Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപിയില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയ്‌ക്കെതിരെ വീണ്ടും രാജ്യദ്രോഹക്കുറ്റം; രണ്ട് കേസിലും പരാതിക്കാര്‍ പൊലീസ്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പ്രതിപക്ഷ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയ്ക്ക് നേരെ വീണ്ടും രാജ്യദ്രോഹക്കേസ്. ജനുവരി 31 ന് ഒരു പൊതുയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ ആക്ഷേപകരമായ പ്രസ്താവനകള്‍ നടത്തിയെന്നാരോപിച്ച് കോണ്‍ഗ്രസിന്റെ അജയ് റായിക്കെതിരെ വാരണാസി പൊലീസ് ശനിയാഴ്ച കേസെടുത്തു. നേരത്തെ ആര്‍ എല്‍ ഡി- എസ് പി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി ഡോ നീരജ് ചൗധരിയ്‌ക്കെതിരേയും പൊലീസ് കേസെടുത്തിരുന്നു. അനുയായികള്‍ പാകിസ്ഥാന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ചായിരുന്നു കേസെടുത്തത്.

രണ്ട് കേസിലും പൊലീസുകാരന്‍ തന്നെയാണ് പരാതിക്കാരനെന്നതും ശ്രദ്ധേയമാണ്. രണ്ട് കേസുകളിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. റായിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബി ജെ പി തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് റായിക്കെതിരെ പൊലീസ് നടപടി. ജനുവരി 31ന് അനുമതി വാങ്ങാതെ പിന്ദ്രയില്‍ റായ് പൊതുയോഗം നടത്തിയെന്ന് സബ് ഇന്‍സ്പെക്ടര്‍ രാം കൃഷ്ണ യാദവ് പരാതി നല്‍കിയതായി പൊലീസ് പറഞ്ഞു. ഉപ്പ് എടുത്ത് തയ്യാറായിക്കോളൂ, മാര്‍ച്ച് 7 ന് ഞങ്ങള്‍ മോദിയെയും യോഗിയെയും സംസ്‌കരിക്കും എന്ന് തന്റെ പ്രസംഗത്തിനിടെ അദ്ദേഹം ആളുകളോട് പറഞ്ഞുവെന്നാണ് പരാതി.

1

ജനങ്ങള്‍ക്കിടയില്‍ ശത്രുത സൃഷ്ടിക്കാനും ക്രമസമാധാനം തകര്‍ക്കാനുമാണ് പരാമര്‍ശങ്ങളെന്നും നാലംഗ സംഘം അന്വേഷണം നടത്തി എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും യാദവിന്റെ പരാതിയില്‍ പറയുന്നു. റായിയുടെ യോഗത്തില്‍ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെയും കോവിഡ് -19 പ്രോട്ടോക്കോളുകളുടെയും ലംഘനവും പൊലീസ് കണ്ടെത്തിയതായി എഫ്ഐആര്‍ പറയുന്നു. റായിയുടെ ആക്ഷേപകരമായ പ്രസ്താവനയുടെ വീഡിയോ തങ്ങളുടെ പക്കലുണ്ടെന്ന് പിന്ദ്ര സര്‍ക്കിള്‍ ഓഫീസര്‍ അഭിഷേക് കുമാര്‍ പാണ്ഡെ പറഞ്ഞു. റിട്ടേണിംഗ് ഓഫീസര്‍ രൂപീകരിച്ച അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് തങ്ങള്‍ നടപടിയെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ''വീഡിയോ പരിശോധനയ്ക്കായി ഫോറന്‍സിക് ലബോറട്ടറിയിലേക്ക് അയയ്ക്കും,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു

