Get Updates
Get notified of breaking news, exclusive insights, and must-see stories!

തന്ത്രങ്ങൾക്ക് പകരം തീരുവ വരുമ്പോൾ; ട്രംപിന്റെ നീക്കം എന്തുകൊണ്ട്, എങ്ങനെ ഇന്ത്യ ചെറുക്കണം?

ന്യൂഡൽഹി: യുഎസിൽ നിന്ന് ഉയർന്നുവരുന്ന ഏറ്റവും പുതിയ താരിഫ് ഭീഷണി, സൂക്ഷ്‌മമായ നയതന്ത്ര നടപടിയേക്കാൾ ഒരു രാഷ്ട്രീയ ഉപകരണമായി മാറുകയാണ്. സാമ്പത്തിക യാഥാർത്ഥ്യങ്ങളോ ദീർഘകാല തന്ത്രപരമായ പങ്കാളിത്തങ്ങളോ പരിഗണിക്കാതെയാണ് ഈ നീക്കം നടപ്പാക്കുന്നത് എന്ന് പറഞ്ഞാൽ ഒരിക്കലും അധികമാവില്ല.

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 500 ശതമാനം വരെ താരിഫ് ഏർപ്പെടുത്താൻ സാധ്യതയുള്ള ബില്ലിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിന്തുണ നൽകുന്നത്, കേവലം ഒരു തരം നയപരമായ നീക്കമല്ല, മറിച്ച് തന്ത്രപരമായ ആശയക്കുഴപ്പത്തിന്റെ വ്യക്തമായ സൂചനയാണ്. ഇന്ത്യയെയും, ചൈനയെയും, ബ്രസീലിനെയും ലക്ഷ്യമിട്ടുള്ള ഈ നീക്കം പതിറ്റാണ്ടുകളായി ശ്രദ്ധയോടെ കെട്ടിപ്പടുത്ത ഇന്തോ-യുഎസ് ബന്ധങ്ങളെ ദുർബലപ്പെടുത്തും.

donaldtrumpandnarendramodi

ബഹുമുഖ ലോകത്തിലെ താരിഫ് അധിഷ്‌ഠിത നയതന്ത്രത്തിന്റെ പരിമിതികൾ തുറന്നുകാട്ടുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 500 ശതമാനം വരെ താരിഫ് ഏർപ്പെടുത്താനുള്ള യുഎസിന്റെ നിർദ്ദേശം നിലവിലുള്ള ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുള്ള താരിഫുകൾക്ക് പുറമെയാണ്. ഇത് ഇന്ത്യ-യുഎസ് ബന്ധങ്ങളെയും ആഗോള വ്യാപാരത്തെയും സാരമായി ബാധിക്കാമെന്നും ഇന്ത്യൻ വിപണിയെ തകർക്കാമെന്നും ആശങ്കയുണ്ട്.

സാമ്പത്തിക ആഘാതമുണ്ടാക്കുന്ന ആയുധങ്ങളായി ഈ താരിഫുകൾ മാറിയേക്കാമെന്നാണ് നിരീക്ഷകർ കരുതുന്നത്. ഇത് ഇന്ത്യയുടെ സാമ്പത്തിക മുൻഗണനകളുമായും ലോകത്ത് വളർന്നുവരുന്ന സ്വാധീനവുമായും ഒത്തുപോകുന്നില്ല. റഷ്യൻ എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനം ഭൂരാഷ്ട്രശാസ്ത്രപരമായ വെല്ലുവിളിയല്ല, മറിച്ച് ഊർജ്ജ സുരക്ഷയും, പണപ്പെരുപ്പം നിയന്ത്രിക്കലും, ദേശീയ താൽപ്പര്യങ്ങളും അടിസ്ഥാനമാക്കിയുള്ള ഒരു യുക്തിസഹമായ സാമ്പത്തിക തീരുമാനമാണ്.

