കോടനാട് എസ്‌റ്റേറ്റ് ജയലളിതയുടേതല്ല; എല്ലാം ശശികലയുടേത്? രേഖകള്‍... 800 ഏക്കര്‍!! 2000 കോടി
ജയലളിത കോടനാട് സ്വത്ത് സ്വന്തം പേരിലല്ല വാങ്ങിയിട്ടുള്ളതെന്നാണ് വിവരം. പല സ്വത്തുക്കളും ജയലളിത ബിനാമി പേരിലാണ് വാങ്ങിയിരുന്നത്.
ചെന്നൈ: വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന ഊട്ടിയിലെ കോടനാട് എസ്‌റ്റേറ്റുമായി ബന്ധപ്പെട്ട ദൂരൂഹത വര്‍ധിക്കുന്നു. ജയലളിതയുടെ എസ്റ്റേറ്റ് എന്നാണ് അറിയപ്പെടുന്നതെങ്കിലും അത് ജയലളിതയുടെതല്ലെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പിക്കുമ്പോള്‍ ആസ്തി വിവര കണക്കുകള്‍ നല്‍കിയ ജയലളിത മറ്റു പല സ്വത്ത് വിവരങ്ങളും വെളിപ്പെടുത്തിയിരുന്നെങ്കിലും കോടനാട് എസ്‌റ്റേറ്റ് സംബന്ധിച്ച് സൂചിപ്പിച്ചിരുന്നില്ല. അങ്ങനെയാണെങ്കില്‍ 800 ഏകറിലുള്ള ഈ എസ്റ്റേറ്റ് ജയലളിതയുടേതല്ല എന്നു കരുതേണ്ടി വരും.

എസ്റ്റേറ്റിലെ കാവല്‍ക്കാരന്‍ ഓം ബഹാദൂര്‍ കഴിഞ്ഞാഴ്ച ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടതാണ് ജയലളിതയുടെ വിയോഗ ശേഷം ഇവിടം ശ്രദ്ധാകേന്ദ്രമാക്കിയത്. കവര്‍ച്ചക്കെത്തിയവരാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് സശയം. ബഹാദൂര്‍ കൊലക്കേസിലെ ഒന്നാം പ്രതി കനകരാജ് കഴിഞ്ഞദിവസം അപകടത്തില്‍ മരിച്ചു.

എന്നാല്‍ ഈ കൊലപാതകങ്ങളില്‍ ഉന്നതര്‍ക്ക് ബന്ധമുണ്ടെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കാരണം കവര്‍ച്ചക്കിടെ നിരവധി വിലപ്പെട്ട രേഖകള്‍ കോടനാട് എസ്‌റ്റേറ്റില്‍ നിന്നു മോഷണം പോയെന്ന് പോലീസ് പറയുന്നു. എന്നാല്‍ ഏത് രേഖകളാണ് പോലീസിന് ഇപ്പോഴും പിടിയില്ല.

നീലഗിരിക്കടുത്ത് 800 ഏകറിലധികം ഭൂമിയില്‍ വരുന്നതാണ് കോടനാട് എസ്‌റ്റേറ്റ്. ജയലളിത മുഖ്യമന്ത്രിയായിരുന്ന കാലത്ത് വേനലവധി ചെലവഴിക്കാന്‍ ഇവിടെ എത്തിയിരുന്നു. എത്തുമ്പോഴെല്ലാം തോഴി ശശികലയും ഒപ്പമുണ്ടായിരുന്നു. സ്വര്‍ണവും മറ്റുമായി 2000 കോടി രൂപയുടെ വസ്തുക്കള്‍ ഇവിടെയുണ്ടെന്നാണ് കരുതുന്നത്.

ജയലളിതയ്ക്ക് തമിഴ്‌നാട്ടിലും പുറത്തും നിരവധി സ്വത്തുക്കളുണ്ട്. സ്ഥലും കെട്ടിടങ്ങളും ഉള്‍പ്പെടെയുള്ള സ്വത്തുക്കള്‍ പലതും ആരുടെ പേരിലാണെന്ന് വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍കെ നഗറില്‍ മല്‍സരിക്കുമ്പോള്‍ നല്‍കിയ പത്രികയില്‍ ജയലളിത ഈ സ്വത്തിനെ സംബന്ധിച്ച് പറഞ്ഞിരുന്നില്ല.

ജയലളിത കോടനാട് സ്വത്ത് സ്വന്തം പേരിലല്ല വാങ്ങിയിട്ടുള്ളതെന്നാണ് വിവരം. പല സ്വത്തുക്കളും ജയലളിത ബിനാമി പേരിലാണ് വാങ്ങിയിരുന്നത്. ചിലത് ശശികലയുടെ പേരും. മിക് സ്വത്തുക്കളും ചില പ്രമുഖര്‍ കൈവശപ്പെടുത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

തെലങ്കാനയിലെ സെക്കന്തരാബാദില്‍ ജയലളിതയ്ക്ക് സ്ഥലവും ആഢംബര വീടുമുണ്ടായിരുന്നു. ജയലളിത സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന ആദ്യകാലത്ത് വാങ്ങിയതാണ് സെക്കന്തരാബാദിലെ വീട്. എന്നാല്‍ ഇപ്പോള്‍ അത് ശശികലയുടെ പേരിലേക്ക് മാറ്റിയിട്ടുണ്ട്.

