യുപിയില്‍ ബിജെപിയ്ക്ക് അപ്രതീക്ഷിത തിരിച്ചടി; യോഗി സര്‍ക്കാരിലെ മന്ത്രി എസ്പിയിലേക്ക്, കൂടെ 3 എം എല്‍ എമാരും
ലഖ്‌നൗ: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉത്തര്‍പ്രദേശില്‍ ബി ജെ പിയ്ക്ക് അപ്രതീക്ഷിത തിരിച്ചടി. യോഗി ആദിത്യനാഥ് സര്‍ക്കാരിലെ മന്ത്രി സ്വാമി പ്രസാദ് മൗര്യ രാജിവെച്ചു. സംസ്ഥാന തൊഴില്‍ ഏകോപന വകുപ്പ് മന്ത്രിയാണ് ഇദ്ദേഹം.
കഴിഞ്ഞ കുറേ ദിവസങ്ങളായി സ്വാമി പ്രസാദ് മൗര്യ പാര്‍ട്ടി നേതൃത്വവുമായി ഭിന്നതയിലായിരുന്നു. ബി ജെ പി വിട്ട സ്വാമി പ്രസാദ് മൗര്യ സമാജ്വാദി പാര്‍ട്ടിയില്‍ ചേരുമെന്ന് ഉറപ്പായിട്ടുണ്ട്. സംസ്ഥാനത്തെ ദളിത്, പിന്നാക്ക, കര്‍ഷകരേയും തൊഴില്‍രഹിതരായ യുവാക്കളേയും ചെറുകിട- ഇടത്തരം വ്യവസായികളേയും യോഗി സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്നാണ് സ്വാമി പ്രസാദ് മൗര്യയുടെ ആരോപണം. മൗര്യയോടൊപ്പം ചില എം എല്‍ എമാരും ബി ജെ പി വിട്ടു.
നിലവില്‍ മൂന്ന് എം എല്‍ എമാര്‍ പാര്‍ട്ടി വിട്ടിട്ടുണ്ട്. റോഷന്‍ ലാല്‍ വര്‍മ, ഭഗവതി സാഗര്‍, ബ്രജേഷ് പ്രജാപതി എന്നിവരാണ് പാര്‍ട്ടി വിട്ടത്. തിഹാര്‍ മണ്ഡലത്തിലെ എം എല്‍ എയായ റോഷന്‍ ലാല്‍ വര്‍മ താന്‍ മൗര്യ എവിടെയാണോ ഉണ്ടാകുക അവിടെയുണ്ടാകുമെന്നറിയിച്ചിട്ടുണ്ട്. മൗര്യയ്ക്ക് പിന്തുണയര്‍പ്പിച്ചാണ് രാജിവെച്ചതെന്ന് പ്രജാപതിയും പറഞ്ഞിട്ടുണ്ട്.

പ്രതികൂല സാഹചര്യങ്ങളിലൂടെയാണ് താന്‍ കടന്നുപോയിട്ടും ഉത്തരവാദിത്തം വളരെ അര്‍പ്പണബോധത്തോടെ നിര്‍വഹിക്കാന്‍ ശ്രമിച്ചിരുന്നെന്നും മന്ത്രിസഭയില്‍ നിന്ന് താന്‍ രാജിവെക്കുകയാണെന്നും അദ്ദേഹം രാജിക്കത്തില്‍ പറഞ്ഞു. മുന്‍ ബി എസ് പി നേതാവായിരുന്നു മൗര്യ.
അതേസമയം സ്വാമി പ്രസാദ് മൗര്യ മന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ചതിന് ശേഷം, സമാജ്വാദി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അഖിലേഷ് യാദവ് അദ്ദേഹത്തോടൊപ്പമുള്ള ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. 'ശ്രീ സ്വാമി പ്രസാദ് മൗര്യ ജി, സാമൂഹിക നീതിക്കും സമത്വത്തിനും ഒപ്പം പോരാടുന്ന ഒരു ജനപ്രിയ നേതാവ്. ഹൃദ്യമായ സ്വാഗതം. എസ്പിയിലേക്ക് വരുന്ന മറ്റെല്ലാ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും ആശംസകള്‍! എന്നായിരുന്നു അഖിലേഷ് ഫോട്ടോയ്‌ക്കൊപ്പം കുറിച്ചത്.
ഉത്തര്‍പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 7 മുതല്‍ 7 ഘട്ടങ്ങളിലായാണ് നടക്കുന്നത്. വോട്ടെണ്ണല്‍ മാര്‍ച്ച് 10 ന് നടക്കും. അതേസമയം വരാനിരുന്ന തെരഞ്ഞെടുപ്പില്‍ മൗര്യ ഒരു സീറ്റ് കൂടി ആവശ്യപ്പെട്ടിരുന്നെന്നും അതിന് പാര്‍ട്ടി തയ്യാറല്ലെന്നുമാണ് ബി ജെ പിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
രാജ്യം ഏറ്റവും ശ്രദ്ധയോടെ നോക്കിക്കാണുന്ന തെരഞ്ഞെടുപ്പാണ് ഉത്തര്‍ പ്രദേശിലേത്. ബഹുഷ്‌കോണ മത്സരം നടക്കുന്ന സംസ്ഥാനത്ത് ബിജെപി വലിയ നേട്ടമുണ്ടാക്കുമെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന എബിപി- സീ വോട്ടര്‍ സര്‍വ്വേ അഭിപ്രായപ്പെടുന്നത്. ഇതിനിടെയാണ് മന്ത്രി സര്‍ക്കാരില്‍ നിന്ന് രാജിവെച്ചതെന്നാണ് ഏവരേയും ഞെട്ടിക്കുന്നത്.
തിരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും ഉയര്‍ന്ന വോട്ടിംഗ് ശതമാനമായ 41.5 ശതമാനം നേടുമെന്നാണ് ഇന്ന് പുറത്തുവന്ന സര്‍വ്വേയില്‍ പറയുന്നത്. അതേസമയം അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള എസ് പിയും സഖ്യകക്ഷികളും 33.3 ശതമാനം വോട്ട് വിഹിതം നേടിയെടുക്കുമെന്നും സര്‍വ്വേയിലുണ്ട്.












Click it and Unblock the Notifications