ഉത്തരാഖണ്ഡിൽ സത്യപ്രതിജ്ഞ ബുധാനാഴ്ച; ഗോവയിൽ 28 ന് ..പ്രധാനമന്ത്രി പങ്കെടുക്കും
ദില്ലി; ഉത്തരഖാണ്ഡിൽ ബി ജെ പി സർക്കാർ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച അനിശ്ചിതത്വം അവസാനിച്ചതോടെയാണ് ഇത്. പുഷ്കർ സിംഗ് ധാമി തന്നെ മുഖ്യമന്ത്രിയായി തുടരട്ടെയെന്ന് കഴിഞ്ഞ ദിവസം ചേർന്ന ബി ജെ പി നിയമസഭ കക്ഷി യോഗത്തിൽ തിരുമാനിച്ചിരുന്നു.

ധാമി നിയമസഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെയായിരുന്നു അനിശ്ചിതത്വം ഉയർന്നത്. ഖതിമ നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഭുവന്‍ ചന്ദ്ര കാപ്രിയോട് 6932 വോട്ടുകള്‍ക്കാണ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പരാജയം രുചിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ മുഴുവൻ എം എൽ എമാരും ധാമിയെ പിന്തുണയ്ക്കുകയായിരുന്നു. തുടർന്നാണ് സംസ്ഥാനത്ത് വീണ്ടും അവസരം നൽകാൻ നേതൃത്വം തിരുമാനിച്ചത്.
അതേസമയം ഗോവയിലും ബി ജെ പി സർക്കാർ അധികാരമേൽക്കും. 28 നാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ. രാവിലെ 11 മണിക്ക് ഡോ ശ്യാമ പ്രസാദ് മുഖർജി സ്റ്റേഡിയത്തിലാണ് ചടങ്ങുകൾ. പ്രധാനമന്ത്രി മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, ബിജെപി ഭരിക്കുന്ന ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എന്നിവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.
40 അംഗ നിയമസഭയിൽ ബി ജെ പിക്ക് 21 സീറ്റുകളായിരുന്നു ലഭിച്ചത്. കേവല ഭൂരിപക്ഷത്തിന് 22 സീറ്റുകളാണ് ആവശ്യം. നിലവിൽ 25 പേരുടെ പിന്തുണയാണ് ബി ജെ പിക്കുള്ളത്. മഹാരാഷ്ട്ര ഗോമന്ത് പാർട്ടിയുടെ 2 എം എൽ എമാരും മൂന്ന് സ്വതന്ത്രരുമാണ് ബി ജെ പിക്ക് പിന്തുണ പ്രഖ്യാപിച്ചത്.
ഗോവയിൽ സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ഉണ്ടായിട്ടും മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച തർക്കങ്ങളെ തുടർന്നായിരന്നു മന്ത്രിസഭ രൂപീകരണം വൈകിയത്. മുഖ്യമന്ത്രിയായിരുന്ന പ്രമോദ് സാവന്തിന്റെ നിറം മങ്ങിയ വിജയത്തോടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മറ്റ് പേരുകൾ ഉയരുകയായിരുന്നു. സാവന്ത് അല്ലേങ്കിൽ മുൻ ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ, ഹിമാചൽ ഹവർണർ ആയിരുന്ന രാജേന്ദ്ര അർലേക്കർ എന്നിവരുടെ പേരുകളായിരുന്നു പരിഗണിക്കപ്പെട്ടിരുന്നത്. തർക്കം രൂക്ഷമായതോടെ കേന്ദ്ര നേതൃത്വം ഇടപെടുകയായിരുന്നു.
തുടർന്ന് തിങ്കളാഴ്ച ചേർന്ന നിയമസഭ കക്ഷി യോഗത്തിൽ എം എൽ എമാർ സാവന്തിനെ പിന്തുണയ്ക്കുകയായിരുന്നു. മോദിയുടെ ഏറ്റവും അടുത്ത വിശ്വസ്തനാണ് പ്രമോദ് സാവന്ത്. 2019 ൽ മുഖ്യമന്ത്രിയായിരുന്ന മനോഹർ പരീക്കറിന്റെ മരണത്തോടെയായിരുന്നു സാവന്ത് മുഖ്യമന്ത്രിയായത്.
അതേസമയം ബി ജെ പിക്ക് ഭരണ തുടർച്ച ലഭിച്ച ഉത്തർപ്രദേശിൽ 25 നാണ് പുതിയ സർക്കാർ അധികാരമേൽക്കുന്നത്. 37 വർഷത്തിനിടെ ആദ്യമായിട്ടാണ് ഉത്തർപ്രദേശിൽ ഒരു കക്ഷിക്ക് ഭരണ തുടർച്ച ലഭിക്കുന്നത്. അതുകൊണ്ട് തന്നെ സത്യപ്രതിജ്ഞ ചടങ്ങുകൾ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ബി ജെ പി നേതൃത്വം. സത്യപ്രതിജ്ഞാ ചടങ്ങിൽ 45,000ത്തിലധികം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് പുറമെ 200 വിവിഐപി അതിഥികളുടെ പട്ടികയും തയ്യാറാക്കിയിട്ടുണ്ട്. മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ്, മുലായം സിംഗ് യാദവ്, ബിഎസ്പി അധ്യക്ഷ മായാവതി തുടങ്ങി എല്ലാ പ്രതിപക്ഷ നേതാക്കളെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.ഇതോടൊപ്പം ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തേക്കും.പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ബിജെപി അധ്യക്ഷൻ ജെപി നദ്ദ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.












Click it and Unblock the Notifications