യുക്രെയ്ൻ യുദ്ധം ആഗോള വിതരണ ശൃംഖലയെ തടസ്സപ്പെടുത്തിയതിന് ശേഷം, സമ്പദ്‌വ്യവസ്ഥയെ അസ്ഥിരതയിൽ നിന്ന് സംരക്ഷിക്കാൻ ഇന്ത്യ ഊർജ്ജപദ്ധതികൾ വൈവിധ്യവൽക്കരിക്കുകയാണ് ചെയ്‌തത്‌.
ഒരു പാശ്ചാത്യ സംഘർഷ തന്ത്രത്തെ പിന്തുണയ്ക്കാൻ ആനുപാതികമല്ലാത്ത സാമ്പത്തിക ഭാരം വഹിക്കാൻ ഇന്ത്യയോട് ആവശ്യപ്പെടുന്നത്, ഇന്ത്യയുടെ മുൻഗണനകളെയും അതിന്റെ വർധിച്ചുവരുന്ന ആഗോള സ്വാധീനത്തെയും തെറ്റായി വായിക്കുന്നതിന് തുല്യമാണ്.

നിലവിലെ താരിഫ് ഭീഷണി കൂടുതൽ അസ്വസ്ഥമാക്കുന്നത്, ഇത് തീർത്തും പുതിയൊരു കാര്യമല്ല എന്നതാണ്. റഷ്യയുമായി ബന്ധപ്പെട്ട ആശങ്കകൾ ചൂണ്ടിക്കാട്ടി, തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് ഇതിനകം 50 ശതമാനത്തോളം താരിഫ് ഏർപ്പെടുത്തിയിട്ടുണ്ട്. ഈ നടപടികൾ കയറ്റുമതിയെ മന്ദഗതിയിലാക്കുകയും വ്യാപാരികളെ ആശങ്കയിലാക്കുകയും ചെയ്‌തുകൊണ്ട് ഇതിനോടകം തിരിച്ചടി നൽകിത്തുടങ്ങി.

അതുകൊണ്ട് തന്നെ, 500 ശതമാനം താരിഫ് എന്നത് അവിശ്വസനീയമാണെന്ന് തോന്നാമെങ്കിലും, നിലവിലുള്ള ശിക്ഷാപരമായ ചട്ടക്കൂടിന്മേൽ അത് കെട്ടിപ്പടുത്തതായതുകൊണ്ട് തന്നെ വിപണിയെ പിടിച്ചുലച്ചു. നയപരമായ വ്യക്തതയ്ക്കായി വിപണികൾ കാത്തുനിൽക്കാറില്ല; അവ അപകടസാധ്യതയാണ് വിലയിരുത്തുന്നത്. ഇത് ഇന്ത്യൻ ഓഹരികളിൽ, പ്രത്യേകിച്ച് ലോഹം, എണ്ണ, വ്യവസായ ഓഹരികളിൽ ദൃശ്യമായ കൂപ്പുകുത്തലിൽ നിന്ന് വ്യക്തമാണ്.

ഈ സാഹചര്യത്തിൽ യുഎസിന്റെ സമീപനം മൗലികമായി തെറ്റായി തോന്നുന്നു. ഇത്രയും വലിയ തോതിലുള്ള താരിഫുകൾ കൃത്യമായ ഉപരോധങ്ങളല്ല; മറിച്ച് സാമ്പത്തിക ഞെട്ടലുണ്ടാക്കുന്ന ആയുധങ്ങളാണ്. ഇവ ലക്ഷ്യമിടുന്ന രാജ്യത്തെ മാത്രമല്ല ദോഷകരമായി ബാധിക്കുന്നത്. അവ ആഗോള വ്യാപാരത്തെ വികലമാക്കുകയും അമേരിക്കൻ ഉപഭോക്താക്കൾക്ക് ചെലവുകൾ വർധിപ്പിക്കുകയും, യുഎസ് ഭയപ്പെടുന്ന വിഭജനം കൂടുതൽ വേഗത്തിലാക്കുകയും ചെയ്യും.

ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയും പ്രധാന ഇന്തോ-പസഫിക് പങ്കാളിയുമായ ഇന്ത്യയെ ശിക്ഷിക്കുന്നത്, ചൈനയ്ക്ക് ഒരു മറുമരുന്നായി യുഎസ് വർഷങ്ങളായി കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന വിപുലമായ തന്ത്രപരമായ ഘടനയെ ദുർബലപ്പെടുത്തുകയാണ്.

