പശുവുമായി ബിജെപി എംഎല്‍എ നിയമസഭയില്‍; ഓടിരക്ഷപ്പെട്ട് പശു, പിന്നീട് സംഭവിച്ചത്
ജയ്പൂര്‍: ലമ്പി ത്വക്ക് രോഗത്തെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ ബി ജെ പി എം എല്‍ എ സുരേഷ് സിംഗ് റാവത്ത് തിങ്കളാഴ്ച രാജസ്ഥാന്‍ നിയമസഭയില്‍ പശുവുമായി എത്തി. എന്നാല്‍ ഇതേ കുറിച്ച് അറിയാന്‍ മന്ത്രി നിയമസഭ വളപ്പിലെത്തുന്നതിന് മുമ്പ് പശു ഓടിരക്ഷപ്പെട്ടു. അസംബ്ലി ഗേറ്റിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റാവത്ത്. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
പിന്നീട് ഇതേ കുറിച്ച് ട്വീറ്റ് ചെയ്തുകൊണ്ട് റാവത്ത് പറഞ്ഞത് ഇങ്ങനെയാണ്, സെന്‍സിറ്റീവായ ഈ സര്‍ക്കാരിനോട് പശുവിന് പോലും ദേഷ്യമുണ്ടെന്ന് റാവത്ത് പറഞ്ഞു. പശുക്കള്‍ ത്വക്ക് രോഗബാധിതരാണെന്നും എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഗാഢനിദ്രയിലാണെന്നും എം എല്‍ എ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

തിങ്കളാഴ്ചത്തെ മൃഗസംരക്ഷണ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 59,027 കന്നുകാലികള്‍ ത്വക്ക് രോഗം ബാധിച്ച് ചത്തപ്പോള്‍ 13,02,907 എണ്ണം ബാധിച്ചു. അതേസമയം, ത്വക്ക് രോഗം ബാധിച്ച് പശുക്കള്‍ മരിക്കുന്നതിനെതിരെ ബി ജെ പി വല്ിയ രീതിയിലുള്ള പ്രതിഷേധമാണ് സംഘടിപ്പിക്കുന്നത്.
ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ സതീഷ് പൂനിയയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിന്റെ വിഡീയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പ്രശ്നം പരിഹരിക്കണമെന്ന ആവശ്യവുമായി നിരവധി തൊഴിലാളികളും കര്‍ഷകരും പ്രതിഷേധിച്ചിരുന്നു. ഈ രോഗം ബാധിച്ച് പഞ്ചാബിലും കന്നുകാലികളെ നശിപ്പിക്കുകയാണ്. നൂറുകണക്കിന് പശുക്കളാണ് രോഗം ബാധിച്ച് ചത്തൊടുങ്ങുന്നത്. ആയിരക്കണക്കിന് പശുക്കള്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. ക്ഷീര കര്‍ഷകര്‍ക്ക് വന്‍ തോതിലുള്ള നഷ്ടമാണ് രോഗത്തെ തുടര്‍ന്ന് സംഭവിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ പ്രതിഷേധം ശക്തമാക്കാനാണ് ബി ജെ പി തീരുമാനം.
കന്നുകാലികളില്‍ കണ്ടുവരുന്ന വൈറസ് രോഗമാണ് ലമ്പി ത്വക്ക് രോഗം. ആഫ്രിക്കയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത രോഗം ഈച്ച,കൊതുക് തുടങ്ങി രക്തം കുടിക്കുന്ന പ്രാണികള്‍ വഴിയാണ് പടരുന്നത്. ഈ പ്രാണികള്‍ മൃഗങ്ങളെ കടിക്കുന്നത് വഴി മരണത്തിന് കാരണമാകുന്നു. വാക്സിന്‍ നല്‍കുന്നതും രോഗബാധിതരായ മൃഗങ്ങളെ കൊന്നൊടുക്കുന്നതുമാണ് പ്രതിരോധ മാര്‍ഗം. യൂറോപ്യന്‍ ഭക്ഷ്യസുരക്ഷാ അതോറിറ്റിയാണ് നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചത്. രാജസ്ഥാനെ കൂടാതെ മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതേസമയം, മധ്യപ്രദേശില്‍ ഇതുവരെ 7,686 കന്നുകാലികള്‍ക്ക് ത്വക്ക് രോഗം ബാധിച്ചതായി കണ്ടെത്തി, അതില്‍ 101 എണ്ണം അണുബാധയ്ക്ക് കീഴടങ്ങിയതായി ഒരു ഉദ്യോഗസ്ഥന്‍ ബുധനാഴ്ച പറഞ്ഞു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ബുധനാഴ്ച യോഗം ചേര്‍ന്ന മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ കന്നുകാലികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ചു.












Click it and Unblock the Notifications