യുപിയിൽ കന്യാസ്ത്രീ സംഘത്തിന് നേരെ ബജ്രംഗ് ദള്‍ അതിക്രമം, മതം മാറ്റാൻ ശ്രമമെന്ന് ആരോപണം
ദില്ലി: ഉത്തര്‍ പ്രദേശില്‍ വെച്ച് മലയാളി ഉള്‍പ്പെട്ട കന്യാസ്ത്രീകളുടെ സംഘത്തെ ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവം വിവാദത്തില്‍. മതംമാറ്റാന്‍ ശ്രമിക്കുന്നവര്‍ എന്ന് ആരോപിച്ചായിരുന്നു കന്യാസ്ത്രീകള്‍ക്ക് നേരെ അതിക്രമം. ദില്ലിയില്‍ നിന്നും ഒഡിഷയിലേക്കുളള യാത്രയ്ക്കിടെ ഉത്തര്‍ പ്രദേശിലെ ഝാന്‍സിയില്‍ എത്തിയപ്പോഴായിരുന്നു സംഭവം.
മലയാളിയായ കന്യാസ്ത്രീ അടക്കമുളള നാല് പേരാണ് ആക്രമിക്കപ്പെട്ടത്. സംഘത്തില്‍ രണ്ട് കന്യാസ്ത്രീകള്‍ ആണ് ഉണ്ടായിരുന്നത്. മലയാളിയായ സി ഉഷ മരിയയും മറ്റൊരു കന്യാസ്ത്രീയും ദില്ലിയില്‍ നിന്നും രണ്ട് കന്യാസ്ത്രീ വിദ്യാര്‍ത്ഥിനികളെ ഒഡിഷയിലെ വീട്ടിലാക്കുന്നതിന് വേണ്ടി വരികയായിരുന്നു. കന്യാസ്ത്രീകള്‍ സഭാ വസ്ത്രത്തിലും വിദ്യാര്‍ത്ഥികള്‍ സാധാരണ വേഷത്തിലുമായിരുന്നു.

ഉത്തര്‍ പ്രദേശിലെ ഝാന്‍സിയില്‍ എത്തിയപ്പോഴാണ് ഒരു സംഘം ഇവര്‍ക്ക് സമീപത്ത് എത്തി പ്രശ്‌നങ്ങളുണ്ടാക്കാന്‍ ആരംഭിച്ചത്. കന്യാസ്ത്രീകള്‍ വിദ്യാര്‍ത്ഥിനികളെ മതം മാറ്റാന്‍ ശ്രമിക്കുന്നു എന്ന് ആരോപിച്ചായിരുന്നു അതിക്രമം. തങ്ങള്‍ ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ നിന്നും ഉളളവരാണെന്ന് വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞെങ്കിലും അക്രമികള്‍ അത് അംഗീകരിച്ചില്ല. ജയ് ശ്രീറാം, ജയ് ഹനുമാന്‍ മുദ്രാവാക്യം വിളികളോടെ ആയിരുന്നു അതിക്രമം.
ഝാന്‍സി സ്‌റ്റേഷനില്‍ എത്തിയതോടെ പോലീസും പ്രശ്‌നത്തില്‍ ഇടപെട്ടു. എന്നാല്‍ അക്രമികളെ അറസ്റ്റ് ചെയ്യുന്നതിന് പകരം കന്യാസ്ത്രീകളെയും വിദ്യാര്‍ത്ഥിനികളേയും പോലീസ് കസ്റ്റഡിയിലെടുത്ത പോലീസ് സ്‌റ്റേഷനില്‍ കൊണ്ട് പോവുകയായിരുന്നു എന്നാണ് ആരോപണം. കയ്യിലുളള രേഖകള്‍ എല്ലാം പോലീസിനെ കാണിച്ചെങ്കിലും ഇവരെ മണിക്കൂറുകളോളം സ്‌റ്റേഷനില്‍ തടഞ്ഞുവെച്ചു. രാത്രി 11 മണിക്ക് മാത്രമാണ് ഇവരെ പോലീസ് വിട്ടയച്ചത് എന്നാണ് കന്യാസ്ത്രീകള്‍ പറയുന്നത്.












Click it and Unblock the Notifications