വഖഫ് നിയമം ബംഗാളില്‍ നടപ്പാക്കില്ലെന്ന് മമത; 'കലാപത്തിന് ആസൂത്രിതശ്രമം'
കൊല്‍ക്കത്ത: കേന്ദ്ര സര്‍ക്കാരിന്റെ വഖഫ് നിയമം പശ്ചിമ ബംഗാളില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. വഖഫ് നിയമത്തെ ചൊല്ലി കലാപം പൊട്ടിപ്പുറപ്പെട്ട മുര്‍ഷിദാബാദ് ജില്ലയിലെ അക്രമബാധിത പ്രദേശങ്ങളിലേക്ക് എത്തിയ മമത ബാനര്‍ജി സമാധാനത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തു. വഖഫ് നിയമത്തെ തൃണമൂല്‍ കോണ്‍ഗ്രസോ സര്‍ക്കാരോ പിന്തുണയ്ക്കുന്നില്ല എന്നും അവര്‍ വ്യക്തമാക്കി.
'ഈ വിഷയത്തില്‍ ഞങ്ങള്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഈ നിയമത്തെ ഞങ്ങള്‍ പിന്തുണയ്ക്കുന്നില്ല. ഈ നിയമം ഞങ്ങളുടെ സംസ്ഥാനത്ത് നടപ്പാക്കില്ല. പിന്നെ എന്തിനാണ് ഈ കലാപം?' അവര്‍ ട്വീറ്റ് ചെയ്തു. എല്ലാവരും സംയമനം പാലിക്കണം എന്നും അക്രമത്തില്‍ ഏര്‍പ്പെടരുത് എന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. കലാപത്തിന് പ്രേരിപ്പിക്കുന്നവര്‍ സമൂഹത്തിന് ദോഷം ചെയ്യുകയാണ് എന്നും അവര്‍ ചൂണ്ടിക്കാട്ടി.

'ദയവായി ശാന്തതയും സംയമനവും പാലിക്കുക എന്നതാണ് എല്ലാ മതങ്ങളിലുമുള്ള എല്ലാ ആളുകളോടും എന്റെ ആത്മാര്‍ത്ഥമായ അഭ്യര്‍ത്ഥന. മതത്തിന്റെ പേരില്‍ ഒരു അനീതിപരമായ പെരുമാറ്റത്തിലും ഏര്‍പ്പെടരുത്. ഓരോ മനുഷ്യജീവനും വിലപ്പെട്ടതാണ്. രാഷ്ട്രീയത്തിന് വേണ്ടി കലാപങ്ങള്‍ക്ക് പ്രേരിപ്പിക്കരുത്. കലാപത്തിന് പ്രേരിപ്പിക്കുന്നവര്‍ സമൂഹത്തിന് ദോഷം ചെയ്യുകയാണ്,' മമത പറഞ്ഞു.
എന്തിനാണ് സംസ്ഥാനത്ത് ഇത്തരത്തില്‍ ഒരു പ്രതിഷേധം എന്നും നിയമം ഭേദഗതി ചെയ്തത് തന്റെ പാര്‍ട്ടിയല്ലെന്നും മുഖ്യമന്ത്രി പ്രതിഷേധക്കാരെ ഓര്‍മ്മിപ്പിച്ചു. 'ഈ നിയമം നിര്‍മ്മിച്ചത് കേന്ദ്ര സര്‍ക്കാരാണ്. അതിനാല്‍ നിങ്ങള്‍ക്ക് ആവശ്യമുള്ള ഉത്തരം കേന്ദ്ര സര്‍ക്കാരില്‍ നിന്ന് തേടണം,' മമത പറഞ്ഞു. കുറ്റവാളികള്‍ക്കെതിരെ തന്റെ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
ചില രാഷ്ട്രീയ പാര്‍ട്ടികള്‍ രാഷ്ട്രീയ നേട്ടത്തിനായി മതത്തെ ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കുകയാണ് എന്നും അവരുടെ പ്രേരണയ്ക്ക് വഴങ്ങരുത് എന്നും മമത ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം വഖഫ് നിയമത്തിനെതിരായ പ്രകടനങ്ങള്‍ അക്രമാസക്തമായപ്പോള്‍ പ്രതിഷേധക്കാര്‍ പൊലീസുമായി ഏറ്റുമുട്ടിയിരുന്നു. ഇതില്‍ കുറഞ്ഞത് 15 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
വെള്ളിയാഴ്ച നടന്ന പ്രതിഷേധങ്ങള്‍ അക്രമാസക്തമായി മാറിയതായി ബംഗാള്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ രാജീവ് കുമാറും പറഞ്ഞു. കിംവദന്തികള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധം ഉണ്ടായത്. പൊലീസ് ഔട്ട്പോസ്റ്റുകള്‍, റെയില്‍വേ ഓഫീസുകള്‍, കടകള്‍ എന്നിവയുള്‍പ്പെടെ നിരവധി സര്‍ക്കാര്‍ വാഹനങ്ങളും കെട്ടിടങ്ങളും നശിപ്പിക്കപ്പെടുകയും തീയിടുകയും ചെയ്തു.












Click it and Unblock the Notifications