അൺലോക്ക് 4; വിദ്യാഭ്യാസ സ്ഥാപനങ്ങൾ സപ്റ്റംബർ 30 വരെ തുറക്കില്ല!!
ദില്ലി; അൺലോക്ക് 4 മാർഗനിർദ്ദേശങ്ങൾ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. വിദ്യാഭ്യാസ സ്ഥാപനങ്ങൾ സപ്റ്റംബർ 30 വരെ അടച്ചിടും. അതേസമയം ഓൺലൈൻ അധ്യാപനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി 50 ശതമാനം അധ്യാപക, അനധ്യാപക ജീവനക്കാരും വിദ്യാലയങ്ങളിൽ ഹാജരാകകണം.
9 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് അവരുടെ അധ്യാപകരിൽ നിന്ന് മാർഗ്ഗനിർദ്ദേശം സ്വീകരിക്കുന്നതിന് കണ്ടെയ്‌ൻമെന്റ് സോണിന് പുറത്തുള്ള പ്രദേശങ്ങളിലെ സ്കൂളുകൾ സന്ദർശിക്കാൻ അനുവാദമുണ്ട്. അതേസമയം രക്ഷിതാക്കളുടെ രേഖാമൂലമുള്ള സമ്മതത്തോടെ മാത്രമേ ഇത് അനുവദിക്കുകയുള്ളൂ.
ലാബ് വർക്കുകൾ നടത്തേണ്ട ഗവേഷക വിദ്യാർത്ഥികൾക്കും സാങ്കേതിക, പ്രൊഫഷണൽ പ്രോഗ്രാമുകളിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കും ആവശ്യമെങ്കിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന് ആഭ്യന്തര മന്ത്രാലയവുമായി കൂടിയാലോചിച്ച് അനുമതി നൽകാം.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ അനുയോജ്യമായ സാഹചര്യം ഉണ്ടായിട്ടില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിലപാട്. ഡിസംബർ വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കേണ്ടതുണ്ടോയെന്ന തിരുമാനം പിന്നീട് അറിയിക്കും. അധ്യായന വർഷം ഉപേക്ഷിക്കാതെ പരീക്ഷ അടക്കം പൂർത്തിയാക്കാനാണ് നിലവിലെ തീരുമാനം.ഈ അക്കാദമിക വർഷത്തെ സീറോ അക്കാദമിക് ഇയർ ആയി പരിഗണിക്കാനും ആലോചനയുണ്ട്.
അതേസമയം അൺലോക്ക് നാലാം ഘട്ടത്തിൽ മെട്രോ സർവ്വീസുകൾ പുനരാരംഭിക്കാനാണ് കേന്ദ്രസർക്കാർ തിരുമാനം. സെപ്റ്റംബര്‍ ഏഴു മുതല്‍ ഘട്ടം ഘട്ടമായി തുടങ്ങാനാണ് തിരുമാനം. 21 മുതൽ പൊതുപരിപാടികൾ നടത്താനും അനുമതിയുണ്ട്. 100 പേർക്ക് മാത്രമേ പങ്കെടുക്കാൻ അനുമതിയുള്ളൂ. സിനിമാ തിയേറ്ററുകളും സ്വിമ്മിങ് പൂളുകളും തുറക്കില്ല. 21 മുതല്‍ ഓപ്പണ്‍ തിയേറ്ററുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാനും അനുമതിയുണ്ട്.