വിജയുടെ കിടിലന്‍ നീക്കം; സെങ്കോട്ടയ്യന്‍ ടിവികെയില്‍ ചേരും, നേതാക്കള്‍ കൂട്ടത്തോടെ വരും, ഇളകി തമിഴകം
ചെന്നൈ: തമിഴ്‌നാട്ടില്‍ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച് മുന്‍ മന്ത്രി കെഎ സെങ്കോട്ടയ്യന്റെ കൂടുമാറ്റം. എഐഎഡിഎംകെയില്‍ നിന്ന് പുറത്താക്കപ്പെട്ട അദ്ദേഹം നാളെ വിജയ് നേതൃത്വം നല്‍കുന്ന ടിവികെയില്‍ ചേരുമെന്നാണ് വാര്‍ത്ത. എഐഎഡിഎംകെയുടെ സ്ഥാപക കാലം മുതല്‍ പ്രവര്‍ത്തന രംഗത്തുള്ള സെങ്കോട്ടയ്യന്‍ ഏഴ് തവണ എംഎല്‍എയും മന്ത്രിയുമായിട്ടുണ്ട്. എംജിആറിനും ജയലളിതയ്ക്കുമൊപ്പം പ്രവര്‍ത്തിച്ച് പരിചയമുള്ള നേതാവിനെ ലഭിക്കുന്നത് ടിവികെക്ക് നേട്ടമാകും.
ടിവികെ നേതാക്കളുമായി സെങ്കോട്ടയ്യന്‍ ചര്‍ച്ച നടത്തി. വ്യാഴാഴ്ച പാര്‍ട്ടിയില്‍ ചേരുമെന്നാണ് വിവരം. പരിചയ സമ്പന്നരായ നേതാക്കളില്ല എന്ന ആക്ഷേപം നേരിടുന്ന ടിവികെക്ക് സെങ്കോട്ടയ്യന്റെ വരവ് ഗുണം ചെയ്യും. മാത്രമല്ല, പടിഞ്ഞാറന്‍ തമിഴ്‌നാട്ടിലെ ഗൗണ്ടര്‍ സമുദായത്തിലെ നേതാവ് എത്തുന്നതോടെ ഈ മേഖലയില്‍ ടിവികെക്ക് വേരോട്ടം ശക്തമാക്കാം. പാര്‍ട്ടിയില്‍ ഉന്നത പദവി സെങ്കോട്ടയ്യന് നല്‍കിയേക്കും.

ഒ പനീര്‍ശെല്‍വം, ടിടിവി ദിനകരന്‍, വികെ ശശികല തുടങ്ങിയ എഐഎഡിഎംകെ പുറത്താക്കിയ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തുകയും ഒന്നിച്ച് നില്‍ക്കണമെന്ന് ആവശ്യപ്പെട്ടതുമാണ് സെങ്കോട്ടയ്യനെ എഐഎഡിഎംകെ പുറത്താക്കാന്‍ കാരണം. എഐഎഡിഎംകെ നേതാക്കള്‍ ഒറ്റക്കെട്ടായി നില്‍ക്കണം എന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. ഇതിനെ പിന്തുണച്ച സെങ്കോട്ടയ്യന്‍ അമിത് ഷായുമായും ചര്‍ച്ച നടത്തിയിരുന്നു.
പാര്‍ട്ടിയുടെ അച്ചടക്കം ലംഘിച്ചതാണ് സെങ്കോട്ടയ്യനെ പുറത്താക്കാന്‍ കാരണം എന്ന് എടപ്പാടി പളനിസ്വാമി പറഞ്ഞിരുന്നു. സെപ്തംബറിലാണ് എഐഎഡിഎംകെയിലെ പദവികളില്‍ നിന്ന് സെങ്കോട്ടയ്യനെ നീക്കിയത്. ഒക്ടോബറില്‍ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ഇനിയെന്ത് നീക്കമാണ് സെങ്കോട്ടയ്യന്‍ നടത്തുക എന്ന ചോദ്യം തമിഴ് രാഷ്ട്രീയത്തില്‍ സജീവമായിരിക്കെയാണ് അദ്ദേഹം ടിവികെയില്‍ ചേരുന്നത്.
പ്രമുഖര്‍ ടിവികെയില്‍ ചേരും, സെങ്കോട്ടയ്യന് ഉന്നത പദവി
സെങ്കോട്ടയ്യനൊപ്പമുള്ള 2000ത്തോളം പ്രാദേശിക നേതാക്കളെയും പ്രവര്‍ത്തകരെയും എഐഎഡിഎംകെ പുറത്താക്കിയിരുന്നു. ഇവരെല്ലാം ടിവികെയില്‍ ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എഐഎഡിഎംകെ പുറത്താക്കുകയും ഡിഎംകെയിലും ബിജെപിയിലും ചേരാന്‍ മാനസികമായി പ്രയാസമുള്ളവരുമായവര്‍ക്ക് അവസരം ഒരുക്കുകയാണ് ടിവികെ. നിയമസഭാ തിരഞ്ഞെടുപ്പില്‍ ചിത്രം മാറുമെന്നാണ് ഇതോടെ വ്യക്തമാകുന്നത്.
ടിവികെയില്‍ ചേരുമെന്ന വാര്‍ത്തയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ സെന്‍കോട്ടയനോട് ചോദിച്ചപ്പോള്‍ അദ്ദേഹം പ്രതികരിച്ചില്ല. എന്നാല്‍ ഈ വാര്‍ത്ത നിഷേധിക്കാനും അദ്ദേഹം തയ്യാറായില്ല. നിലവില്‍ കോയമ്പത്തൂരില്‍ നിന്ന് ചെന്നൈയിലെത്തിയ സെന്‍കോട്ടയന്‍ ഇന്ന് എംഎല്‍എ സ്ഥാനം രാജിവെക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സെന്‍കോട്ടയന്‍ ടിവികെയില്‍ ചേരുകയാണെങ്കില്‍ അദ്ദേഹത്തിന് ഓര്‍ഗനൈസിംഗ് ജനറല്‍ സെക്രട്ടറി സ്ഥാനം ലഭിക്കുമെന്നാണ് വിവരം.
കൂടാതെ, വിജയ് രൂപീകരിച്ച 28 അംഗ ഭരണസമിതിയുടെ ചുമതലയും സെന്‍കോട്ടയനെ ഏല്‍പ്പിക്കാന്‍ സാധ്യതയുണ്ട്. എഐഎഡിഎംകെയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച സെന്‍കോട്ടയനെപ്പോലുള്ള മുതിര്‍ന്ന നേതാക്കളുടെ സാന്നിദ്ധ്യം ടിവികെയ്ക്ക് മുതല്‍ക്കൂട്ടാകുമെന്നാണ് വിലയിരുത്തല്‍. കൊങ്കു മേഖലയില്‍ ടിവികെയ്ക്ക് വലിയ സ്വാധീനം നേടാനും സെന്‍കോട്ടയന്റെ വരവ് സഹായിക്കുമെന്നും പ്രതീക്ഷിക്കുന്നു.












Click it and Unblock the Notifications