എന്നാൽ, ഇന്ന് കാണുന്ന ഇന്ത്യ 1990-കളിലെ ഇന്ത്യയല്ല. അന്ന് ദുർബലവും, ലോകത്തോട് മുഖം തിരിച്ച് നിൽക്കുന്നതും, ഏതാനും വിപണികളെ മാത്രം ആശ്രയിക്കുന്നതുമായിരുന്നു. കഴിഞ്ഞ ദശകത്തിൽ, ന്യൂഡൽഹി "തന്ത്രപരമായ സ്വയംഭരണം" ഒരു മുദ്രാവാക്യമായിട്ടല്ല, ഒരു സാമ്പത്തിക സിദ്ധാന്തമായിത്തന്നെ പിന്തുടർന്നു.

"മേക്ക് ഇൻ ഇന്ത്യ" മുന്നേറ്റത്തിന് കീഴിലുള്ള ആഭ്യന്തര ഉൽപ്പാദനം വർധിപ്പിച്ചും, അടിസ്ഥാന സൗകര്യ വികസനം വിപുലീകരിച്ചും, ഇന്ത്യ പ്രതിരോധശേഷിക്കുള്ള അടിത്തറ പാകിയിരിക്കുകയാണ്. നിലവിലെ പ്രക്ഷുബ്ധത ഈ പാതയുടെ പ്രാധാന്യം ഊട്ടിയുറപ്പിക്കുന്നു. പ്രധാനമായി, യുഎസ് ഇപ്പോൾ ലോകത്തിലേക്കുള്ള ഇന്ത്യയുടെ ഏക ജാലകമല്ല.

തെക്കുകിഴക്കൻ ഏഷ്യ മുതൽ പശ്ചിമേഷ്യ വരെയുള്ള ഏഷ്യൻ രാജ്യങ്ങൾ ഊർജ്ജം, ഉൽപ്പാദനം, സാങ്കേതികവിദ്യ എന്നിവയിൽ ആഴത്തിലുള്ള ബന്ധങ്ങളുള്ള വലിയതും വളരുന്നതുമായ ഒരു വിപണി വാഗ്‌ദാനം ചെയ്യുന്നു. പാശ്ചാത്യ വ്യാഖ്യാനങ്ങളിൽ പലപ്പോഴും അവഗണിക്കപ്പെടുന്ന ബ്രിക്‌സ് കൂട്ടായ്‌മ, തദ്ദേശീയ കറൻസികളിൽ വ്യാപാരം സുഗമമാക്കുകയും ഡോളർ ആധിപത്യമുള്ള വ്യവസ്ഥയെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്‌തുകൊണ്ട് ഒരു ബദൽ സാമ്പത്തിക വേദിയായി ക്രമാനുഗതമായി വികസിച്ചുകൊണ്ടിരിക്കുന്നു.

അതേസമയം, യുക്രെയ്ൻ വിഷയത്തിൽ യുഎസിന്റെ നിലപാടിനൊപ്പമാണെങ്കിലും യൂറോപ്യൻ യൂണിയൻ വാണിജ്യപരമായി പ്രായോഗികമായ നിലപാടാണ് സ്വീകരിക്കുന്നത്. വിതരണ ശൃംഖലയുടെ വൈവിധ്യവൽക്കരണം ഇനി ഒരു ഓപ്ഷനല്ല എന്ന പരസ്‌പര ധാരണയാൽ, ഇന്ത്യയുടെ യൂറോപ്പുമായുള്ള വ്യാപാര, സാങ്കേതിക ബന്ധം ഗണ്യമായി വികസിച്ചു.

ഈ വൈവിധ്യവൽക്കരണമാണ് താരിഫ് ഭീഷണികളെ ചെറുക്കുന്നതിനുള്ള ഇന്ത്യയുടെ ഏറ്റവും ശക്തമായ പ്രതിരോധം. ഇപ്പോൾ ഒരു വിപണിക്കും, എത്ര വലുതായാലും, ഇന്ത്യയുടെ സാമ്പത്തിക ഗതി നിയന്ത്രിക്കാൻ കഴിയില്ല എന്നത് മറക്കരുത്.

