ലാലു കുടുംബത്തില്‍ കലഹം; ഒരു മകള്‍ മുംബൈയിലേക്ക്, മറ്റു 3 പെണ്‍മക്കള്‍ ഡല്‍ഹിയിലേക്കും
പട്‌ന: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന പിന്നാലെ ബിഹാറില്‍ നിന്ന് കുടുംബ കലഹ വാര്‍ത്ത. ബിഹാര്‍ രാഷ്ട്രീയത്തിലെ പ്രമുഖരായ ലാലു കുടുംബത്തിലാണ് തര്‍ക്കം. ഏഴ് പെണ്‍മക്കളും രണ്ട് ആണ്‍മക്കളുമാണ് ലാലു പ്രസാദ് യാദവ്-റാബ്‌റി ദേവി ദമ്പതികള്‍ക്കുള്ളത്. ഇതില്‍ പട്‌നയിലെ വസതിയില്‍ ലാലു, റാബ്‌റി, മിസ ഭാരതി എന്നിവര്‍ മാത്രമാണുള്ളത്.
തിരഞ്ഞെടുപ്പ് ഫലം വന്ന പിന്നാലെ രോഹിണി എന്ന മകള്‍ സോഷ്യല്‍ മീഡിയയില്‍ കുടുംബാംഗങ്ങള്‍ക്കെതിരെ പോസ്റ്റിടുകയും വീടും രാഷ്ട്രീയവും ഉപേക്ഷിക്കുകയാണെന്നും പ്രഖ്യാപിച്ചു. ആര്‍ജെഡിയെ നിയന്ത്രിക്കുന്ന ലാലുവിന്റെ മകന്‍ തേജസ്വി യാദവിനും അദ്ദേഹത്തിന്റെ അടുത്ത നേതാക്കള്‍ക്കുമെതിരെയാണ് രോഹിണി സംസാരിക്കുന്നത്.

മിസ ഭാരതിയാണ് മുത്ത മകള്‍. രോഹിണി, ചന്ദ, രാഗിണി, ഹേമ, അനുഷ്‌ക, രാജലക്ഷ്മി എന്നിവരാണ് മറ്റു പെണ്‍മക്കള്‍. രോഹിണിക്ക് പിന്നാലെ മറ്റു മൂന്ന് പെണ്‍മക്കള്‍ കൂടി വീടുവിട്ടു എന്നാണ് വിവരം. ഇവര്‍ ഡല്‍ഹിയിലേക്കാണ് പോയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ താന്‍ മുംബൈയിലെ ഭര്‍ത്താവിന്റെ അമ്മയുടെ അടുത്തേക്കാണ് പോകുന്നതെന്ന് രോഹിണി മാധ്യമങ്ങളോട് പറഞ്ഞു.
മാസങ്ങളായി രോഹിണി ആര്‍ജെഡി നേതാക്കളില്‍ ചിലര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. തിരഞ്ഞെടുപ്പില്‍ ദയനീയ പരാജയം കൂടി പാര്‍ട്ടി ഏറ്റുവാങ്ങിയതോടെയാണ് കലഹം പൊട്ടിത്തെറിയായത്. 2020ല്‍ 75 സീറ്റില്‍ ജയിച്ച പാര്‍ട്ടി ഇത്തവണ 25 സീറ്റിലേക്ക് ഒതുങ്ങി. വൃക്കരോഗം വന്ന ലാലുവിന് പകരം വൃക്ക നല്‍കിയ മകളാണ് രോഹിണി.
അച്ഛന് മോശം വൃക്ക നല്‍കി എന്ന് ആക്ഷേപം താന്‍ നേരിടുന്നു എന്നാണ് രോഹിണിയുടെ ആരോപണം. രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടിയാണ് വൃക്ക നല്‍കിയതെന്നും കുറ്റപ്പെടുത്തുന്നുണ്ടത്രെ. ഇതാണ് തന്നെ വേദനിപ്പിച്ചതെന്ന് രോഹിണി പറയുന്നു. പിതാവും മാതാവും തന്റെ നിലപാടുകള്‍ക്കൊപ്പമാണെന്നും തേജസ്വിയോട് മാത്രമാണ് തനിക്ക് പ്രശ്‌നമുള്ളതെന്നും രോഹിണി പിന്നീട് വിശദീകരിച്ചു.
അതേസമയം, ആര്‍ജെഡി നേതാക്കളും രണ്ട് ചേരിയായി തിരിഞ്ഞിട്ടുണ്ട്. വിഷയത്തില്‍ തേജസ്വി ഇതുവരെ പ്രതികരിച്ചിട്ടില്ല. രോഹിണിക്കെതിരായ നീക്കങ്ങള്‍ തടയുമെന്നു ലാലുവിന്റെ മൂത്ത മകനായ തേജ് പ്രതാപ് സിങ് പറഞ്ഞു. ആര്‍ജെഡി നേതാക്കളായ സഞ്ജയ് യാദവ്, റമീസ് ഖാന്‍ എന്നിവര്‍ക്കെതിരെയാണ് രോഹണി സംസാരിക്കുന്നത്. പാര്‍ട്ടി തോറ്റതിന് കാരണം ഇവരാണ് എന്ന് രോഹിണി കുറ്റപ്പെടുത്തി.
രോഹിണിയെ പിന്തുണച്ച് ചില നേതാക്കള്‍ രംഗത്തുവന്നു. പാര്‍ട്ടിയില്‍ ആഭ്യന്തര പ്രശ്നങ്ങളുണ്ടെന്നും ലാലു കുടുംബത്തില്‍ തര്‍ക്കമുണ്ടെന്നും വരുത്താനാണ് രോഹിണിയുടെ ശ്രമമെന്ന് മറ്റു ചില ആര്‍ജെഡി നേതാക്കള്‍ പറഞ്ഞു. സഞ്ജയ് യാദവ് തേജസ്വിയുടെ വലംകൈയ്യും രാജ്യസഭാ എംപിയുമാണ്. തേജസ്വി യാദവിന്റെ അടുത്ത സുഹൃത്തും സാമൂഹിക മാധ്യമ വിഭാഗത്തിന്റെ ചുമതലക്കാരനുമാണ് റമീസ് ഖാന്‍.












Click it and Unblock the Notifications