ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിലൂടെ ലക്ഷ്യം വെയ്ക്കുന്നത് എന്ത്? വെല്ലുവിളികളും നേട്ടങ്ങളും അറിയാം
രാജ്യത്തെ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരേസമയം നടത്തുന്നതുമായി ബന്ധപ്പെട്ട സർക്കാരിൻ്റെ 'ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്' പദ്ധതിയെക്കുറിച്ചള്ള നിര്‍ണ്ണായക റിപ്പോര്‍ട്ട് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിൻ്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി ഇന്ന് കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ രൂപീകരിച്ച സമിതി മറ്റ് രാജ്യങ്ങളിൽ നിന്നുള്ള മികച്ച രീതികൾ ഉള്‍പ്പടെ പഠിക്കുകയും 39 രാഷ്ട്രീയ പാർട്ടികളോടും സാമ്പത്തിക വിദഗ്ധരോടും ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനോടും കൂടിയാലോചന നടത്തുകയും ചെയ്തു.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് സമിതി സ്വീകരിച്ചിരിക്കുന്നത്. എന്നാൽ നിലവിലുള്ള തിരഞ്ഞെടുപ്പ് കാലക്രമണം ഉടച്ച് വാര്‍ത്ത് വീണ്ടും ഒന്നിച്ച് തിരഞ്ഞെടുപ്പ് നടത്താന്‍ കഴിയുന്ന നിയമപരമായി സുസ്ഥിരമായ ഒരു സംവിധാനം വേണമെന്നും സമിതി ആവശ്യപ്പെടുന്നു.

ഒരേസമയം തെരഞ്ഞെടുപ്പുകൾ നടത്തണമെന്ന് സമിതിക്ക് ഏകകണ്ഠമായ അഭിപ്രായമുണ്ട്. ആദ്യ ഘട്ടത്തിൽ ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പും രണ്ടാം ഘട്ടത്തിൽ 100 ദിവസത്തിനുള്ളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും നടത്താം എന്നാണ് സമിതി നിർദ്ദേശം. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്നത് 2019 ലെ ബിജെപിയുടെ പ്രകടന പത്രികയുടെ ഭാഗമായിരുന്നു, എന്നാൽ ഭരണഘടനാ വിഷയങ്ങളിലെ പ്രശ്നങ്ങള്‍ ഉയർത്തിയ പ്രതിപക്ഷം ഈ ആശയത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്.
എന്താണ് 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്'?
ലളിതമായി പറഞ്ഞാൽ, എല്ലാ ഇന്ത്യക്കാരും ലോക്‌സഭാ, അസംബ്ലി തെരഞ്ഞെടുപ്പുകളിൽ കേന്ദ്ര-സംസ്ഥാന നിയമസഭ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിന് ഒരേ സമയം അല്ലെങ്കിലും ഒരേ വർഷം തന്നെ വോട്ട് ചെയ്യും. നിലവില്‍ ലോക്സഭ തിരഞ്ഞെടുപ്പിനൊപ്പം തന്നെ നിയമസഭകളിലേക്കും തിരഞ്ഞെടുപ്പ് നടത്തുന്ന ചില സംസ്ഥാനങ്ങളുണ്ട്. ആന്ധ്രാപ്രദേശ്, സിക്കിം, ഒഡീഷ എന്നിവിടങ്ങളില്‍ ഇത്തരത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
മഹാരാഷ്ട്രയും ഹരിയാനയും ജാര്‍ഘണ്ഡും ഈ വർഷാവസാനം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളാണ്. ജമ്മു-കശ്മീരിലും ആറ് മാസത്തിനുള്ളില്‍ അതിൻ്റെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ്, അതായത് സെപ്റ്റംബർ 30 ന് മുമ്പ് നടത്തണം. സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനുള്ള സമീപകാല സുപ്രീം കോടതി ഉത്തരവില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
വെല്ലുവിളി
രാജ്യത്തിൻ്റെ വലിപ്പവും പ്രദേശങ്ങൾ തമ്മിലുള്ള വിശാലമായ ഭൂപ്രകൃതിയും സാംസ്കാരികവുമായ വ്യത്യാസങ്ങളും കണക്കിലെടുക്കുമ്പോള്‍ സാമ്പത്തികം മുതൽ ആശയപരവും ഭരണഘടനാപരവും നിയമപരവും പ്രായോഗികവുമായ നിരവധി വെല്ലുവിളികളാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനുള്ളത്.
നേട്ടങ്ങൾ
എല്ലാ വർഷവും നിരവധി തവണ പോളിംഗ് ഉദ്യോഗസ്ഥരെയും സുരക്ഷാ സേനയെയും വിന്യസിക്കുന്നത് വെട്ടിക്കുറയ്ക്കുന്നത് പൊതു ഖജനാവിനെ സംബന്ധിച്ച് ലാഭകരണമാണെന്നാണ് കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ നേരത്തെ വ്യക്തമാക്കിയത്. രാഷ്ട്രീയ പാർട്ടികള്‍ക്ക് അവരുടെ പ്രചാരണത്തിന് ചെലവ് കുറയ്ക്കുകയും ചെയ്യാം. ഇത്തരത്തില്‍ ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നത് സാമ്പത്തികപരമായി വലിയ നേട്ടമാണെന്നും മേഘ്‌വാൾ പാർലമെൻ്റില്‍ പറഞ്ഞിരുന്നു.
പെരുമാറ്റചട്ടങ്ങള്‍ ഇടയ്ക്കിടെ നടപ്പിലാക്കുന്നത് സര്‍ക്കാറിന്‍റെ ക്ഷേമപ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. ഒറ്റത്തവണയുള്ള തിരഞ്ഞെടുപ്പ് വോട്ടർമാരുടെ പോളിംഗിനെ മെച്ചപ്പെടുത്തുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു. നിലവിൽ ഓരോ സംസ്ഥാനത്തേയും പൊതുതിരഞ്ഞെടുപ്പിലേയും വോട്ടിങ് വിഹിതം തമ്മില്‍ കാര്യമായ വ്യത്യാസമുണ്ട്.












Click it and Unblock the Notifications