യുപിയിൽ ബിജെപിക്ക് അടുത്ത തിരിച്ചടി; എംപി റീത്താ ബഹുഗുണയുടെ മകൻ സമാജ്വാദി പാർട്ടിയിലേക്ക്
ലഖ്നൗ; ഉത്തർപ്രദേശിൽ ബി ജെ പിയെ പ്രതിസന്ധിയിലാക്കി എം പി റീത്താ ബഹുഗണുയുടെ മകൻ സമാജ്വാദി പാർട്ടിയിലേക്ക്. മായങ്ക് ജോഷിയാണ് എസ് പിയിൽ ചേരുക. നേരത്തേ മൂന്ന് മന്ത്രിമാരും ഒരു ഡസനോളം എം എൽ എമാരും പാർട്ടി വിട്ട് അഖിലേഷ് യാദവിന്റെ എസ് പിയിൽ ചേർന്നിരുന്നു. പിന്നാലെയാണ് ഇപ്പോൾ മറ്റൊരു പ്രമുഖ നേതാവ് കൂടി എസ് പിയിലേക്ക് പോകാൻ ഒരുങ്ങുന്നത്.

ലഖ്നൗ കണ്ടോൻമെന്റ് സീറ്റിൽ നിന്ന് മകനെ മത്സരിപ്പിക്കണമെന്ന ആവശ്യം റീത്ത നേതൃത്വത്തോട് ഉന്നയിച്ചിരുന്നു. 2009 മുതൽ മണ്ഡലത്തിൽ മായങ്ക് പ്രവർത്തിച്ച് വരികയാണെന്നും ഇത്തവണ സ്ഥാനാർത്ഥിത്വം നൽകണമെന്നുമായിരുന്നു ആവശ്യം. കുടുംബത്തിൽ ഒരാൾക്ക് മാത്രമേ സീറ്റ് നൽകൂവെന്ന നിലപാടിലാണ് നേതൃത്വമെങ്കിൽ തന്റെ എം പി സ്ഥാനം രാജിവെയ്ക്കാൻ തയ്യാറാണെന്ന് വരെ അവർ വ്യക്തമാക്കിയിരുന്നു.

രാജിവെച്ചാലും പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുമെന്നും പാർട്ടി അധ്യക്ഷൻ കൂടിയായ ജെ പി നദ്ദയെ അവർ അറിയിച്ചിരുന്നു. എന്നാൽ സീറ്റ് അനുവദിക്കാൻ ബി ജെ പി നേതൃത്വം തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് എസ് പിയിലേക്ക് ചേക്കേറാൻ മായങ്ക് ഒരുങ്ങുന്നത്. മായങ്കും റീത്താ ബഹുഗുണയും എസ് പി നേതൃത്വവുമായി ചർച്ച നടത്തിയെന്നും ഉടൻ തന്നെ മായങ്ക് പാർട്ടിയിൽ ചേരുമെന്നും എസ് പി വക്താവ് ഫക്രുൽ ചന്ദ് പ്രതികരിച്ചു.

1996, 2007, 2009 വർഷങ്ങളിൽ ബി ജെ പി വിജയിച്ച മണ്ഡലം 2012 ൽ റീത്ത ബഹുഗുണയിലൂടെ കോൺഗ്രസ് പിടിച്ചെടുത്തു. പിന്നീട് ബി ജെ പിയിലെത്തിയ റീത്ത 2017 ൽ ബി ജെ പി ടിക്കറ്റിൽ മണ്ഡലം നില നിർത്തുകയായിരുന്നു. എസ് പി നേതാവും മുലായം സിംഗിന്റെ മരുമകളുമായിരുന്ന അപർണ യാദവ് ആയിരുന്നു അന്ന് റീത്തയുടെ എതിരാളി.

അപർണ ബി ജെ പിയിൽ ചേർന്നതോടെ ഇക്കുറി ബി ജെ പി അപർണയ്ക്ക് മണ്ഡലത്തിൽ സീറ്റ് അനുവദിക്കുമോയെന്നുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. 2017 ൽ 60,00 വോട്ടുകളായിരുന്നു മണ്ഡലത്തിൽ അപർണക്ക് ലഭിച്ചത്. അതേസമയം ആർക്ക് സീറ്റ് നൽകുമെന്ന കാര്യത്തിൽ ഇതുവരേയും നേതൃത്വം പ്രതികരിച്ചിട്ടില്ല. ബ്രാഹ്മണ സമുദായത്തിന് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് ലഖ്നൗ കന്റോൺമെന്റ് സീറ്റ്.

അതേസമയം നേരത്തേ പാർട്ടി വിട്ട മന്ത്രിമാർ ആയിരുന്ന സ്വാമി പ്രസാദ് മൗര്യ, ദാരാ സിംഗ് ചൗഹാൻ, ധരം സിംഗ് സൈനി എന്നിവർ ഒ ബി സി വിഭാഗക്കാർ ആയിരുന്നെങ്കിൽ മായങ്ക് ബ്രാഹ്മണ സമുദായാംഗമാണ്. ബി ജെ പിക്കെതിരെ ബ്രാഹ്മണ സമുദായത്തിന് കടുത്ത അതൃപ്തി നിലനിൽക്കുന്നതിനിടെയാണ് മായങ്കിന്റെ കൂടുമാറ്റം. ഇത് പാർട്ടിക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതിനിടെ കന്റോൺമെന്റ് സീറ്റിൽ തന്നെ തന്നെ മത്സരിപ്പിക്കണമെന്ന ആവശ്യവുമായി സിറ്റിംഗ് എം എൽ എ കൂടിയായ സുരേഷ് തിവാരി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ തിവാരിക്കോ അപർണയ്ക്ക് ബി ജെ പി സീറ്റ് നൽകിയേക്കാൻ സാധ്യത ഇല്ലെന്നാണ് റിപ്പോർട്ട്. മണ്ഡലത്തിൽ നിന്നും ബ്രാഹ്മണ സമുദായംഗമായ ഒരു പുതുമുഖത്തെ മത്സരിപ്പിക്കണമെന്ന നിലപാടിലാണ് നേതൃത്വം എന്നാണ് സൂചന. ക്ഷത്രിയ സമുദായാംഗമാണ് അപർണ. മായങ്ക് എസ് പി സ്ഥാനാർത്ഥിയായി മണ്ഡലത്തിൽ എത്തിയാൽ ബ്രാഹ്മണ വോട്ടുകൾ ലക്ഷ്യം വെച്ച് സമുദായത്തിൽ നിന്നുള്ള യുവ നേതാവിനെ ബി ജെ പി മത്സരിപ്പിക്കാനുള്ള സാധ്യത ഉണ്ട്.
'സാഹചര്യങ്ങൾ കഠിനമാകുമ്പോൾ തല ഉയർത്തിപിടിച്ച് തന്നെ നിൽക്കണം'..ചർച്ചയായി റിമ കല്ലിങ്കലിൻറെ ഫോട്ടോകൾ












Click it and Unblock the Notifications