച്ചടിയാണ് നല്‍കിയത്. പശ്ചിമേഷ്യയിലെ 20 കേന്ദ്രങ്ങളിലായിരുന്നു ഇറാന്റെ തിരിച്ചടി. ജിസിസിയിലെ എല്ലാ രാജ്യങ്ങളിലും അമേരിക്കന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്റെ മിസൈല്‍ എത്തി. ജോര്‍ദാന്‍, ഇറാഖ്, സിറിയ, ഇസ്രായേല്‍ എന്നിവിടങ്ങളിലും ആക്രമണം നടന്നു.

ബഹ്‌റൈനിലെ യുഎസ് നാവിക സേനാ ആസ്ഥാനത്ത് കനത്ത നാശനഷ്ടമുണ്ടായി എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. താവളത്തിലെ നിരവധി കെട്ടിടങ്ങള്‍, രണ്ട് ഉപഗ്രഹ ടെര്‍മിനല്‍ എന്നിവയെല്ലാം തകര്‍ന്നു. ഇറാന്റെ മിസൈലുകളും ഡ്രോണുകളും തുടര്‍ച്ചയായി എത്തിയതോടെ അമേരിക്ക സ്ഥാപിച്ച മിസൈല്‍ പ്രതിരോധ സംവിധാനങ്ങളുടെ ശേഷി കുറയുന്നതാണ് കണ്ടത്.
അമേരിക്കയുടെ മുന്‍ സൈനിക ഓഫീസര്‍മാര്‍, യുദ്ധ നിരീക്ഷകര്‍ എന്നിവരുടെ പ്രതികരങ്ങള്‍, സാറ്റലൈറ്റ് ചിത്രങ്ങള്‍ എന്നിവയെല്ലാം അടിസ്ഥാനമാക്കിയാണ് അമേരിക്കന്‍ സൈന്യത്തിന് ശക്തമായ തിരിച്ചടിയേറ്റു എന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കെട്ടിടങ്ങളും മറ്റും പുനര്‍ നിര്‍മിക്കുന്നതിന് മാത്രം 400 ദശലക്ഷം ഡോളര്‍ ചെലവ് വരും. സൈനിക ഉപകരങ്ങള്‍ക്ക് വേറെയും. എന്നാല്‍ പെന്റഗണ്‍ ഇക്കാര്യത്തില്‍ കൃത്യമായ കണക്ക് പുറത്തുവിട്ടിട്ടില്ല.
യുഎസ് താവളങ്ങള്‍ ഇസ്രായേല്‍ അതിര്‍ത്തിയിലേക്ക്
ഈ സാഹചര്യത്തിലാണ് കുവൈത്തിലെയും സൗദി അറേബ്യയിലേയും അമേരിക്കന്‍ താവളങ്ങള്‍ മാറ്റാന്‍ ആലോചിക്കുന്നതത്രെ. ഇസ്രായേലിലേക്കോ അല്ലെങ്കില്‍ ഇസ്രായേലിനോട് ചേര്‍ന്ന പ്രദേശങ്ങളിലേക്കോ താവളങ്ങള്‍ മാറ്റുന്നതാണ് ആലോചനയില്‍. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇറാന്‍ സൈന്യത്തിന് വേഗത്തില്‍ ലക്ഷ്യമിടാന്‍ സാധിക്കാത്ത ദൂരത്തേക്ക് മാറാനാണ് ആലോചന. എന്നാല്‍ ബഹ്‌റൈനിലെ നാവിക താവളത്തിന് കാര്യമായ കേടുപാടില്ലെന്നും അവിടെയുള്ള പ്രവര്‍ത്തനം തുടരുമെന്നും യുഎസ് സൈനിക ഓഫീസര്‍മാര്‍ വാള്‍സ്ട്രീറ്റ് ജേണലിനോട് പറഞ്ഞു. ആക്രമണം നടക്കുന്നതിന് മുമ്പുതന്നെ മിക്ക സൈനികരെയും മാറ്റിയിരുന്നു എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഇറാന് സൈന്യത്തിന് വേഗത്തില്‍ തിരിച്ചടിക്കാന്‍ കഴിയുന്ന ദൂരത്തിലാണ് പശ്ചിമേഷ്യയിലെ അമേരിക്കന്‍ സൈനിക താവളങ്ങളെല്ലാം. ഒമാനില്‍ ഒഴികെ എല്ലാ ജിസിസി രാജ്യങ്ങളിലും അമേരിക്കന്‍ സൈന്യത്തിന് താവളങ്ങളുണ്ട്. കൂടാതെ, ഇറാഖ്, സിറിയ, ജോര്‍ദാന്‍ എന്നിവിടങ്ങളിലും യുഎസ് സൈന്യം ക്യാമ്പ് ചെയ്യുകയാണ്. ഇറാനോട് ചേര്‍ന്ന കടല്‍ മേഖലയിലും അമേരിക്കന്‍ സൈന്യം തമ്പടിക്കുന്നുണ്ട്. ഇവയെല്ലാം ഇറാന്റെ തിരിച്ചടിയും പ്രതീക്ഷിക്കുന്നു.















Click it and Unblock the Notifications