ഇവിഎം ഹാക്കിംഗ് സംഭവിച്ചതായി റിപ്പോര്‍ട്ടില്ല, വിവിപാറ്റ് എണ്ണാനുള്ള ഹര്‍ജി വിധി പറയാനായി മാറ്റി സുപ്രീം കോടതി
ന്യൂഡല്‍ഹി: ഇവിഎം ഹാക്കിംഗ് സംഭവിച്ചതായി തെളിവില്ലെന്ന് സുപ്രീം കോടതി. നൂറ് ശതമാനം വോട്ടുകളും വിവിപാറ്റുമായി ഒത്തുനോക്കണമെന്ന ഹര്‍ജി സുപ്രീം കോടതി വിധി പറയാനായി മാറ്റി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി ചോദിച്ച നാല് ചോദ്യങ്ങളില്‍ വ്യക്തത വരുത്തിയ ശേഷമാണ് നടപടി.
വോട്ടിംഗ് മെഷീന്റെ സോഴ്‌സ് കോഡ് വെളിപ്പെടുത്താനാവില്ലെന്നും, ഇവിഎം ഹാക്കിംഗ് സംഭവിച്ചതായി റിപ്പോര്‍ട്ടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരുടെ വിശദീകരണം കേട്ട കോടതി ഹര്‍ജി വിധി പറയാനായി മാറ്റുകയായിരുന്നു.

വിവിപാറ്റ് മെഷീനുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് കമ്മീഷനോട് കോടതി വിശദീകരണം തേടിയിരുന്നു. ഒരു സാഹചര്യത്തിലും വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടത്താന്‍ സാധിക്കില്ലെന്നും, നൂറ് ശതമാനം വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണുക പ്രായോഗികമല്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.
കണ്‍ട്രോള്‍ യൂണിറ്റ്, വിവിപാറ്റ്, ബാലറ്റ് യൂണിറ്റ് എന്നിവ അടങ്ങിയാണ് വോട്ടിംഗ് മെഷീന്‍. ഇതിലെ ഓരോ യൂണിറ്റിലും ഒറ്റത്തവണ മാത്രമേ മൈക്രോ കണ്‍ട്രോളര്‍ ഉപയോഗിച്ച് പ്രോഗ്രാം ചെയ്യാന്‍ സാധിക്കുകയുള്ളൂവെന്നും കമ്മീഷന്‍ വിശദീകരിച്ചു. റീ പ്രോഗ്രാം ചെയ്യാന്‍ സാധിക്കില്ലെന്ന് പറയുന്നത് തെറ്റാണെന്ന് അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാണിച്ചെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷന്റെ സാങ്കേതിക റിപ്പോര്‍ട്ടില്‍ വിശ്വാസമുണ്ടെന്ന് കോടതി പറഞ്ഞു.
അതേസമയം വോട്ടെടുപ്പ് നിയന്ത്രിക്കാന്‍ കോടതിക്ക് അധികാരം ഇല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. മറ്റൊരു ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷനാണ് വോട്ടെടുപ്പ് നടത്താനുള്ള അധികാരമെന്നും കോടതി ചൂണ്ടിക്കാണിച്ചു. ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ്, വിവിപാറ്റ് യൂണിറ്റ് എന്നീ മൂന്ന് യൂണിറ്റുകള്‍ക്കും സ്വന്തമായ മൈക്രോ കണ്‍ട്രോളര്‍ ഉണ്ട്.
ആര്‍ക്കും ഇടപെടാന്‍ സാധിക്കാത്ത തരത്തില്‍ സുരക്ഷിതമായിട്ടാണ് ഇവ സ്ഥാപിച്ചിരിക്കുന്നതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം നല്‍കി. ഒറ്റത്തവണ മാത്രമാണ് മൈക്രോ കണ്‍ട്രോളര്‍ പ്രോഗ്രാം ചെയ്യുന്നതെന്നും, ഒരിക്കല്‍സ്ഥാപിച്ചാല്‍ മാറ്റാന്‍ കഴിയില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
അതേമയം മൈക്രോ കണ്‍ട്രോളറില്‍ ഫ്‌ളാഷ് മെമ്മറിയുണ്ടെന്നും, വീണ്ടും പ്രോഗ്രാം ചെയ്യാനാവില്ലെന്നത് ശരിയല്ലെന്നുമായിരുന്നു പ്രശാന്ത് ഭൂഷന്റെ വാദം. എല്ലാ മെഷീനുകളിലും 45 ദിവസത്തേക്ക് മാത്രമാണ് വിവരശേഖരണം.
ഫലപ്രഖ്യാപനത്തിന് 45 ദിവസങ്ങള്‍ക്ക്‌ശേഷം ചീഫ് ഇലക്ടറല്‍ ഓഫീസര്‍മാര്‍ അതാത് ഹൈക്കോടതി രജിസ്ട്രാര്‍മാരോട് തിരഞ്ഞെടുപ്പ് പരാതികളുണ്ടോയെന്ന് അന്വേഷിക്കും. തിരഞ്ഞെടുപ്പ് പരാതികള്‍ നിലവിലുണ്ടെങ്കില്‍ മെഷീനിലെ വിവരങ്ങള്‍ അധിക കാലത്തേക്കും സൂക്ഷിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.












Click it and Unblock the Notifications