പാക് മുന്‍ സൈനികന് പത്മശ്രീ; ആരാണ് കേണല്‍ ഖാസി സജ്ജാദ് അലി; ഇന്ത്യയുടെ അംഗീകാരത്തിന് പിന്നില്‍
ദില്ലി: രാജ്യത്തെ പരമോന്നത ബഹുമതികളായ പത്മ പുരസ്‌കാരങ്ങള്‍ കഴിഞ്ഞ ദിവസമാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിതരണം ചെയ്തത്. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരും സംഭാവനകള്‍ നല്‍കിയവരുമാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. എന്നാല്‍ പുരസ്‌കാരം സ്വീകരിച്ചവരില്‍ വേറിട്ടുനില്‍ക്കുന്ന ഒരു പേരുണ്ടായിരുന്നു.
പാക് കേണല്‍ (റിട്ട.) ഖാസി സജ്ജാദ് അലി സാഹിര്‍. പാകിസ്ഥാനില്‍ പട്ടാളസേവനം അനുഷ്ടിച്ച അദ്ദേഹത്തെ ഇപ്പോള്‍ രാജ്യം പത്മശ്രി നല്‍കി ആദരിച്ചിരിക്കുകയാണ്. ഒരു പാക് പട്ടാളക്കാരന് എന്തിന് വേണ്ടിയാണ് ഇന്ത്യ പത്മശ്രി നല്‍കി ആദരിച്ചതെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. പത്മശ്രി പുരസ്‌കാരം നല്‍കാന്‍ ആരാണ് ഖാസി സജ്ജാദ് അലി സാഹിര്‍. വിശദാംശങ്ങളിലേക്ക്....

ഈ പാക് സൈനികന്റെ കഥ, വളരെ രസകരവും ധീരത നിറഞ്ഞതുമാണ്. 1971-ലെ യുദ്ധത്തില്‍ ബംഗ്ലാദേശിന്റെ മോചനത്തിനും ഇന്ത്യയുടെ വിജയത്തിലേക്കും നയിച്ച പാക് സൈനികനാണ് ഖാസി സജ്ജാദ് അലി. ഇന്ത്യയും ബംഗ്ലാദേശും 1971-ലെ വിമോചനയുദ്ധത്തിന്റെ 50 വര്‍ഷം ആഘോഷിക്കുമ്പോള്‍, ഈ വര്‍ഷം ആകസ്മികമായി 71 വയസ്സ് തികയുന്ന ലെഫ്റ്റനന്റ് കേണല്‍ സാഹിറിന് നല്‍കിയ ഈ അവാര്‍ഡിന് ഒരു പ്രത്യേക അര്‍ത്ഥമുണ്ട്.

ഇത്രയും വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പാകിസ്ഥാന്‍ വെറുപ്പോടെ കാണുന്ന ഉദ്യോഗസ്ഥനാണ് ഖാസി സജ്ജാദ് അലി. തന്റെ പേരില്‍ ഇപ്പോഴും പാകിസ്ഥാനില്‍ വധശിക്ഷയുണ്ടെന്ന് ആ വിധി ഇപ്പോഴും തന്നെ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു. 20ാം വയസ്സില്‍ ലഫ്റ്റനന്റ് കേണലായ സാഹിര്‍ സിയാല്‍കോട്ട് സെക്ടറില്‍ പാകിസ്ഥാന്‍ ആര്‍മിയിലെ ഉദ്യോഗസ്ഥനായിരുന്നു. കിഴക്കന്‍ പാക്കിസ്ഥാന്റെ വിമോചനത്തിനുശേഷം, അദ്ദേഹം ബംഗ്ലാദേശ് സൈന്യത്തിലാണ് സേവനം അനുഷ്ടിച്ചത്.

മികച്ച ഉദ്യോഗസ്ഥനായ ഖാസി സജ്ജാദ് അലിക്ക് ഇന്ത്യയിലെ ധീരതയ്ക്കുള്ള വീര്‍ ചക്രയുടെ തത്തുല്യമായ ബിര്‍ പ്രോടിക് നല്‍കി ആദരിച്ചിരുന്നു. ബംഗ്ലാദേശിന്റെ പരമോന്നത സിവില്‍ ബഹുമതിയായ സ്വാധിനത പദക് ലഭിച്ചിരുന്നു. ഇപ്പോള്‍ ഇന്ത്യ, പരമോന്നത സിവിലിയന്‍ ബഹുമതികളിലൊന്നായ പത്മശ്രീ നല്‍കി ആദരിച്ചിരിക്കുകയാണ്.

സിയാല്‍കോട്ട് സെക്ടറില്‍ നിയമിതനായ അദ്ദേഹം 1971 മാര്‍ച്ചിലാണ് ഇന്ത്യയിലേക്ക് കടക്കുന്നത്. മുന്‍ കിഴക്കന്‍ പാകിസ്ഥാനില്‍ നിന്ന് പാക് സൈന്യത്തിന്റെ അതിക്രമങ്ങളുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും കൊടുമുടിയിലെത്തിയപ്പോഴാണ് അദ്ദേഹം ഇന്ത്യയിലേക്ക് കടന്നത്. അന്ന് പോക്കറ്റില്‍ വെറും 20 രൂപയും മാപ്പുകളും മറ്റ് രേഖകളും മാത്രമായാണ് അദ്ദേഹം ഇന്ത്യയിലേക്ക് എത്തിയത്.

പാകിസ്ഥാന്‍ ചാരനാണെന്ന് സംശയിച്ച്, അതിര്‍ത്തിയില്‍ വെച്ച് ഇന്ത്യന്‍ സൈന്യം അദ്ദേഹത്തെ പിടികൂടുകയും പിന്നീട് പത്താന്‍കോട്ടിലേക്ക് കൊണ്ടുപോയി മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയും ചെയ്തു. എന്നാല്‍ പാകിസ്ഥാന്‍ സേനയുടെ വിന്യാസത്തിന്റെ രേഖകള്‍ ഹാജരാക്കിയപ്പോഴാണ് ഉദ്യോഗസ്ഥര്‍ക്ക് ഇത് ഗുരുതരമായ കാര്യമാണെന്ന് അറിയുന്നത്. പിന്നാലെ അദ്ദേഹത്തെ ഡല്‍ഹിയിലേക്ക് അയച്ചു, അവിടെ അദ്ദേഹം മാസങ്ങളോളം സുരക്ഷിത ഭവനത്തില്‍ താമസിപ്പിക്കുകയായിരുന്നു.












Click it and Unblock the Notifications