അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനുള്ള കല്ലുകൊത്തൽ നിർത്തിവെച്ച് വിഎച്ച്പി; 3 പതിറ്റാണ്ടിനിടെ ആദ്യം
ദില്ലി: അയോധ്യ കേസിൽ സുപ്രീം കോടതി സുപ്രധാന വിധി പറയാനിരിക്കെ മുന്നൊരുക്കങ്ങളുമായി വിശ്വഹിന്ദു പരിഷത്തും. രാമക്ഷേത്ര നിർമാണത്തിനായി കല്ലുകൊത്തുന്നത് വിശ്വഹിന്ദു പരിഷത്ത് നിർത്തിവെച്ചു. 1990 മുതൽ തുടങ്ങിയ കൽപ്പണികൾ ഇതാദ്യമായാണ് നിർത്തി വയ്ക്കുന്നത്.
അയോധ്യ വിധി; കനത്ത സുരക്ഷയില്‍ രാജ്യം! സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശവുമായി കേന്ദ്രം
ഇവിടെ കല്ലുകൊത്തുന്നതിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾ അവരവരുടെ വീടുകളിലേക്ക് മടങ്ങിയെന്ന് വിഎച്ച്പി വക്താവ് ശരദ് ശർമ വ്യക്തമാക്കി. ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരമാണ് പ്രവർത്തനം നിർത്തിവെച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1990ൽ ഉത്തർപ്രദേശിൽ മുലായം സിംഗ് യാദവ് മുഖ്യമന്ത്രിയായിരുന്ന കാലത്താണ് വിശ്വഹിന്ദു പരിഷത്ത് രാമക്ഷേത്ര നിർമാണത്തിനായുള്ള കൊത്തുപണികൾ ആരംഭിക്കുന്നത്. അന്ന് മുതൽ കൽപ്പണികൾ തടസ്സങ്ങളില്ലാതെ മുന്നോട്ട് പോവുകയായിരുന്നു. ഇതുവരെ ഒന്നേമുക്കാൽ ലക്ഷം ചതുരശ്ര അടി കല്ലിന്റെ പണി പൂർത്തിയായെന്നാണ് വിഎച്ച്പി അവകാശപ്പെടുന്നത്.
1992ൽ ബാബ്റി മസ്ജിദ് തകർത്ത സമയത്ത് ആർഎസ്എസിനേയും വിഎച്ച്പിയേയും 6 മാസത്തേയ്ക്ക് നിരോധിച്ചപ്പോഴും കൽപ്പണികൾ തുടർന്നിരുന്നു. അഖിലേഷ് യാദവ് മുഖ്യമന്ത്രിയായിരുന്ന സമയത്തും രാജസ്ഥാനിൽ നിന്നും ഗുജറാത്തിൽ നിന്നും അയോധ്യയിലേക്ക് കല്ലുകൾ ഇറക്കുമതി ചെയ്തിരുന്നു. കൽപ്പണികൾ നിർത്തി വയ്ക്കാനുള്ള തീരുമാനത്തിനെതിരെ എതിർപ്പും ഉയരുന്നുണ്ട്.
നവംബർ 17ന് മുമ്പായി അയോധ്യക്കേസിൽ വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കനത്ത ജാഗ്രതയിലാണ് രാജ്യം. ഉത്തർപ്രദേശിൽ 4000 അർധ സൈനിക വിഭാഗങ്ങളെ വിന്യസിച്ചു. സിആർപിഎഫ് ഉദ്യോഗസ്ഥരുടെ അവധികൾ റദ്ദാക്കി. റെയിൽവേ സ്റ്റേഷനുകളിലും കനത്ത ജാഗ്രത പാലിക്കുകയാണ്. വിധി അനുകൂലമായാൽ ആഘോഷങ്ങൾ പാടില്ലെന്ന് വിശ്വഹിന്ദു പരിഷത്ത് അണികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.