വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്തിട്ടില്ല, അക്രമത്തില്‍ പങ്കില്ല, ആരോപണങ്ങള്‍ തള്ളി പോലീസ്!!
ദില്ലി: ജാമിയ മിലിയ സര്‍വകലാശാലയിലെ അക്രമത്തില്‍ പ്രതികരണവുമായി ദില്ലി പോലീസ്. ഒരു വിദ്യാര്‍ത്ഥിക്ക് നേരെ പോലും പോലീസ് വെടിയുതിര്‍ത്തിട്ടില്ലെന്ന് പോലീസ് പിആര്‍ഒ എംഎസ് രണ്‍ദാവ പറഞ്ഞു. ഞങ്ങള്‍ പ്രൊഫഷണല്‍ പോലീസാണ്. വളരെ നിയന്ത്രിതമായ തരത്തിലാണ് പോലീസ് സേനയെ അക്രമം നിയന്ത്രിക്കാനായി നിയോഗിച്ചതെന്നും രണ്‍ദാവ പറഞ്ഞു. പ്രതിഷേധം അക്രമാസക്തമായതോടെ 30 പോലീസുകാര്‍ക്ക് പരിക്കേറ്റെന്നും അദ്ദേഹം പറഞ്ഞു.

എസിപി, ഡിസിപി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്കാണ് പരിക്കേറ്റത്. മൂന്ന് പേര്‍ക്ക് ഒടിവുകളുണ്ട്. ഒരു പോലീസുകാരന്‍ ഐസിയുവിലാണെന്നും രണ്‍ദാവ പറഞ്ഞു. അതേസമയം സോഷ്യല്‍ മീഡിയ വഴി നിരവധി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കെതിരെ അക്രമം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കും. പോലീസുകാരാണ് ബസ്സുകള്‍ കത്തിച്ചതെന്ന് അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. അത് തെറ്റാണ്. ഒരാള്‍ പോലും ഇതുവരെ മരിച്ചിട്ടില്ലെന്നും രണ്‍ദാവ വ്യക്തമാക്കി.
വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കാന്‍ എത്തുമ്പോള്‍ പോലീസിന്റെ കൈവശം തോക്കുകള്‍ ഉണ്ടായിരുന്നില്ലെന്നും പിആര്‍ഒ പറഞ്ഞു. ജാമിയ ഒരിക്കലും ഒറ്റക്കെട്ടായുള്ള ക്യാമ്പസല്ല. റോഡിന്റെ മറുഭാഗത്ത് ബ്ലോക്കുകള്‍ ഉണ്ടായിരുന്നു. അവിടേക്ക് വിദ്യാര്‍ത്ഥികള്‍ എത്തിയപ്പോള്‍ അവരെ തടഞ്ഞിരുന്നു. അത് ഇന്നലെയും തുടര്‍ന്നു. എന്നാല്‍ ജനവാസ മേഖലയിലുള്ള മേഖലയില്‍ നിന്നാണ് പ്രതിഷേധക്കാര്‍ ഇന്നലെ എത്തിയത്. വൈകീട്ടോടെ ചില പ്രതിഷേധക്കാര്‍ മാതാ മന്ദിര്‍ മാര്‍ഗിലേക്ക് വരികയും ബസ് കത്തിക്കുകയുമായിരുന്നുവെന്ന് രണ്‍ദാവ പറഞ്ഞു.
Recommended Video
പോലീസ് നടപടിയില്‍ ശക്തമായി പ്രതിഷേധിച്ച് ജാമിയ വൈസ് ചാന്‍സിലര്‍ നജ്മ അക്തറും രംഗത്തെത്തി. ഉന്നത തലത്തിലുള്ള അന്വേഷണം വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. പോലീസ് കടന്നുകയറിയതിനെതിരെ പരാതി നല്‍കുമെന്നും നജ്മ പറഞ്ഞു. ജാമിയയെയും ഇവിടെയുള്ള വിദ്യാര്‍ത്ഥികളെയും മോശക്കാരാക്കാന്‍ അനുവദിക്കില്ല. നിങ്ങള്‍ക്ക് വസ്തുവകകള്‍ വീണ്ടും നിര്‍മിക്കാം. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ അനുഭവിച്ച പ്രശ്‌നങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സാധിക്കില്ലെന്നും നജ്മ അക്തര്‍ പറഞ്ഞു.












Click it and Unblock the Notifications