യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സും സുരക്ഷാഉപദേഷ്ടാവ് വാള്‍ട്ട്‌സും 21-ന് ഇന്ത്യയില്‍; മോദിയുമായി ചര്‍ച്ച
ന്യൂഡല്‍ഹി: അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെഡി വാന്‍സും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ വാള്‍ട്ട്‌സും ഏപ്രില്‍ 21 ന് ഇന്ത്യയിലെത്തും. നാലു ദിവസം നീളുന്ന സന്ദര്‍ശനത്തിനിയാണ് ജെഡി വാന്‍സ് എത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ഇരുവരും കൂടിക്കാഴ്ച്ച നടത്തും. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് യുദ്ധവുമായി ബന്ധപ്പെട്ട് ലോകമെമ്പാടുമുള്ള ആശങ്കകള്‍ക്കിടെയാണ് ജെഡി വാന്‍സിന്റെ ഇന്ത്യയിലേക്കുള്ള സന്ദര്‍ശനം എന്നത് ശ്രദ്ധേയമാണ്.
യുഎസ് വൈസ് പ്രസിഡന്റായി സ്ഥാനമേറ്റതിനു ശേഷം വാന്‍സിന്റെ ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണിത്. ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാര്‍ അന്തിമമാക്കുന്നതിന്റെ ഭാഗമായിട്ടായിരിക്കും ഈ സന്ദര്‍ശനമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഔദ്യോഗികമായ കൂടിക്കാഴ്ച്ചകള്‍ ഉണ്ടെങ്കിലും ജെഡി വാന്‍സിന്റെ സന്ദര്‍ശനം സ്വകാര്യ യാത്ര കൂടിയായിരിക്കും. ഇന്ത്യയില്‍ വേരുകളുള്ള ഭാര്യ ഉഷ വാന്‍സും യാത്രയില്‍ ഒപ്പമുണ്ടാകും.

ഉഷ വാന്‍സിന് ഇന്ത്യയില്‍ നിരവധി ബന്ധുക്കളുണ്ട്. അവരെ സന്ദര്‍ശിക്കുന്നതിനും ദമ്പതികള്‍ സമയം കണ്ടെത്തും. ഇന്ത്യയുടെ ചരിത്രപ്രധാന കേന്ദ്രങ്ങളായ ജയ്പൂര്‍, ആഗ്ര തുടങ്ങിയ സ്ഥലങ്ങളും വാന്‍സും ഭാര്യയും സന്ദര്‍ശിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി വാന്‍സിനും കുടുംബത്തിനും അത്താഴവിരുന്നും സംഘടിപ്പിക്കുന്നുണ്ട്.
താരിഫുകളില്‍ അമേരിക്ക എല്ലാ രാജ്യങ്ങളോടും വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളതെങ്കിലും ഇന്ത്യയുമായുള്ള വ്യാപാര ചര്‍ച്ചകളില്‍ സംഘര്‍ഷം ലഘൂകരിക്കാന്‍ ജെഡി വാന്‍സിന് കഴിയുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.
സാമ്പത്തിക സഹകരണം, പ്രതിരോധ പങ്കാളിത്തം, പ്രാദേശിക സുരക്ഷ എന്നിവയില്‍ സഹകരണം ശക്തമാക്കി അമേരിക്കയും ഇന്ത്യയും തമ്മിലുള്ള നയതന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുക എന്നതാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം. ട്രംപ് വ്യാപാര യുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തില്‍ യുഎസ് വൈസ് പ്രസിഡന്റ് വാന്‍സിന്റെ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അതേസമയം, ഇന്ത്യ-യുഎസ് നയതന്ത്ര സംഭാഷണങ്ങള്‍ക്കായാണ് മൈക്കല്‍ വാള്‍ട്‌സ് എത്തുന്നത്. ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷാ സാഹചര്യം ഉള്‍പ്പെടെ നിരവധി പ്രധാന വിഷയങ്ങളില്‍ വിപുലമായ ചര്‍ച്ചകള്‍ നടത്തും. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി അജിത് ഡോവലുമായി വാള്‍ട്ട്‌സ് കൂടിക്കാഴ്ച്ച നടത്തും. ഡല്‍ഹി ആസ്ഥാനമായുള്ള അനന്ത സെന്റര്‍ സംഘടിപ്പിക്കുന്ന ഇന്തോ-യുഎസ് ഫോറത്തിലും വാള്‍ട്‌സ് സംസാരിക്കും.
നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുളസി ഗബ്ബാര്‍ഡിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് ശേഷമായിരിക്കും വാന്‍സിന്റെയും വാള്‍ട്ട്‌സിന്റെയും സന്ദര്‍ശനങ്ങള്‍. ഏപ്രില്‍ 22 മുതല്‍ രണ്ട് ദിവസത്തെ സൗദി അറേബ്യ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പോകുന്നതിന് മുമ്പ് ജെഡി വാന്‍സും വാള്‍ട്ട്‌സുമായി കൂടിക്കാഴ്ച്ച നടത്തും.
ഫെബ്രുവരിയില്‍ പാരീസില്‍ നടന്ന എഐ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജെഡി വാന്‍സിനെയും കുടുംബാംഗങ്ങളെയും സന്ദര്‍ശിച്ചിരുന്നു. ആന്ധ്രാപ്രദേശിലെ വട്ലൂരില്‍നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ കുടുംബത്തിലെ അംഗമാണ് ഉഷ വാന്‍സ്. രണ്ടാം വനിത എന്ന നിലയില്‍ ഉഷ വാന്‍സിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്.












Click it and Unblock the Notifications