അവന് വേണ്ടി ഞാന്‍ എന്റെ ജീവന്‍ നല്‍കും; രാഹുലുമായി തര്‍ക്കമുണ്ടെന്ന പ്രചരണം തള്ളി പ്രിയങ്ക ഗാന്ധി
ലഖ്‌നൗ: താനും സഹോദരന്‍ രാഹുല്‍ ഗാന്ധിയും തമ്മില്‍ തര്‍ക്കങ്ങളുണ്ടെന്ന ബി ജെ പി ആരോപണത്തെ തള്ളി എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സഹോദരന് വേണ്ടി താന്‍ ജീവന്‍ നല്‍കാന്‍ പോലും തയ്യാറാണെന്നും രാഹുല്‍ തിരിച്ചും അങ്ങനെയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള ഭിന്നത കോണ്‍ഗ്രസിനെ വീഴ്ത്തുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞതായുള്ള റിപ്പോര്‍ട്ടുകളോട് പ്രതികരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍.
യോഗി ജിയുടെ മനസ്സിലാണ് സംഘര്‍ഷം. ബി ജെ പിയിലെയും അദ്ദേഹവും മോദിജിയും അമിത് ഷായും തമ്മിലുള്ള ഭിന്നത മൂലമാണ് അദ്ദേഹം ഇത് പറയുന്നതെന്ന് തോന്നുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോകാന്‍ ഹെലികോപ്റ്ററില്‍ ഇരിക്കെയാണ് പ്രിയങ്കയുടെ മറുപടി. ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള പ്രിയങ്കയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. രാഷ്ട്രീയ റാലികള്‍ മുതല്‍ ലഡ്കി ഹൂണ്‍ ലദ് ശക്തി ഹൂണ്‍ തുടങ്ങിയ പ്രചാരണങ്ങള്‍ വരെ നടത്തി കോണ്‍ഗ്രസിന്റെ നഷ്ട പ്രതാപം തിരിച്ചു പിടിക്കാനാണ് പ്രിയങ്കയുടെ ശ്രമം.

ഭരണകക്ഷിയായ ബി ജെ പിയെയും പ്രധാന പ്രതിപക്ഷമായ അഖിലേഷ് യാദവിന്റെയും വെല്ലുവിളികളേയാണ് പ്രിയങ്കയ്ക്ക് അതിജീവിക്കാനുള്ളത്. കഴിഞ്ഞ മാസം പ്രിയങ്ക പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന ഊഹാപോഹങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. പ്രകടന പത്രികയുടെ പ്രകാശന വേളയില്‍ ഈ സ്ഥാനത്തേക്ക് പാര്‍ട്ടി തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, 'എന്റെ മുഖം നിങ്ങള്‍ക്ക് എല്ലായിടത്തും കാണാം, അല്ലേ?' എന്നായിരുന്നു പ്രിയങ്കയുടെ മറുപടി. എന്നാല്‍ ഒരേ ചോദ്യം ആവര്‍ത്തിച്ച് ചോദിക്കുന്നതിനാല്‍ 'അല്പം അതിശയോക്തി കലര്‍ന്ന രീതിയില്‍' താന്‍ മറുപടി പറഞ്ഞതാണെന്ന് വിശീദകരിച്ച് പ്രിയങ്ക പിന്നീട് രംഗത്തെത്തിയിരുന്നു.

സ്ത്രീ സുരക്ഷയും തൊഴിലവസരങ്ങളും മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ പത്ത് ദിവസത്തിനുള്ളില്‍ സംസ്ഥാനത്തെ മുഴുവന്‍ കര്‍ഷകരുടേയും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്നാണ് വാഗ്ദാനം. തൊഴിലും പണപ്പെരുപ്പവുമാണ് സംസ്ഥാനത്തെ ഏറ്റവും വലിയ പ്രശ്നങ്ങളായി തിരിച്ചറിഞ്ഞതെന്നും അധികാരത്തിലെത്തിയാല്‍ 20 ലക്ഷം സര്‍ക്കാര്‍ ജോലികള്‍ ലഭ്യമാക്കുമെന്നും പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ട് പ്രിയങ്ക ഗാന്ധി പ്രഖ്യാപിച്ചിരുന്നു.

'ഞങ്ങള്‍ മൂന്ന് പ്രകടന പത്രികകള്‍ പുറത്തിറക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും വേണ്ടിയുള്ള പത്രികകള്‍ നേരത്തെ പുറത്തിറക്കി.പൊതുജനങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രകടന പത്രിക തയ്യാറാക്കിയത്. സാധാരണക്കാര്‍, തൊഴിലാളികള്‍, കര്‍ഷകര്‍, തുടങ്ങിഒരു ലക്ഷം ആളുകളുമായി സംസാരിച്ചാണ് പ്രകടന പത്രിക പുറത്തിറക്കിയത്. തൊഴിലും പണപ്പെരുപ്പവുമാണ് സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങള്‍. നെല്ലും ഗോതമ്പും ക്വിന്റലിന് 2500 രൂപയ്ക്കും കരിമ്പ് 400 രൂപയ്ക്കും വാങ്ങുമെന്നും പത്രികയിലുണ്ട്.

കര്‍ഷകര്‍ക്കുള്ള വൈദ്യുതി ബില്ലുകള്‍ പകുതിയായി കുറയ്ക്കും, കൊവിഡ് ബാധിത കാലയളവിലെ ബില്ലുകള്‍ എഴുതിത്തള്ളും, കൃഷി നശിച്ച കര്‍ഷകര്‍ക്ക് 3,000 രൂപ നഷ്ടപരിഹാരമായി നല്‍കും എന്നും കോണ്‍ഗ്രസ് പറയുന്നു. 'പൊലീസ്, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നിവയുള്‍പ്പെടെ പൊതുമേഖലയില്‍ 12 ലക്ഷം തൊഴിലവസരങ്ങള്‍ കണ്ടെത്തും. ഇത് കൂടാതെ എട്ട് ലക്ഷം തൊഴിലവസരങ്ങള്‍ കൂടി നല്‍കും. കൊവിഡ് മൂലം ദുരിതം അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് 25,000 രൂപയുടെ സാമ്പത്തിക സഹായവും കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഉറപ്പാക്കുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ഒന്നാം ഘട്ട വോട്ടെടുപ്പ് ഫെബ്രുവരി 10 ന് കഴിഞ്ഞ യു പിയില്‍ രണ്ടാം ഘട്ടം ഫെബ്രുവരി 14 നാണ്. ഏഴ് ഘട്ടങ്ങളിലായിട്ടാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 10 ന് ഫലമറിയാം.












Click it and Unblock the Notifications