തന്നെ ഇല്ലാതാക്കി ഈ തിരഞ്ഞെടുപ്പ് ജയിക്കാമെന്ന് കരുതുന്നുണ്ടോ?എങ്കിൽ തെറ്റി; അമിത് ഷാക്കെതിരെ മമത
കൊൽക്കത്ത; നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് തൃണമൂൽ കോൺഗ്രസ് നേതാക്കളെ വകവരുത്താൻ ആഭ്യന്തര മന്ത്രി അമിത് ഷാ ഗൂഢാലോചന നടത്തുകയാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. തന്റെ തിരഞ്ഞെടുപ്പ് റാലികൾക്ക് ജനങ്ങൾ കുറവായത് കാരണം ഷാ നിരാശനാണന്നും അതിനാലാണ് തൃണമൂൽ നേതാക്കൾക്കെതിരെ തിരിഞ്ഞിരിക്കുന്നതെന്നും മമത ആരോപിച്ചു. മെജിയയിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മമത.

രാജ്യത്തെ ആഭ്യന്തര കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് പകരം അമിത് ഷാ കൊൽക്കത്തയിലാണ് ഇപ്പോൾ നിലയുറപ്പിച്ചിരിക്കുന്നത്. ഇവിടെ ഇരുന്ന് തൃണമൂൽ നേതാക്കളെ ഉപദ്രവിക്കാനുള്ള ഗൂഡാലോചന നടത്തുകയാണ്. അവർക്ക് എന്താണ് വേണ്ടത്, തന്നെ കൊലപ്പെടുത്തുകയോ? തന്നെ ഇല്ലാതാക്കി ഈ തിരഞ്ഞെടുപ്പ് ജയിക്കാമെന്ന് അവർ കരുതുന്നുണ്ടോ? എങ്കിൽ അവർക്ക് തെറ്റി പോയി, മമത പറഞ്ഞു.
ഭക്ഷണം സൗജന്യമായി വിതരണം ചെയ്യാൻ കഴിയുമെങ്കിൽ എന്തുകൊണ്ടാണ് ഗ്യാസ് സൗജന്യമായി നൽകാൻ നമുക്ക് കഴിയാത്തത്, എന്തുകൊണ്ടാണ് നിങ്ങൾ പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കാത്തത്? " ബാനർജി ചോദിച്ചു.തിരഞ്ഞെടുപ്പ് കമ്മീഷന് സ്വാതന്ത്ര്യം നഷ്ടപ്പെട്ടുവെന്നും ഷായുടെ നിർദ്ദേശപ്രകാരനാണ് വോട്ടെടുപ്പ് പാനൽ പ്രവർത്തിക്കുന്നതെന്നും അവർ ആരോപിച്ചു.
അമിത് ഷായാണ് തിരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശങ്ങൾ നൽകുന്നത്. തന്റെ ഡയറക്ടർ സെക്യൂരിറ്റിയായ വിവേക് സഹായിയെ തിരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റിയത് ഷായുടെ നിർദ്ദേശ പ്രകാരമാണെന്നും മമത ആരോപിച്ചു. നന്ദിഗ്രാമിൽ മമതയ്ക്ക് പരിക്കേറ്റ സമയത്ത് അവരുടെ സുരക്ഷ ചുമതല വഹിച്ചിരുന്ന പോലീസ് ഓഫീസറായിരുന്നു സഹായ്. കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് വിവേകിനെ തിരഞ്ഞെടുപ്പ് കമ്മീഷൻ സസ്പെന്റ് ചെയ്തത്.












Click it and Unblock the Notifications