സ്ത്രീകള്‍ മാക്‌സി ധരിച്ച് പുറത്തിറങ്ങിയാല്‍ 500 രൂപ പിഴ
മുംബൈ: വീട്ടില്‍ സാധാരണയായി ഉപയോഗിക്കുന്ന വസ്ത്രമായ മാക്‌സി (നൈറ്റി) ധരിച്ച് പുറത്തിറങ്ങിയാല്‍ 500 രൂപ പിഴയടയ്ക്കണമെന്ന് നിര്‍ദ്ദേശം. നവി മുംബൈയിലെ ഗോതിവാലി ഗ്രാമത്തിലെ മഹിളാ സംഘടനയായ ഇന്ദ്രായണി മഹിളാ മണ്ഡല്‍ ആണ് വിചിത്രമായ നിര്‍ദ്ദേശവുമായി രംഗത്തെത്തിയിരിക്കുന്നത്. സ്ത്രീകള്‍ക്കെതിരായ അതിക്രമം കുറയ്ക്കാനാണ് പുതിയ നിര്‍ദ്ദേശമെന്ന് സംഘടന പറയുന്നു.
ഗ്രാമത്തിലെ സ്ത്രീകള്‍ ആരും ഇനിമുതല്‍ മാക്‌സി ധരിച്ചു കൊണ്ട് പുറത്തിറങ്ങരുതെന്നും, അങ്ങിനെ ചെയ്യുന്നവരില്‍ നിന്നും 500 രൂപ പിഴ ഈടാക്കുമെന്നും കാട്ടി മഹിളാ സംഘടന നോട്ടീസ് ബോര്‍ഡ് സ്ഥാപിച്ചപ്പോഴാണ് ഗ്രാമവാസികള്‍ കാര്യമറിയുന്നത്. അടിക്കടിയുണ്ടാകുന്ന സ്ത്രീപീഡനങ്ങളില്‍ നിന്നും സ്്ത്രീകളെ രക്ഷിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ഇതെന്ന് സംഘടനയിലെ ഒരു അംഗം വെളിപ്പെടുത്തി.

എന്നാല്‍, ഗ്രാമത്തിലെ ഭൂരിഭാഗം സ്ത്രീകളും നിര്‍ദ്ദേശത്തിനെതിരാണ്. വീട്ടില്‍ സാധാരണയായി ഉപയോഗിക്കുന്നത് മാക്‌സിയാണെന്നും അത്യാവശ്യം കടയിലും മറ്റും പോകേണ്ടിവന്നാല്‍ മാക്‌സി മാറി സാരി ധരിക്കാനൊന്നും സ്ത്രീകള്‍ക്ക് സാധിക്കില്ലെന്ന് ലക്ഷ്മി പാട്ടീല്‍ എന്ന ഗ്രാമവാസി പറഞ്ഞു. മഹിളാ മണ്ഡലിന്റെ തീരുമാനം ഏകപക്ഷീയമാണെന്നും അവര്‍ ആരോപിച്ചു.
സംഭവം വാര്‍ത്തയായതോടെ പോലീസ് ഇക്കാര്യത്തില്‍ ഇടപെട്ടിട്ടുണ്ട്. ഏതെങ്കിലും ഗ്രാമ പഞ്ചായത്തിനോ മഹിളാ സംഘടനകള്‍ക്കോ ഇത്തരം തീരുമാനമെടുക്കാനോ പിഴ ചുമത്താനോ അവകാശമില്ലെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. മഹിളാ സംഘടനയ്ക്ക് പോലീസ് മുന്നറിപ്പ് നല്‍കിയിട്ടുണ്ടെന്നും നോട്ടീസ് ബോര്‍ഡ് നീക്കംചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications