വഖഫ് നിയമ ഭേദഗതി; മുസ്ലിങ്ങളുടെ മതപരമായ അവകാശളെ ബാധിക്കില്ല: സത്യവാങ്മൂലം സമർപ്പിച്ച് കേന്ദ്രം
ഡല്‍ഹി: വഖഫ് നിയമ ഭേദഗതിയില്‍ ഉറച്ച് നിന്ന് കേന്ദ്ര സർക്കാർ. ഭേദഗതി ഭരണഘടനാപരമായി ഉറച്ച അടിത്തറയിലാണെന്ന് വ്യക്തമാക്കിയ കേന്ദ്ര സർക്കാർ നിയമത്തിലെ മാറ്റങ്ങളെ ശക്തമായി ന്യായീകരിക്കുകയും ചെയ്യുന്നു. പാർലമെന്റ് പാസാക്കിയ നിയമം ഭാഗികമായി സ്റ്റേ ചെയ്യുന്നതിന് കോടതിക്ക് അധികാരം ഇല്ലെന്നും കേന്ദ്ര സർക്കാർ ഇന്ന് സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നുണ്ട്.
മുസ്ലിം സമുദായത്തിന്റെ മതപരമായ ആചാരങ്ങൾക്ക് യാതൊരു തടസ്സവും വരുത്താതെ, വഖഫ് സ്വത്തുക്കളുടെ ദുരുപയോഗം തടയാനും സുതാര്യത ഉറപ്പാക്കാനുമാണ് ഈ നിയമം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും സത്യവാങ്മൂലത്തില്‍ കേന്ദ്രം അവകാശപ്പെടുന്നു. നിയമത്തിന്റെ സാധുതയെ ചോദ്യം ചെയ്യുന്ന ഹർജികൾ തള്ളണമെന്നും ഭേദഗതി സ്റ്റേ ചെയ്യുന്നത് പാർലമെന്റിന്റെ അധികാരത്തിലുള്ള കൈകടത്തലാണെന്നും കേന്ദ്ര സർക്കാർ വാദിക്കുന്നു.

1332 പേജുള്ള സത്യവാങ്മൂലം മിനിസ്ട്രി ഓഫ് മൈനോറിറ്റി അഫയേഴ്സിലെ ജോയിന്റ് സെക്രട്ടറി ഷെർഷ സി. ഷെയ്ഖ് മൊഹിദ്ദീനാണ് സമർപ്പിച്ചത്. വഖഫ് സ്വത്തുക്കളുടെ ദുരുപയോഗം, സ്വകാര്യ-സർക്കാർ ഭൂമികളിലെ കൈയേറ്റങ്ങൾ, 'വഖഫ് ബൈ യൂസർ' എന്ന ആശയത്തിന്റെ തെറ്റായ വ്യാഖ്യാനം എന്നിവ തടയാനാണ് ഭേദഗതികൾ കൊണ്ടുവന്നതെന്ന് സത്യവാങ്മൂലം വിശദീകരിക്കുന്നു. 'വഖഫ് ബൈ യൂസർ' സ്വത്തുക്കൾക്ക് രേഖകളുടെ ആവശ്യമില്ലെന്നും, നിലവിൽ രജിസ്റ്റർ ചെയ്തവയുടെ നില മാറ്റില്ലാതെ തുടരുമെന്നും കേന്ദ്രം വ്യക്തമാക്കി.
നിയമത്തിനെതിരായ ഹർജികൾ, മതസ്വാതന്ത്ര്യത്തിന്റെ അവകാശങ്ങൾ ഹനിക്കുന്നുവെന്ന തെറ്റായ മുൻവിധിയില്‍ അധിഷ്ഠിതമെന്നും കേന്ദ്രം ആരോപിക്കുന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 26 പ്രകാരം മതസമുദായങ്ങൾക്ക് അവരുടെ മതകാര്യങ്ങൾ നിയന്ത്രിക്കാനുള്ള അവകാശം ഉണ്ട്. ഭരണഘടനാ ഭേദഗതി ഈ നിയമം ലംഘിക്കുന്നില്ല. വഖഫ് ബോർഡുകളിൽ മുസ്ലിം ഇതര അംഗങ്ങളെ ഉൾപ്പെടുത്തുന്നത് ഭരണപരമായ സുതാര്യത ഉറപ്പാക്കാനാണെന്നും കേന്ദ്രം വാദിച്ചു.