2

ഐ പി സി സെക്ഷന്‍ 188 (പൊതുപ്രവര്‍ത്തകന്‍ യഥാവിധി പുറപ്പെടുവിച്ച ഉത്തരവ് അനുസരിക്കാത്തത്), 269 (ജീവന് അപകടകരമായ രോഗം പകരാന്‍ സാധ്യതയുള്ള അശ്രദ്ധ), 124-എ (രാജ്യദ്രോഹം), 153-എ (ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 153 (കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ മനപ്പൂര്‍വ്വം പ്രകോപനം നല്‍കുക) എന്നിവ പ്രകാരമാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം ആരോപണം നിഷേധിച്ച് റായ് രംഗത്തെത്തി. ന്യായവില കടകളില്‍ നിന്ന് വിതരണം ചെയ്യുന്ന ഉപ്പ് ഗുണനിലവാരമുള്ളതല്ലെന്ന് ആളുകള്‍ക്ക് പരാതിയുണ്ടെന്നും ഇത് കഴിച്ചതിന് ശേഷം ആളുകള്‍ രോഗബാധിതരായിരുന്നുവെന്നും അതിനെക്കുറിച്ചാണ് താന്‍ പ്രസംഗത്തില്‍ പറയാന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

3

അത് (ഉപ്പ്) ശേഖരിക്കാനും വോട്ടെടുപ്പ് ദിവസമായ മാര്‍ച്ച് 7 ന് അവരെ (ബി ജെ പി) സംസ്‌കരിക്കാനും ഞാന്‍ ആളുകളോട് പറഞ്ഞു... പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും കുറിച്ച് എന്തെങ്കിലും പറഞ്ഞതായി ബോധപൂര്‍വം തെറ്റായി വ്യാഖ്യാനിച്ചതാണെന്നും റായ് വ്യക്തമാക്കി. അഞ്ച് തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുന്‍ എം എല്‍ എ കൂടിയായ അജയ് റായിയെ വാരാണസിയിലെ പിന്ദ്ര സീറ്റില്‍ നിന്നാണ് കോണ്‍ഗ്രസ് ഇത്തവണ മത്സരിപ്പിക്കുന്നത്. 2017ലെ തിരഞ്ഞെടുപ്പിലും പിന്ദ്രയില്‍ നിന്ന് മത്സരിച്ച റായി ബി ജെ പിയുടെ അവധേഷ് സിങ്ങിനോട് പരാജയപ്പെട്ടിരുന്നു. നേരത്തെ 2014ലെയും 2019ലെയും പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ വാരാണസിയില്‍ നിന്ന് മോദിക്കെതിരെ റായ് മത്സരിച്ച് പരാജയപ്പെട്ടിരുന്നു.

4

ഭൂമിഹാര്‍ സമുദായത്തില്‍പ്പെട്ട റായിക്ക് ബ്രാഹ്മണര്‍ക്കും ഭൂമിഹാറുകള്‍ക്കും ഇടയില്‍ ഗണ്യമായ സ്വാധീനമുണ്ട്. ബി ജെ പിയില്‍ നിന്ന് രാഷ്ട്രീയ ജീവിതം ആരംഭിച്ച അദ്ദേഹം വാരണാസിയില്‍ നിന്ന് മൂന്ന് തവണ ബി ജെ പി എം എല്‍ എയായി തിരഞ്ഞെടുക്കപ്പെട്ടു. 2009ല്‍ പാര്‍ട്ടി വിട്ട അദ്ദേഹം ലോക്സഭാ തിരഞ്ഞെടുപ്പില്‍ എസ് പി ടിക്കറ്റില്‍ മത്സരിച്ച് മൂന്നാം സ്ഥാനത്തെത്തി. അന്ന് മുരളി മനോഹര്‍ ജോഷിയായിരുന്നു ഇവിടെ ജയിച്ചത്. അതേ വര്‍ഷം തന്നെ അദ്ദേഹം കൊളസ്ല മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രനായി നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചു. 2012ല്‍ അന്നത്തെ എ ഐ സി സി ജനറല്‍ സെക്രട്ടറി ദിഗ്വിജയ സിംഗിന്റെ ഇടപെടലിനെ തുടര്‍ന്നാണ് അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 2012 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പിന്ദ്ര മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ റായ് വിജയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+