ജയലളിത ഹൈദരാബാദില്‍ സിനിമാ ചിത്രീകരണത്തിന് പോകുമ്പോഴാണ് സെക്കന്തരാബാദിലെ വീട്ടില്‍ താമസിച്ചിരുന്നത്. എന്നാല്‍ അവര്‍ അസുഖ ബാധിതയായി അപ്പോളോ ആശുപത്രിയില്‍ കഴിയുന്നതിന് തൊട്ടുമുമ്പ് ഇവിടെ മറ്റു ചിലര്‍ താമസിച്ചിരുന്നുവെന്ന് തദ്ദേശവാസികള്‍ പറഞ്ഞിരുന്നു.

തെലങ്കാനയിലെ വീട് ഇപ്പോള്‍ ശശികലയുടെ പേരിലേക്ക് മാറ്റിയിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഊട്ടി കോടനാട് എസ്‌റ്റേറ്റ് ഭൂമി ആരുടെ പേരിലാണെന്ന് സംശയം ഉയരുന്നത്. പ്രത്യേകിച്ച് ജയലളിത ഇത് തന്റേതാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പറയാത്ത സാഹചര്യത്തില്‍.

ജയലളിത മുഖ്യമന്ത്രിയായിരുന്നപ്പോള്‍ വേനല്‍കാലത്ത് സംസ്ഥാന ഭരണം നിയന്ത്രിച്ചരുന്നത് കോടനാട്ടെ ബംഗ്ലാവിലിരുന്നാണ്. സംസ്ഥാന ഭരണം നടത്താന്‍ വേണ്ട എല്ലാ സൗകര്യങ്ങളും ഈ ബംഗ്ലാവിലുണ്ട്. മുഖ്യമന്ത്രി അല്ലാത്തപ്പോഴും വേനല്‍കാലത്ത് ജയലളിത ഇവിടെയാണ് താമസിച്ചിരുന്നത്.

വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനമുള്ള ബംഗ്ലാവിന് ശക്തമായ സുരക്ഷാ സന്നാഹവും എപ്പോഴുമുണ്ടായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ജാഗ്രതയോടെ ഇരിക്കുന്നതിനാല്‍ ഒരാള്‍ക്കു പോലും ഇവരുടെ കണ്ണുവെട്ടിച്ച് അകത്ത് കടക്കാന്‍ സാധിക്കുമായിരുന്നില്ല.

എന്നാല്‍ ഇപ്പോള്‍ സാഹചര്യങ്ങള്‍ മാറിമറിഞ്ഞു. ജയലളിത മരിച്ചു. ശശികല അഴിമതിക്കേസില്‍ ജയിലിലായി. ശശികലയുടെ സഹോദരി പുത്രന്‍ ടിടിവി ദിനകരന്‍ കൈക്കൂലിക്കേസില്‍ ദില്ലി പോലീസിന്റെ കസ്റ്റഡിയിലുമാണ്. കുറച്ച് ജീവനക്കാര്‍ മാത്രമാണ് ഇപ്പോള്‍ എസ്‌റ്റേറ്റിലുള്ളത്. അതിനിടെയാണ് കവര്‍ച്ചാ ശ്രമവും കൊലപാകവും.

ജയലളിതയുടെയും ശശികലയുടെയും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ സംബന്ധിച്ച രേഖകള്‍ ഇവിടെ സൂക്ഷിച്ചിരുന്നുവെന്നാണ് പോലീസ് കരുതുന്നത്. കവര്‍ച്ചക്കിടെ ഇവയില്‍ പലതും നഷ്ടപ്പെട്ടുവെന്നും കരുതുന്നു. എന്നാല്‍ ഏത് രേഖകള്‍ നഷ്ടപ്പെട്ടുവെന്ന് പോലീസ് പറയുന്നില്ല.

ശശികലയുടെ കുടുംബമായ മന്നാര്‍ഗുഡി മാഫിയ എന്നറിയപ്പെടുന്ന സംഘത്തിന്റെ പേരിലാണ് ജയലളിതയുടെ പല സ്വത്തുക്കളുമെന്ന് ആരോപണമുണ്ട്. ശശികലയ്ക്കും അവരുടെ അടുത്ത ബന്ധുക്കള്‍ക്കും മാത്രമാണ് ജയലളിതയുടെ സ്വത്ത് സംബന്ധിച്ച് വിവരമുള്ളത്.

കോടനാട് എസ്റ്റേറ്റില്‍ കോടികളുടെ സ്വര്‍ണവും ഭൂമി രേഖകളും ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്ന് മുമ്പും റിപ്പോര്‍ട്ടുണ്ടായിരുന്നു. കവര്‍ച്ചയിലും കൊലപാതകത്തിലും മന്നാര്‍ഗുഡി മാഫിയക്ക് പങ്കുണ്ടോ എന്ന കാര്യം അന്വേഷിക്കണമെന്ന് അണ്ണാഡിഎംകെ വിമത നേതാവ് ഒ പനീര്‍ശെല്‍വം ആവശ്യപ്പെട്ടു. എസ്റ്റേറ്റില്‍ നിന്നു ജയലളിതയുടെ സ്വത്ത് വിവരങ്ങള്‍ അടങ്ങിയ സ്യൂട്ട്‌കേസുകള്‍ മോഷ്ടിക്കപ്പെട്ടത് സംബന്ധിച്ച് വ്യക്തത വേണമെന്നും പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു. സിബിഐ അന്വേഷണം വേണമെന്നാണ് ബിജെപിയുടെ ആവശ്യം.












Click it and Unblock the Notifications