ഹ്രസ്വകാല ചാഞ്ചാട്ടം ഒഴിവാക്കാൻ കഴിയില്ലെങ്കിലും, ദീർഘകാല അടിസ്ഥാന തത്വങ്ങൾ അചഞ്ചലമായി നിലനിൽക്കുന്നു. ആഭ്യന്തര ഉപഭോഗം, അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ചെലവ്, ക്രമാനുഗതമായി വികസിച്ചുകൊണ്ടിരിക്കുന്ന ഉൽപ്പാദന അടിത്തറ എന്നിവ വളർച്ചയെ ശക്തിപ്പെടുത്തുന്നു. താരിഫ് ഭീഷണികൾക്ക് വിപണിയിലെ വിശ്വാസത്തെ മാത്രമേ തകർക്കാൻ കഴിയൂ, ഘടനാപരമായ മുന്നേറ്റത്തെ പിന്നോട്ട് നയിക്കാൻ കഴിയില്ല.

യുഎസ് ഒരുപക്ഷേ വിലകുറച്ച് കാണുന്ന ഒരു രാഷ്ട്രീയ മാനവും ഈ വിഷയത്തിനുണ്ട്. സാമ്പത്തിക മേഖലയിലെ കടുത്ത സമ്മർദ്ദം ജനാധിപത്യ രാജ്യങ്ങളിൽ പൊതുജനാഭിപ്രായത്തെ മൃദലപ്പെടുത്തുകയല്ല, മറിച്ച് കടുപ്പിക്കുകയാണ് ചെയ്യുന്നത്. ഇന്ത്യയിൽ ഇത്തരം നടപടികൾ സ്വയംപര്യാപ്തതയ്ക്കും തന്ത്രപരമായ അകലം പാലിക്കാനുമുള്ള വാദങ്ങളെ ശക്തിപ്പെടുത്താൻ സാധ്യതയുണ്ട്, അല്ലാതെ നയപരമായ മാറ്റത്തിലേക്ക് നയിക്കാൻ സാധ്യതയില്ല.

ബാഹ്യ സമ്മർദ്ദത്തിന് വഴങ്ങി രാജ്യങ്ങൾ തങ്ങളുടെ പ്രധാന സാമ്പത്തിക താൽപ്പര്യങ്ങൾ ഉപേക്ഷിക്കാറില്ലെന്ന് ചരിത്രം തന്നെ പലവട്ടം തെളിയിക്കുന്നു; അവ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയും, വൈവിധ്യവൽക്കരിക്കുകയും, ഒടുവിൽ ബദൽ കൂട്ടുകെടുകളിലൂടെ പ്രതികാരം ചെയ്യുകയും ചെയ്യും.

യുഎസിനെ സംബന്ധിച്ചിടത്തോളം, കാര്യം വ്യക്തമാണ്. ഇന്ത്യയെ റഷ്യൻ നയത്തിലെ ഒരു ഇടപാട് ഉപാധിയായി കാണണോ, അതോ അതിന്റേതായ നിർബന്ധിത സാഹചര്യങ്ങളും പരിമിതികളുമുള്ള ഒരു പങ്കാളിയായി അംഗീകരിക്കണോ എന്നതാണ് ആ ചോദ്യം. ഭീഷണിപ്പെടുത്തുന്ന താരിഫുകൾ ആഭ്യന്തര രാഷ്ട്രീയ നാടകങ്ങളിൽ വിജയിച്ചേക്കാം, എന്നാൽ ഒരു ശിഥിലമായ ആഗോള ക്രമത്തിൽ സൂക്ഷ്‌മമായ നയതന്ത്രത്തിന് അവ ഒരു പകരക്കാരനല്ല.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം, പരിഭ്രാന്തരാകാതെ ഈ ആഘാതത്തെ ഉൾക്കൊള്ളണം. താരിഫ് വെല്ലുവിളി യഥാർത്ഥമാണ്, എന്നാൽ അതിനെ നേരിടാനുള്ള ഇന്ത്യയുടെ ശേഷിയും പകൽ പോലെ വ്യക്തമാണ്. ഇന്നത്തെ കാലത്ത് അനുസരണമല്ല, മറിച്ച് പ്രതിരോധശേഷിയാണ് വിജയത്തെ നിർവചിക്കുക. താരിഫുകൾ സഖ്യങ്ങളെ ശക്തിപ്പെടുത്തുന്നതിന് പകരം ദുർബലപ്പെടുത്തുന്നതിന് മുമ്പ് യുഎസ് ഈ പാഠം വീണ്ടും പഠിക്കുന്നത് നന്നായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+