യുപിയില്‍ നാലാം ഘട്ട വോട്ടെടുപ്പ് തുടങ്ങി; ലഖിംപൂരിലെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര
ലഖ്‌നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴ് മണിയ്ക്ക് തന്നെ ആരംഭിച്ച വോട്ടെടുപ്പ് കനത്ത സുരക്ഷയിലാണ് നടക്കുന്നത്. 9 ജില്ലകളിലെ 59 മണ്ഡലങ്ങളിലേക്കാണ് നാലാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ലഖിംപൂര്‍ ഖേരിയും റായ്ബറേലിയും ഉന്നാവോയുമടക്കമുള്ള ജില്ലകളാണ് ഇന്ന് വോട്ടെടുപ്പിന് പോകുന്നത്. പിലിഭിത്, സീതാപൂര്‍, ഹര്‍ദോയ്, ലഖ്നൗ, ബന്ദ, ഫത്തേപൂര്‍ എന്നീ ജില്ലകളിലെ നിയമസഭാ മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്.
624 സ്ഥാനാര്‍ത്ഥികളാണ് നാലാം ഘട്ട വോട്ടെടുപ്പില്‍ മത്സരരംഗത്തുള്ളത്. ഭരണകക്ഷിയായ ബി ജെ പി 57 സീറ്റുകളിലാണ് ഇവിടെ മത്സരിക്കുന്നത്. സഖ്യകക്ഷിയായ അപ്നാദള്‍ (എസ്) മൂന്ന് സീറ്റിലും മത്സരിക്കും. ബി എസ് പിയും കോണ്‍ഗ്രസും മുഴുവന്‍ സീറ്റുകളിലും സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്നുണ്ട്. സമാജ്വാദി പാര്‍ട്ടി 58 സീറ്റുകളിലാണ് മത്സരിക്കുന്നത്. 2017 ല്‍ 59 ല്‍ 51 സീറ്റുകളും ഇവിടെ നേടാന്‍ ബിജെപിക്ക് സാധിച്ചിരുന്നു.

എന്നാല്‍ ഇക്കുറി കര്‍ഷക രോഷം ആളിക്കത്തിയ ലഖിംപൂര്‍ ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ മേഖലയില്‍ ബി ജെ പിക്ക് വലിയ വെല്ലുവിളിയാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ലഖിംപൂരിലെ ബൂത്തുകളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാവിലെ മുതല്‍ ലഖിംപൂര്‍ ഖേരിയിലെ പല ബൂത്തുകളിലും നീണ്ട നിര ദൃശ്യമാകുന്നുണ്ട്.
യു പി തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടം സുരക്ഷിതമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ 20,000 ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്ന് ബന്ദ എസ് പി അഭിനന്ദന്‍ സിംഗ് പറഞ്ഞു. എല്ലാ അന്തര്‍ സംസ്ഥാന, സംസ്ഥാന അതിര്‍ത്തികളും അടച്ചു. സോഷ്യല്‍ മീഡിയ മുഴുവന്‍ സമയവും നിരീക്ഷിച്ചുവരികയാണ്. ബന്ദ ജില്ലയില്‍ ആകെ 48 പ്രശ്‌നബാധിത ബൂത്തുകളാണുള്ളത്.
ഉത്തര്‍പ്രദേശിലെ 59 അസംബ്ലി സീറ്റുകളിലായി 800 കമ്പനി അര്‍ദ്ധസൈനിക വിഭാഗങ്ങളും 60,000-ത്തിലധികം പോലീസുകാരും സുരക്ഷയൊരുക്കും. 59 അസംബ്ലി നിയോജക മണ്ഡലങ്ങളില്‍ മൂന്നെണ്ണം സെന്‍സിറ്റീവ് വിഭാഗമായും 590 പ്രദേശങ്ങളെ ദുര്‍ബല പ്രദേശങ്ങളായും തരംതിരിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
അതേസമയം ജനാധിപത്യം ശക്തിപ്പെടുത്തുന്നതിനായി എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. ബി എസ് പി അധ്യക്ഷ മായാവതി ലഖ്‌നൗവിലെ മുനിസിപ്പല്‍ നഴ്‌സറി സ്‌കൂളിലെത്തി വോട്ട് ചെയ്തു. റായ്ബറേലിയിലെ മുന്‍ കോണ്‍ഗ്രസ് എം എല്‍ എ അദിതി സിംഗും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications