'ശരീരഭാഗങ്ങള്‍ വായുവില്‍ ചിതറുന്നത് കണ്ടു': ഭയം മാറാതെ ചെങ്കോട്ട സ്‌ഫോടനത്തിന്റെ ദൃക്സാക്ഷികള്‍
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ തന്ത്രപ്രധാന കേന്ദ്രമായ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമുണ്ടായ വന്‍ സ്ഫോടനത്തിന്റെ നടുക്കത്തിലാണ് രാജ്യം. ഇതുവരെയുള്ള വിവരം അനുസരിച്ച് സംഭവത്തില്‍ എട്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഡല്‍ഹിയില്‍ നിരവധി വിനോദ സഞ്ചാരികള്‍ എത്തുന്ന അതീവ സുരക്ഷാ മേഖലയിലാണ് സ്ഫോടനം ഉണ്ടായത് എന്നത് ആശങ്ക വര്‍ധിപ്പിക്കുകയാണ്.
സന്ധ്യാ സമയത്തോടെ സ്‌ഫോടനം നേരിട്ടു കണ്ടതിന്റെ നടുക്കത്തിലാണ് സമീപവാസികള്‍. കാതടിപ്പിക്കുന്ന ശബ്ദത്തിന് പിന്നാലെ തീജ്വാലകള്‍ ഉയരുന്നതാണ് കണ്ടത്. എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും പെട്ടെന്ന് മനസിലായില്ല. തല മരവിപ്പിക്കുന്ന സ്‌ഫോടനത്തില്‍ താന്‍ മൂന്ന് തവണ വീണു പോയതായി പ്രദേശത്തെ കടയുടമ പറഞ്ഞു. 'എന്റെ ജീവിതത്തില്‍ ഇതുവരെ ഇത്രയും വലിയ സ്‌ഫോടന ശബ്ദം ഞാന്‍ കേട്ടിട്ടില്ല. ഞങ്ങള്‍ എല്ലാവരും മരിക്കാന്‍ പോകുന്നതുപോലെയാണ് അനുഭവപ്പെട്ടതെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടപ്പോള്‍ ഭൂമി കുലുക്കമാണെന്നാണ് വിചാരിച്ചത്. സ്‌ഫോടനത്തിന്റെ പ്രകമ്പനം അത്രത്തോളം വലുതായിരുന്നുവെന്ന് പ്രദേശവാസിയായ രാജ്ധര്‍ പാണ്ഡെ പറഞ്ഞു. സ്‌ഫോടനമുണ്ടായതിന്റെ തൊട്ടടുത്താണ് രാജ്ധര്‍ പാണ്ഡെ താമസിക്കുന്നത്. ശബ്ദം കേട്ടാണ് വീട്ടില്‍ നിന്ന്് പുറത്തിറങ്ങിയത്. തീജ്വാലകള്‍ ആളുന്നതാണ് കണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
ശരീരഭാഗങ്ങള്‍ വായുവിലൂടെ ചിതറിത്തെറിക്കുന്നത് കണ്ടതായി മറ്റൊരു പ്രദേശവാസി പറഞ്ഞു. ഒരാളുടെ ശരീരത്തില്‍ നിന്ന് അറ്റുപോയ കൈ റോഡില്‍ കിടക്കുന്നത് കണ്ടപ്പോള്‍ ഞെട്ടിപ്പോയി. അത് വാക്കുകളാല്‍ വിശദീകരിക്കാന്‍ കഴിയില്ലെന്നും പ്രദേശവാസി പറഞ്ഞു. ശരീരഭാഗങ്ങള്‍ റോഡില്‍ ചിതറിക്കിടക്കുകയാണ്. എന്താണ് സംഭവിച്ചതെന്ന് ആദ്യം ആര്‍ക്കും മനസിലായില്ല. നിരവധി കാറുകളും ആളിക്കത്തുന്നത് കണ്ടു.
സ്‌ഫോടനത്തില്‍ എട്ട് പേര്‍ മരിച്ചതായും 12 പേര്‍ക്ക് പരിക്കേറ്റതായും ഡല്‍ഹി ഫയര്‍ സര്‍വീസസും എല്‍എന്‍ജെപി ആശുപത്രിയും സ്ഥിരീകരിച്ചു. സംഭവത്തെതുടര്‍ന്ന് രാജ്യ തലസ്ഥാനം അതീവ ജാഗ്രതയിലാണ്.
സ്‌ഫോടനം നടന്ന സ്ഥലം ജനസാന്ദ്രത കൂടിയ പ്രദേശമാണ്. ചാന്ദ്നി ചൗക്ക് മാര്‍ക്കറ്റ് ഉള്‍പ്പെടെ നിരവധി തിരക്കേറിയ പ്രദേശങ്ങള്‍ സമീപത്താണ് സ്ഥിതി ചെയ്യുന്നത്. ഈ സാഹചര്യത്തില്‍, കാര്‍ പൊട്ടിത്തെറിച്ചത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ഹരിയാന രജിസ്‌ട്രേഷനിലുള്ള ഐ20 കാറാണ് പൊട്ടിത്തെറിച്ചത്.












Click it and Unblock the Notifications