ഏപ്രിൽ 17-ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് വഖഫ് നിയമഭേദഗതി സാധുത ചോദ്യം ചെയ്യുന്ന ഹർജികൾ പരിഗണിച്ചിരുന്നു. വഖഫ് സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണമെന്നും വഖഫ് ബൈ യൂസര്‍ സ്വത്ത് ഡീനോട്ടിഫൈ ചെയ്യരുതെന്നും കോടതി അന്ന് നിർദേശിച്ചു. കലക്ടര്‍മാര്‍ ഇടപെട്ട് തല്‍സ്ഥിതി മാറ്റാന്‍ പാടില്ല. ബോര്‍ഡിലേക്കും കൗണ്‍സിലിലേക്കും നിയമനം നടത്തരുതെന്നും കോടതി നിർദേശിച്ചു. ഹര്‍ജി വീണ്ടും പരിഗണിക്കുന്നതുവരെയാണ് ഇടക്കാല ഉത്തരവ്. അഞ്ച് വർഷം ഇസ്ലാം മതം അനുഷ്ഠിച്ചവർക്കേ വഖഫിന് അവകാശമുള്ളു എന്നതടക്കമുള്ള വ്യവസ്ഥകളിൽ ഇപ്പോൾ ഇടപെടുന്നില്ലെന്നും കോടതി അന്ന് വ്യക്തമാക്കിയിരുന്നു.
അതേസമയം ഭേദഗതി 1829163.896 ഏക്കർ വരുന്ന വഖഫ് സ്വത്തുക്കളെ ബാധിക്കുന്നതാണെന്നും, പാർലമെന്റിന്റെ ജോയിന്റ് പാർലമെന്ററി കമ്മിറ്റിയുടെ ശുപാർശകൾ അനുസരിച്ചാണ് ഭേദഗതികൾ നടപ്പാക്കിയതെന്നും സത്യവാങ്മൂലം ചൂണ്ടിക്കാട്ടുന്നു. കോടതിയുടെ രൂക്ഷ വിമർശനത്തിന് ഇടയാക്കിയ 2 എ വകുപ്പ് കേവലം വിശദീകരണമായി എടുത്താൽ മതിയെന്നും കോടതിവിധികളെ മറികടക്കുന്നത് അല്ലെന്നും കേന്ദ്രം അഭിപ്രായപ്പെട്ടു. എന്നാൽ, കോൺഗ്രസും എ ഐ എം ഐ എം ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഈ നിയമത്തെ 'ഭരണഘടനാ വിരുദ്ധവും മുസ്ലിം വിരുദ്ധവുമാണ്' എന്നാണ് വിശേഷിപ്പിച്ചത്.
വഖഫ് നിയമം സ്വകാര്യ, സർക്കാർ ഭൂമി കൈക്കലാക്കാൻ ദുരുപയോഗം ചെയ്തെന്ന് ആരോപിക്കുന്ന കേന്ദ്രം ഇതിനെതിരായ പരാതികളും സത്യവാങ്മൂലത്തിനൊപ്പം സമർപ്പിച്ചിട്ടുണ്ട്. സുപ്രീം കോടതി മെയ് 5-ന് വീണ്ടും കേസ് പരിഗണിക്കും. നിയമത്തിന്റെ ഭരണഘടനാ സാധുതയെക്കുറിച്ചുള്ള വാദങ്ങൾ തുടരുന്നതിനാൽ, ഇന്ത്യയുടെ മതേതര-ബഹുസ്വര സ്വഭാവത്തെ ഈ വിധി എങ്ങനെ ബാധിക്കുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.












Click it and Unblock the Notifications