ബിഹാറിലെ മോദി രണ്ടാമന്‍: ആരാണീ സുശീല്‍ കുമാര്‍ മോദി?
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ പ്രധാന പ്രചാരകന്‍ നരേന്ദ്ര മോദിയായിരുന്നു. പൊതുതിരഞ്ഞെടുപ്പ് അവസാനിച്ചിട്ടും മോദി തരംഗം അവസാനിച്ചില്ല. മഹാരാഷ്ട്രയും ഹരിയാനയുമെല്ലാം മോദി പ്രഭാവത്തില്‍ ബി ജെ പിയുടെ ഭരണത്തിന്‍ കീഴിലായി. എന്നാല്‍ ബിഹാറില്‍ മോദിപ്രഭാവം മാത്രം മതിയാകില്ല ബി ജെ പിക്ക് ജയിക്കാന്‍. നിതീഷ് കുമാര്‍ അടക്കമുള്ള പ്രാദേശിക നേതാക്കന്മാരുടെ പ്രഭാവം തന്നെ കാരണം.
ബിഹാറില്‍ നിതീഷ് കുമാറിനെയും കോണ്‍ഗ്രസിനെയും ഒരുമിച്ച് നേരിടുന്ന ബി ജെ പിയുടെ മുന്‍നിര നേതാവും ഒരു മോദിയാണ്. സുശീല്‍ കുമാര്‍ മോദി. കറതീര്‍ന്ന ആര്‍ എസ് എസ് പ്രവര്‍ത്തകനും മികച്ച സംഘാടകനുമാണ് മോദി. ബിഹാറില്‍ ബി ജെ പി ജയിച്ചാല്‍ മോദിയാകും മുഖ്യമന്ത്രിയെന്നാണ് അണിയറയിലെ സംസാരം. നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും തിളങ്ങിയ പരിചയവുമുണ്ട് മോദിക്ക്. കാണൂ, സുശീല്‍ കുമാര്‍ മോദിയെക്കുറിച്ച്.

മോദിയുടെ പ്രായം
പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കാള്‍ ഒരു വയസിന് ഇളപ്പമാണ് സുശീല്‍ കുമാര്‍ മോദി. 63 വയസ്. ബിഹാറിലെ ബനിയ കുടുംബത്തിലാണ് ജനനം. അച്ഛന്‍ മോത്തി ലാല്‍ മോദി. അമ്മ രത്‌നാ ദേവി.

പഠനമുപേക്ഷിച്ച് രാഷ്ട്രീയം
പട്‌നയിലെ ബി എന്‍ കോളജില്‍ നിന്നും ബി എസ് ബിരുദധാരിയാണ്. എം എസ് സിക്ക് പഠിക്കുമ്പോഴാണ് ജയപ്രകാശ് നാരായണന്റെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തില്‍ ആകൃഷ്ടനാകുന്നത്. അതോടെ പഠനവും നിന്നു.

മലയാളിയാണ് ഭാര്യ
സുശീല്‍ കുമാര്‍ മോദിയുടെ ഭാര്യ ജെസി ജോര്‍ജ് മറുനാടന്‍ മലയാളിയാണ്. 1987 ലാണ് മുംബൈക്കാരിയായ ജെസ്സിയുമായി സുശീല്‍ മോദി പ്രണയവിവാഹിതനാകുന്നത്.

സ്വയംസേവകന്‍
പത്താമത്തെ വയസ്സില്‍ രാഷ്ട്രീയ സ്വയം സേവക് സംഘത്തിലെത്തിയതാണ് മോദി. ഒ ടി സി കഴിഞ്ഞ് വിസ്താരക് ആയി സംഘടനാ പ്രവര്‍ത്തനം തുടര്‍ന്നു.

വീട്ടുകാരെ എതിര്‍ത്തു, ബിസിനസ് വിട്ടു
റെഡിമെയ്ഡ് തുണിത്തരങ്ങളുടെ ബിസിനസായിരുന്നു മോദിയുടെ കുടുംബത്തിന്. എന്നാല്‍ ബിസിനസില്‍ ചേരാനല്ല രാഷ്ട്രീയമാണ് മോദി തന്റെ ജീവിതമായി തിരഞ്ഞെടുത്തത്.

നിയമസഭയിലേക്ക്
1990 ല്‍ പട്‌നയില്‍ നിന്നും അസംബ്ലിയിലേക്ക് മത്സരിച്ച് ജയിച്ചാണ് രാഷ്ട്രീയത്തില്‍ തിരഞ്ഞെടുപ്പ് സജീവമാകുന്നത്. 1995 ലും 2000 ലും വീണ്ടും ജയിച്ചു.

പ്രതിപക്ഷ നേതാവ്
1996 മുതല്‍ 2004 വരെ ബിഹാറിലെ പ്രതിപക്ഷ നേതാവായിരുന്നു. 2004 ല്‍ ലോക്‌സഭയിലേക്ക് മത്സരിച്ച് ജയിച്ചു സഹമന്ത്രിയായി.

ലാലുവിനെതിരെ
വിവാദമായ കാലിത്തീറ്റ കുംഭകോണക്കേസില്‍ ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവിനെതിരെ പട്‌ന ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത് മോദിയാണ്. ഈ കേസോടെ ലാലുവിന്റെ മുഖ്യമന്ത്രിക്കസേര തെറിച്ചു.

2010ല്‍ ഉപമുഖ്യമന്ത്രി
2010ല്‍ ബിഹാറില്‍ എന്‍ ഡി എ സഖ്യം അധികാരത്തില്‍ വന്നു. നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായപ്പോള്‍ സുശീല്‍ മോദിയായിരുന്നു ഉപമുഖ്യമന്ത്രി.

മുഖ്യമന്ത്രി സ്ഥാനത്തേക്ക്
പരിചയസമ്പത്തും നേതൃപാടവവും ഒത്തിണങ്ങിയ സുശീല്‍ കുമാര്‍ മോദിയാകും ബി ജെ പി ജയിച്ചാല്‍ ബിഹാറിലെ അടുത്ത മുഖ്യമന്ത്രി എന്ന് കരുതപ്പെടുന്നു. ആര്‍ എസ് എസിനും പാര്‍ട്ടി നേതൃത്വത്തിനും സമ്മതനാണ് ഈ മോദി.












Click it and Unblock the Notifications