സ്വന്തമായി ദേശീയ വിമാന സർവീസ് ഇല്ലാത്തത് യുക്രൈനിലെ രക്ഷാപ്രവർത്തനത്തെ ബാധിച്ചു, വിമർശിച്ച് ഇടത് എംപി
ദില്ലി: രാജ്യത്തിന്റെ ഉടമസ്ഥതയിൽ ഒരു ദേശീയ വിമാന സർവീസ് ഇല്ല എന്നത് യുക്രൈനിലെ ഇന്ത്യക്കാരുടെ രക്ഷാ പ്രവർത്തനത്തെ ബാധിച്ചിരിക്കുന്നതായി വിമർശിച്ച് ഇടത് എംപി ഡോ. വി ശിവദാസൻ. യുക്രൈനിൽ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ട സംഭവത്തിലാണ് വി ശിവദാസന്റെ പ്രതികരണം. മെഡിക്കൽ വിദ്യാർത്ഥിയായ കർണാടക സ്വദേശി നവീൻ ആണ് യുക്രൈനിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടത്.
വി ശിവദാസൻ എംപിയുടെ പ്രതികരണം: ''ഖാര്‍കീവിലുണ്ടായ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ മെഡിക്കൽ വിദ്യാര്‍ത്ഥി കർണാടക സ്വദേശിയായ എസ് ജി നവീൻ കൊല്ലപ്പെട്ടു എന്ന അത്യന്തം ദുഃഖകരമായ വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. എത്രമാത്രം അപകടകരമായ അവസ്ഥയിലാണ് നമ്മുടെ പൗരൻമാർ അവിടെ കഴിയുന്നതെന്നു ഇതു വെളിവാക്കുന്നു. നാല് മടങ്ങ് വരെ വർധിപ്പിച്ച വിമാനയാത്രാ നിരക്കുകളും വിമാനങ്ങളുടെ ലഭ്യതക്കുറവും കാരണം ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് പുറത്ത് കടക്കാൻ കഴിഞ്ഞിരുന്നില്ല.
ലാഭേച്ഛ കൂടാതെ നിരന്തരം പ്രവർത്തിച്ചു പൗരന്മാരെ എന്ത് വില കൊടുത്തും രക്ഷപ്പെടുത്താൻ മുൻകാലങ്ങളിലേതു പോലെ രാജ്യത്തിന്റെ ഉടമസ്ഥതയിൽ ഒരു ദേശീയ വിമാന സർവീസ് ഇല്ല എന്നത് രക്ഷാപ്രവർത്തനത്തെ ബാധിച്ചതായി കാണാം. യുദ്ധകാലാടിസ്ഥാനത്തിൽ നമ്മുടെ പൗരന്മാരെ അവിടെ നിന്നും ലഭ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിച്ച് രക്ഷിക്കേണ്ടതുണ്ട്. നവീന് ആദരാഞ്ജലികൾ''.

ജോൺ ബ്രിട്ടാസ് എംപിയുടെ പ്രതികരണം: '' യുക്രൈൻ റഷ്യ യുദ്ധത്തിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു ..കർണാടക സ്വദേശി ഇരുപത്തിയൊന്നുകാരൻ നവീൻ. നാലാം വർഷം എംബിബിഎസ് വിദ്യാർത്ഥിയാണ് നവീൻ. അപകടകരമായ സാഹചര്യങ്ങളിലാണ് നമ്മുടെ കുട്ടികൾ അവിടെ കഴിയുന്നതെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. എത്രയും പെട്ടെന്ന് നമ്മുടെ പൗരന്മാരെ തിരിച്ചെത്തിക്കേണ്ടതുണ്ട് എന്ന് ഓർമിപ്പിക്കുകയാണ് ഈ ചെറുപ്പക്കാരൻ.
നവീൻ കുമാറിന് ആദരാഞ്ജലികൾ''.
കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണയുടെ പ്രതികരണം: '' ഇന്ത്യക്കാരനായ ഒരു വിദ്യാർത്ഥിയുടെ ജീവൻ നഷ്ടപ്പെട്ടിരിക്കുന്നു. അധികാരികൾ ഇനിയെങ്കിലും ഉണർന്ന് പ്രവർത്തിക്കണം, സംഭവത്തിൻ്റെ ഗൗരവം മനസ്സിലാക്കണം. ആയിരക്കണക്കിന് മലയാളികളായ വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള ഇന്ത്യക്കാരാണ് ഖാർകീവ് ഉൾപ്പെടുന്ന അതിതീവ്ര യുദ്ധ മേഖലയിൽ ഉള്ളത്. ആറ് ദിവസങ്ങളായി അവർ ബങ്കറുകളിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. ഭക്ഷണവും, വെള്ളവും ഇല്ലാതെ അവർ നേരിടുന്നത് അതിഭീകര സാഹചര്യമാണ്. അവരുടെ ജീവൻ രക്ഷിക്കാൻ അടിയന്തിര പ്രാധാന്യം നൽകാൻ സർക്കാരുകൾ ഇനിയെങ്കിലും തയ്യാറാകണം. നവീൻ കുമാറിന് ആദരാഞ്ജലികൾ...''
പത്മജ വേണുഗോപാലിന്റെ പ്രതികരണം: '' യുക്രൈൻ ഷെല്ലാക്രമണത്തിന് ഇടയിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥിയുടെ ജീവൻ പൊലിഞ്ഞു. കർണാടക സ്വദേശി നവീൻ ശേഖരപ്പ എന്ന മെഡിക്കൽ വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്. വലിയ തരത്തിലുള്ള ആക്രമണങ്ങൾക്കാണ് യുക്രൈൻ സാക്ഷ്യം വഹിക്കുന്നത്. രക്ഷാ പ്രവർത്തനങ്ങളുടെ വേഗത വർധിപ്പിക്കേണ്ട സാഹചര്യമാണ് നിലനിൽക്കുന്നത്. എത്രയും പെട്ടെന്ന് റഷ്യയുമായി ബന്ധപ്പെട്ടാൽ മാത്രമേ അതിർത്തിയിൽ കുടുങ്ങികിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ രക്ഷിക്കാൻ സാധിക്കുകയുള്ളൂ. ഇനിയും ഒരു ജീവൻ പൊലിയരുത്. കേന്ദ്ര സർക്കാർ ആവശ്യമായ ഇടപെടലുകൾ ഉടൻ തന്നെ സ്വീകരിക്കുക''.












Click it and Unblock the Notifications