പോളിംഗ് ബൂത്തില്‍വെച്ച് പ്രിസൈഡിംഗ് ഓഫീസറെ തല്ലി; ബിജെപി എംഎല്‍എയ്‌ക്കെതിരെ കേസ്
ലഖ്‌നൗ: പോളിംഗ് ബൂത്തില്‍ വെച്ച് പ്രിസൈഡിംഗ് ഓഫീസറെ മര്‍ദ്ദിച്ചതിന് ബി ജെ പി എം എല്‍ എ സംഗീത് സോമിനെതിരെ പൊലീസ് കേസെടുത്തു. വ്യാഴാഴ്ച നടന്ന ഉത്തര്‍പ്രദേശ് ഒന്നാം ഘട്ട വോട്ടെടുപ്പിനിടെയായിരുന്നു സംഭവം. ഫെബ്രുവരി 10 ന് ഉച്ചകഴിഞ്ഞ് 3 മണിയോടെ മീററ്റ് ജില്ലയിലെ സലാവ ഗ്രാമത്തിലെ 131-ാം നമ്പര്‍ ബൂത്തിലേക്ക് സംഗീത് സോമും അദ്ദേഹത്തിന്റെ അനുയായികളും ഇരച്ചു കയറി ആക്രമിക്കുകായിരുന്നു. വോട്ടര്‍മാരുടെ നീണ്ട നിര അപ്പോള്‍ പോളിംഗ് ബൂത്തിലുണ്ടായിരുന്നു. ഇതില്‍ അസ്വസ്ഥനായാണ് സംഗീത് പ്രിസൈഡിംഗ് ഓഫീസറെ കൈയേറ്റം ചെയ്തത്.
പ്രിസൈഡിംഗ് ഓഫീസറുമായി തര്‍ക്കത്തിലേര്‍പ്പെട്ട സംഗീത് സോം വോട്ടിംഗ് മെല്ലെ നടക്കുന്നതെന്താണെന്ന് ചോദിച്ചിരുന്നു. പിന്നീട് സംഗീത് സോം പ്രിസൈഡിംഗ് ഓഫീസറെ ആക്രമിച്ചത്. എം എല്‍ എയുടെ അനുയായികള്‍ ബൂത്തിനകത്ത് സ്ഥാപിച്ചിരുന്ന സി സി ടി വി ക്യാമറകള്‍ എടുത്തുകളഞ്ഞതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.

'വ്യാഴാഴ്ച പത്തുമണിക്കൂറോളം പ്രിസൈഡിംഗ് ഓഫീസര്‍ അശ്വിനി ശര്‍മ്മയെ പരാതി നല്‍കാന്‍ ഞങ്ങള്‍ കാത്തിരുന്നു, പക്ഷേ അദ്ദേഹം വന്നില്ല, ഇതിനെത്തുടര്‍ന്ന് നിയമസഭാംഗത്തിനെതിരെ സര്‍ധന പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ലക്ഷ്മണ്‍ വര്‍മ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. ഞങ്ങള്‍ കേസ് അന്വേഷിക്കുകയാണ്, ഞങ്ങളുടെ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം നടപടിയെടുക്കും, ''മീററ്റ് പോലീസ് സൂപ്രണ്ട് (എസ് എസ് പി) പ്രഭാകര്‍ ചൗധരി ശനിയാഴ്ച പറഞ്ഞു.
എഫ് ഐ ആറിന്റെ പകര്‍പ്പ് അതേ ദിവസം തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ചുവെന്നും കേസ് ബലപ്പെടുത്താന്‍ മൊഴി രേഖപ്പെടുത്താന്‍ എത്തണമെന്ന് പൊലീസ് പ്രിസൈഡിംഗ് ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എസ് എസ് പി പറഞ്ഞു. സര്‍ധനയില്‍ നിന്നുള്ള എം എല്‍ എയാണ് സംഗീത് സോം. തുടര്‍ച്ചയായ രണ്ട് തവണയായി സംഗീത് സോം ഇവിടെ എം എല്‍ എയാണ്. ഇത്തവണയും സംഗീത് സോം ഇവിടെ നിന്ന് മത്സരിക്കുന്നുണ്ട്.
അതേസമയം പുതിയ എഫ് ഐ ആര്‍ പ്രകാരം സംഗീത് സോമിനെതിരായ കേസുകളുടെ എണ്ണം എട്ടായി ഉയര്‍ന്നു. എന്നാല്‍ ഇവയിലൊന്നിലും ഇതുവരെ അദ്ദേഹം ശിക്ഷിക്കപ്പെട്ടിട്ടില്ല. 2013ലെ മുസാഫര്‍നഗര്‍ കലാപക്കേസിലും സോമിന് പ്രതിയായിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷം പ്രാദേശിക കോടതി ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.












Click it and Unblock the Notifications