'ഷാരുഖിന്റെ ആ തീപ്പൊരി ഡയലോഗ് വർഷങ്ങളായി കെജ്രിവാൾ ആവർത്തിക്കുന്നത്! വീഡിയോ വൈറൽ
ന്യൂഡൽഹി: ഷാരുഖ് ഖാന്റെ ഏറ്റവും പുതിയ ചിത്രം ജവാൻ തിയറ്ററുകളിൽ വിജയകരമായി മുന്നേറുകയാണ്. ഇപ്പോൾ ചിത്രത്തിൽ ഷാരൂഖ് ഖാൻ പറഞ്ഞ ഒരു ഡയലോഗ് ആണ് ആം ആദ്മി പാർട്ടി (എഎപി) ആഘോഷമാക്കിയിരിക്കുന്നത്. ഷാരൂഖ് പറഞ്ഞ ഈ ഡയലോഗ് തന്നെയാണ് അരവിന്ദ് കെജ്രിവാൾ കുറെകാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്നത് എന്നാണ് എ എ പി പ്രവർത്തകർ അവകാശപ്പെടുന്നത്.
കെജ്രിവാളിന്റെ പഴയ വീഡിയോകളും എക്സിൽ എ എ പി പ്രവർത്തകർ പങ്കിട്ടു. സിനിമയായ 'ജവാൻ' എന്ന ചിത്രത്തിലെ ഡയലോഗും വോട്ടിംഗിനെക്കുറിച്ചുള്ള അരവിന്ദ് കെജ്‌രിവാളിന്റെ പ്രസംഗങ്ങളും തമ്മിൽ സാമ്യമുണ്ടെന്നും ഇവർ പറയുന്നു.

"ചിലർ മതം നോക്കി വോട്ട് ചോദിക്കുന്നു, ചിലർ ജാതി നോക്കിയാണ് ചോദിക്കുന്നത്... "എനിക്ക് വോട്ട് തരൂ, അപ്പോൾ നിങ്ങൾക്ക് ആശുപത്രികളും സ്‌കൂളുകളും ഉണ്ടാക്കാം" എന്ന് പറഞ്ഞ ഒരു പാർട്ടിയും ഞാൻ കണ്ടിട്ടില്ല. നല്ല വിദ്യാഭ്യാസം ഞാൻ നൽകും. നിങ്ങൾക്ക്... നിങ്ങൾക്ക് സൗജന്യ വൈദ്യചികിത്സകൾ ഉണ്ടെന്ന് ഞാൻ ഉറപ്പുവരുത്തും."
അതേസമയം, "ഭയം, പണം, ജാതി, മതം, സമുദായം എന്നിവയ്ക്ക് വോട്ടുചെയ്യുന്നതിന് പകരം നിങ്ങളുടെ വോട്ട് ചോദിക്കാൻ വന്നവരോട് ചോദ്യങ്ങൾ ചോദിക്കൂ. അടുത്ത 5 വർഷത്തിനുള്ളിൽ നിങ്ങൾ എനിക്കായി എന്തുചെയ്യുമെന്ന് അവനോട് ചോദിക്കുക? കുടുംബത്തിൽ ആർക്കെങ്കിലും അസുഖം വന്നാൽ അവന്റെ ചികിത്സയ്ക്കായി നിങ്ങൾ എന്തു ചെയ്യും? എനിക്ക് ജോലി ലഭിക്കാൻ നിങ്ങൾ എന്ത് ചെയ്യും? രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാൻ നിങ്ങൾ എന്ത് ചെയ്യും? എന്നാണ് സിനിമയിൽ ഷാരൂഖ് പറയുന്നതെന്ന് എ എ പി പറഞ്ഞു.
സൗജന്യ വിദ്യാഭ്യാസം, സ്‌കൂളുകൾ മോടിപിടിപ്പിക്കൽ, സൗജന്യ വൈദ്യചികിത്സ നൽകൽ എന്നിവയ്ക്കാണ് കെജ്രിവാൾ പ്രസംഗങ്ങളിൽ ഏറെ പ്രാധാന്യം നൽകുന്നത്. അടുത്തയിടെ, വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള രാജസ്ഥാനിലെ തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, സൗജന്യ സ്കൂൾ വിദ്യാഭ്യാസം, വൈദ്യചികിത്സ, എല്ലാ മാസവും 300 യൂണിറ്റ് വരെ വൈദ്യുതി എന്നിവ ഉൾപ്പെടുന്ന ആറ് ഗ്യാരന്റികളാണ് കെജ്രിവാൾ പ്രഖ്യാപിച്ചത്.
അതേസമയം, ഷാരൂഖ് ഖാൻ, സഞ്ജയ് ദത്ത്, ദീപിക പദുക്കോൺ, സന്യ മൽഹോത്ര, പ്രിയാമണി, സുനിൽ ഗ്രോവർ, റിധി ഡോഗ്ര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആറ്റ്‌ലി സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലറാണ് ജവാൻ. ഷാരൂഖിന്റെയും ഗൗരി ഖാന്റെയും റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റാണ് ഇത് നിർമ്മിക്കുന്നത്.












Click it and Unblock the Notifications