മണിപ്പൂരിൽ വീണ്ടും സംഘർഷം;ഒരു സ്ത്രീ അടക്കം 9 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്
ഇംഫാൽ: മണിപ്പൂരിൽ ചൊവ്വാഴ്ച രാത്രിയുണ്ടായ സംഘർഷത്തിൽ ഒരു സ്ത്രീ അടക്കം 9 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ഖാമെന്‍ലോക് മേഖലയിലാണ് സംഘര്‍ഷം ഉണ്ടായത്.സംഘർഷത്തിൽ പരിക്കേറ്റ പലരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഇവരെ ഇംഫാലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെ ശരീരത്തിൽ വെട്ടേറ്റതിന്റേയും വെടിയുണ്ടകൾ തുളച്ചുകയറിയതിന്റേയും പാടുകൾ ഉണ്ട്.

ഇംഫാൽ ഈസ്റ്റ് ജില്ലയുടെ അതിർത്തിയിലാണ് ഖമൻലോക് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ രണ്ടുദിവസമായി പ്രദേശം സംഘർഷഭരിതമാണ്. അതിനിടെ ചൊവ്വാഴ്ച രാത്രി ഒരു മണിയോടെ ആയുധങ്ങളുമായി എത്തിയ കലാപകാരികൾ ഗ്രാമം വളയുകയായിരുന്നു. തുടർന്ന് ഇവർ ഗ്രാമവാസികൾക്ക് നേരെ വെടിയുതിർത്തു. വ്യാപകമായ അക്രമമാണ് കലാപകാരികൾ അഴിച്ചുവിട്ടത്. അതേസമയം സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ കർഫ്യൂവിന് ഏർപ്പെടുത്തിയ ഇളവുകൾ പിൻവലിച്ചു.
ചൊവ്വാഴ്ച ബിഷ്ണുപൂർ ജില്ലയിലെ ഫൗഗക്ചാവോ ഇഖായിൽ സുരക്ഷാ സേനയും കുക്കി കലാപകാരികളും തമ്മിൽ വെടിവയ്പ്പ് നടന്നതായും റിപ്പോർട്ടുകൾ ഉണ്ട്. കുക്കി കലാപകാരികൾ മെയ്തേയ് പ്രദേശങ്ങൾക്ക് സമീപം ബങ്കറുകൾ നിർമ്മിക്കാൻ ശ്രമിക്കുന്നതിനിടെ സുരക്ഷാ സേന അവരെ തടയുകയും ഇത് വെടിവെപ്പിൽ കലാശിക്കുകയുമായിരുന്നു. ഇതോടെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുന്നതിനായി അധികൃതർ കർഫ്യൂ ഇളവുകൾ വെട്ടിക്കുറച്ചു.
മണിപ്പൂരില്‍ മെയ്തി, കുകി സമുദായാംഗങ്ങള്‍ തമ്മില്‍ മാസങ്ങളായി തുടരുന്ന സംഘര്‍ഷത്തിൽ ഇതുവരെ 100 പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകൾ. 310 പേർക്ക് പരിക്കേറ്റെന്നും ഔദ്യോഗിക കണക്കുകൾ പറയുന്നു. അതേസമയം സംസ്ഥാനത്ത് സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കാനുള്ള തീവ്രശ്രമങ്ങളാണ് ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ നടക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് തമ്പടിച്ച് സമുദായ നേതാക്കളുമായി അമിത് ഷാ ചർച്ച നടത്തിയിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ സന്ദർശനത്തിന് പിന്നാലെയും പല മേഖലകളിലും കലാപം തുടരുകയാണ്. അമിത് ഷായ്ക്ക് പിന്നാലെ അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മയുടെ നേതൃത്വത്തിലും ചർച്ച നടത്തിയിരുന്നു. പക്ഷേ ഇവയൊന്നും ഫലം കണ്ടില്ലെന്നാണ് സംസ്ഥാനത്ത് നിന്നുള്ള പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications